ജീവന്റെ വിലയുള്ള അന്ത്യഅത്താഴം :

Facebook
Twitter
WhatsApp
Email

ജീവന്റെ വിലയുള്ള അന്ത്യഅത്താഴം : ആൻസി സാജൻ
ഇന്ന് പെസഹാ ദിനം . ഭൂമിയിലെ ജീവിതം അവസാനിക്കുന്നതിനു മുൻപ് താൻ സ്നേഹിച്ച ശിഷ്യർക്കൊപ്പം യേശു അന്ത്യഅത്താഴം കഴിച്ചതിന്റെ ഓർമ്മ ദിവസം.
യേശുവിനെ ചതിവിൽ പിടികൂടി വധിക്കേണ്ടത് എങ്ങനെയെന്നെ ഗൂഢാലോചനയിലായിരുന്നു പ്രധാന പുരോഹിതൻമാരും നിയമജ്ഞരുമപ്പോൾ. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിൽ , പെസഹാ ദിനങ്ങളിൽ അത് നടപ്പാക്കിയാൽ ജനം ബഹളമുണ്ടാക്കുമെന്ന് അവർ മുന്നേ കണ്ടു.
വലിയ വേദനകളുടെ ആരംഭമെത്തുന്നുവെന്നറിവുള്ള ദൈവപുത്രൻ തനിക്ക് പെസഹാ ഒരുക്കുവാൻ ശിഷ്യരെ നഗരത്തിലെ ഗൃഹനാഥന്റെ വലിയ മാളികമുറി സജ്ജീകരിക്കുവാനയയ്ക്കുകയാണ്. സന്ധ്യയായപ്പോൾ അവർ പന്ത്രണ്ടുപേരും ഒരുമിച്ചുവന്നു. പുരോഹിതരിൽനിന്നു പണംപറ്റി ഗുരുവിനെ ഒറ്റുകൊടുക്കാൻ അവസരം പാർത്തിരുന്ന യൂദാസിനെയും കർത്താവ് അരികിലിരുത്തി. പന്ത്രണ്ടു പേരിൽ തന്നോടൊപ്പം പാത്രത്തിൽ കൈമുക്കുന്നവൻ തന്റെ രക്തം ചിതറിക്കുവാൻ കാരണക്കാരനാകും എന്ന അറിവിന്റെ വലിയ ദു:ഖത്തിലും എഴുതപ്പെട്ടത് കഴിഞ്ഞുപോകാൻ കാത്തുനിന്ന് അപ്പവും വീഞ്ഞും പങ്കുവെച്ച് ജീവന്റെ വിലയുള്ള അത്താഴമാണ് സ്നേഹിതർക്കൊപ്പം യേശു ഭുജിച്ചത്.
ഇടയനെ അടിച്ച് പായിക്കുമ്പോൾ ആടുകൾ ചിതറി നാനാവിധമാകുമെന്ന് ദൈവപുത്രൻ പറയുമ്പോൾ ഞാൻ ഇടറുകയില്ല എന്ന് പത്രോസ് അവനോട് പറയുന്നു. യേശു പുഞ്ചിരിച്ചിരിക്കണം. ഈ രാത്രിയിൽ തന്നെ കോഴി രണ്ടു പ്രാവശ്യം കൂവുന്നതിനു മുന്നേ നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്ന് ദൈവപുത്രൻ പറയുമ്പോൾ നിന്റെയൊപ്പം മരിക്കേണ്ടി വന്നാലും ഞാൻ നിന്നെ നിഷേധിക്കുകയില്ല എന്നാണ് പത്രോസ് തറപ്പിച്ചു പറയുന്നത്. എല്ലാവരും അത് തന്നെ പറഞ്ഞു. എന്നാൽ ഒറ്റുകാരൻ ഒറ്റുകയും തള്ളിപ്പറയേണ്ടവൻ അങ്ങനെ ചെയ്യുകയും ചെയ്തു. കർത്താവിനെ ബന്ധിതനാക്കുമ്പോഴേയ്ക്കും ശിഷ്യരെല്ലാം ഓടിയൊളിച്ചിരുന്നു. പുതപ്പ്മാത്രം ശരീരത്ത് ചുറ്റി അനുഗമിച്ച യുവാവ് ഒടുവിൽ ആ പുതപ്പ് എറിഞ്ഞുകളഞ്ഞ് നഗ്നനായി ഓടി രക്ഷപെടുകയായിരുന്നു. എന്നാൽ പിന്നീട് അവരെല്ലാം ഹൃദയം നൊന്ത് , ഉള്ളുരുകി കരഞ്ഞിരിക്കണം.
പുരോഹിത പ്രമുഖർ പല കുറ്റങ്ങളും യേശുവിന്റെ മേൽ ആരോപിച്ചു. അത് കേട്ടിട്ട് ‘നോക്കൂ എത്ര കുറ്റങ്ങളാണ് നിന്റെ മേൽ അവർ ആരോപിക്കുന്നത് ! നിനക്കു മറുപടിയൊന്നും പറയാനില്ലേ.. ‘എന്ന് പീലാത്തോസ് പിന്നെയും ചോദിക്കുമ്പോൾ യേശു ഒരു മറുപടിയും പറയാത്തതിൽ അയാൾ വിസ്മയിച്ചു.
അങ്ങനെ ദുഃഖവെള്ളിയുടെ പാനപാത്രം വിധിപോലെ ഒഴിഞ്ഞുപോയി . രക്തമെല്ലാം വാർന്ന് പീഡകളെല്ലാം സഹിച്ച് ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് അവൻ ജീവൻ വെടിഞ്ഞു.
മനുഷ്യരാശിക്കു വേണ്ടി രക്തമൊഴുക്കുകയും പീഡാനുഭവങ്ങളേൽക്കുകയും ചെയ്യുന്നവർക്കെല്ലാം ആദരവുകളർപ്പിച്ചു കൊണ്ട് വലിയ ആഴ്ചയുടെ സുകൃതങ്ങൾ നേരുന്നു.
ancysajans@gmail.com

About The Author

Leave a Reply

Your email address will not be published. Required fields are marked *