തിരികെമടങ്ങുന്നു ഞാൻ ജീവിത
പെരുവഴിപ്പാതി പിന്തിരിഞ്ഞെന്റെ
പൂർവസൂരികൾ തപഃ കന്ദരങ്ങളിൽ
ധ്യാനനിമഗ്നരായിരുന്നഗ്നി സ്പുടം
ചെയ്തെടുത്തയറിവിന്റെ ഏടുകൾതേടി….
സനാതനത്തിന്റ താഴ്‍വരകളിലേക്കിന്നും
അനർഗളം നിർഗ്ഗമിക്കുന്ന ജീവിതോപനിഷിത്തിന്റെ
സാരസർവ്വസ്വ ഗംഗതൻ കൈവഴികൾ തേടി…
പ്രാപഞ്ചിക പരിണാമ നിർമിതികൾ
പടുത്തുയർത്തിയ ആധാര ശിലകൾ
കണ്ടെത്തിയടയാളം ചെയ്തൊരു
ഇതിഹാസങ്ങളിലേ അമൃതാക്ഷരങ്ങൾ തേടി…
മന്വന്തരങ്ങൾക്കറിവിന്റെ പൂനിലാമഴ ചൊരിഞ്ഞ
പുരാനവങ്ങളുടെ, കാലപ്പഴക്കത്തിലും
കത്തിജ്വലിക്കുന്ന ജീവിത ഗന്ധിയാം അഷ്ട്ടാദശ
സൗരഭ്യസംഗീതസാന്ദ്രദല
വൃക്ഷവേരുകൾ തേടി,
അതിൻ ജന്മജന്മാന്തര കനിമധുര സ്വാദുതേടി….
നാകത്തിന്നിരിപ്പിടം മുതൽ സൗരയൂഥത്തിന്റെ
ഓരോ കണികയുമളന്നെടുതത്തൊരു
അറിവിൻ കലവറപത്തായം നിറച്ച
വേദവേദാന്തസാര സർവ്വ
സന്നിധാനങ്ങൾ തേടി…
തീർത്ഥാടനങ്ങളാടി തിരികേ മടങ്ങുവാനല്ല,
ആദിയുഷസ്സിൻ തിരി തെളിഞൊരംശുവിൽ
വിലയിക്കണമത്രെ, അതിനായെന്റെയീ ജന്മതീർത്ഥാടനം…..











