മസ്‌കിനെ തുരത്താന്‍ ‘പോയിസണ്‍ പില്‍’: പതിനെട്ടാമത്തെ അടവ് പുറത്തെടുത്ത് ട്വിറ്റര്‍

Facebook
Twitter
WhatsApp
Email

ഡൽഹി∙ ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല ഉടമയുമായ ഇലോൺ മസ്ക് ബലമായി ഏറ്റെടുക്കുന്നത് തടയാനായി ‘പതിനെട്ടാമത്തെ അടവുമായി’ ട്വിറ്ററിന്റെ ഡയറക്ടർ ബോർഡ്. മസ്കിന്റെ കയ്യിൽ അകപ്പെടാതിരിക്കാനായി ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ അഥവാ ‘പോയിസൺ പിൽ’ (വിഷഗുളിക) എന്ന കോർപറേറ്റ് തന്ത്രം നടപ്പാക്കാനാണ് ട്വിറ്ററിന്റെ തീരുമാനം.

ശ്രീലങ്കയുടെ കടബാധ്യത 45 ബില്യൻ ഡോളർ; ട്വിറ്ററിന് മസ്കിന്റെ ഓഫർ  43 ബില്യൻ ഡോളർ!
WORLD
ശ്രീലങ്കയുടെ കടബാധ്യത 45 ബില്യൻ ഡോളർ; ട്വിറ്ററിന് മസ്കിന്റെ ഓഫർ 43 ബില്യൻ ഡോളർ!

നിലവിൽ കമ്പനിയിൽ 9.1 ശതമാനം ഓഹരിയുള്ള ഇലോൺ മസ്ക്കിന്റെ ഓഹരിവിഹിതം ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കൽ ചെലവേറിയതാക്കുകയുമാണ് ലക്ഷ്യം. നിക്ഷേപകതാൽപര്യത്തിനു വിരുദ്ധമാണ് നീക്കമെന്നും ഇതുണ്ടാക്കുന്ന ബാധ്യത ‘ടൈറ്റാനിക്’ പോലെ വലുതായിരിക്കുമെന്നും ഇലോൺ തിരിച്ചടിച്ചു.

ഒരു കമ്പനിക്ക് താൽപര്യമില്ലാത്തപ്പോൾ അതിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്ന ‘ഹോസ്റ്റൈൽ ടേക്ക്ഓവർ’ രീതി തടയാൻ സ്വീകരിക്കുന്ന അവസാനമാർഗമാണ് ‘ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ’. ശത്രുരാജ്യത്തിന്റെ പിടിയിൽ അകപ്പെടുമെന്ന് ഉറപ്പാകുമ്പോൾ പല രാജ്യങ്ങളിലും ചാരന്മാരും സൈനികരും ആത്മഹത്യ ചെയ്യാൻ കയ്യിൽ വിഷഗുളിക കരുതുന്ന രീതിയുണ്ടായിരുന്നു. ശത്രുവിന്റെ മൃഗീയമായ പീഡനം, ചോദ്യംചെയ്യൽ എന്നിവ ഒഴിവാക്കാൻ സ്വീകരിക്കുന്ന മാർഗമാണ് ഈ ആത്മഹത്യ.

എങ്ങനെ?

ഒരു വ്യക്തിയുടെ ഓഹരിവിഹിതം നിശ്ചിത തോത് കടക്കുകയും അയാൾ കമ്പനിയെ ബലമായി വാങ്ങാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അധികഓഹരികൾ വിപണിയിൽ ഇറക്കുന്നതാണ് ‘പോയിസൺ പിൽ’ രീതി. ഈ ഓഹരികൾക്ക് വിലകുറവായിരിക്കും. അതുവഴി ആളുകൾ കൂടുതൽ ഓഹരി വാങ്ങുകയും അയാൾക്ക് കമ്പനിയിലുള്ള മൊത്തം ഓഹരി ശതമാനം കുറയുകയും ചെയ്യും.

ഉദാഹരണത്തിന്, 100 ഓഹരി ഒരു കമ്പനിക്കുണ്ടെന്നു കരുതുക. ഇതിൽ 10 ശതമാനം ഓഹരിയുള്ള ഒരാൾ കമ്പനിയെ ബലമായി ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഇതൊഴിവാക്കാൻ കമ്പനി അധികമായി കുറഞ്ഞ വിലയ്ക്ക് 60 ഓഹരി കൂടി വിപണിയിൽ ഇറക്കുന്നു. ആകെ 160 ഓഹരിയായതിനാൽ ഇയാളുടെ ഓഹരിവിഹിതം 6.25 ശതമാനമായി കുറയും. ഇനി കമ്പനി ഏറ്റെടുക്കാൻ അവസരം ലഭിച്ചാൽത്തന്നെ 100 നു പകരം 160 ഓഹരി ഉയർന്ന വിലയ്ക്ക് വാങ്ങണം. ഇത് ചെലവേറുമെന്നതിനാൽ പലരും പിന്മാറും. ഏറ്റെടുക്കൽ തടയാമെങ്കിലും ഹ്രസ്വകാലത്തേക്കെങ്കിലും കമ്പനിയുടെ ഓഹരിമൂല്യം കുറയുമെന്നതിനാലാണ് ഇതിനെ അവസാനത്തെ ശ്രമമായി കണക്കാക്കുന്നത്.

ട്വിറ്ററിൽ 15 ശതമാനത്തിലധികം ഓഹരി ഒരാൾ സ്വന്തമാക്കിയാൽ ‘പോയിസൺ പിൽ’ രീതി പ്രാബല്യത്തിൽ വരും. 15 ശതമാനം എടുത്തയാൾ ഒഴികെ ബാക്കിയെല്ലാവർക്കും അധികഓഹരി വാങ്ങാം. ഈ രീതി 2023 ഏപ്രിൽ 14 വരെ തുടരും. അതേസമയം, ഈ രീതി പ്രാബല്യത്തിലിരിക്കുമ്പോൾ പോലും നിക്ഷേപകരുടെ താൽപര്യം മുൻനിർത്തി ഡയറക്ടർ ബോർഡിനു വേണമെങ്കിൽ ഏറ്റെടുക്കലിലേക്കും പോകാം.

നെറ്റ്‍ഫ്ലിക്സിനെ രക്ഷിച്ച തന്ത്രം

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്‍ഫ്ലിക്സിനെ 2012 ൽ ഏറ്റെടുക്കാൻ ശ്രമമുണ്ടായപ്പോൾ അതിനെ നേരിട്ടതും ഇതേ തന്ത്രമുപയോഗിച്ചാണ്. നെറ്റ്‍ഫ്ലിക്സിനെ ആമസോണോ മൈക്രോസോഫ്റ്റോ ഏറ്റെടുക്കുന്നതായിരിക്കും ഉചിതമെന്ന് കമ്പനിയിൽ 9.98% ഓഹരിയുണ്ടായിരുന്ന പ്രമുഖ അമേരിക്കൻ നിക്ഷേപകൻ കാൾ ഐക്കൻ നിർദേശിച്ചു. ഇതോടെ, ആരെങ്കിലും 10% ഓഹരിയെടുത്താൽ ‘പോയിസൺ പിൽ’ രീതി പ്രാബല്യത്തിൽ വരുമെന്ന് നെറ്റ്‍ഫ്ലിക്സ് തീരുമാനിച്ചു. ഇതോടെ ഐക്കൻ കൂടുതൽ ഓഹരി വാങ്ങിയില്ലെന്നു മാത്രമല്ല, ഉള്ളത് പതിയെ വിറ്റുതുടങ്ങുകയും ചെയ്തു. ഭീതി ഒഴിഞ്ഞതോടെ 2013ൽ ‘പോയിസൺ പിൽ’ രീതി നെറ്റ്‍ഫ്ലിക്സ് പിൻവലിച്ചു.

English Summary: Elon Musk’s bid for Twitter prompts employee worries

About The Author

Leave a Reply

Your email address will not be published. Required fields are marked *