LIMA WORLD LIBRARY

2022ഏപ്രിൽ 12 – മഹാകവി കുമാരനാശാന്റെ 150 ആം ജന്മവാർഷികം .

ഹാ ! പുഷ്പമേ ,അധി
ക തുംഗ പദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു
രാജ്ഞി കണക്കയേ നീ
ശ്രീ ഭുവിലസ്ഥിര —
അസംശയ —മിന്നു
നിന്റെ
യാഭൂതിയെങ്ങു ,
പുനരെങ്ങു
കിടപ്പിതോർത്താൽ ?

[ വീണപൂവ് –കുമാരനാശാൻ ]

ഇരുപത്തിനായിരത്തില്പരം വരികളിൽ വ്യാപിച്ചു കിടക്കുന്ന 17 കൃതികളാണ് ആശാന്റെ കാവ്യസമ്പത് .
ആശാന്റെ പ്രശസ്‌തമായ വിലാപകാവ്യമാണ് ‘പ്രരോദനം ‘
ഗുരുവും വഴികാട്ടിയുമായ ഏ .ആർ .രാജരാജവർമ്മയുടെ മരണത്തിൽ വിലപിച്ചു കൊണ്ട് ആശാൻ രചിച്ച കാവ്യമാണ് പ്രരോദനം .

വീണപൂവ് ,നളിനി ,ലീല ,ചിന്താവിഷ്ടയായ സീത , ചണ്ഡാലഭിക്ഷുകി ,ദുരവസ്ഥ ,കരുണ ..എന്നിവയാണ് ആശാന്റെ പ്രസിദ്ധ കൃതികൾ
അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ ഏറ്റവും പ്രചാരം കിട്ടിയ ‘കരുണ ‘ യാണ് .
1873 ഏപ്രിൽ 12ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ
കായിക്കര ഗ്രാമത്തിൽ തൊമ്മൻ വീട്ടിൽ നാരായണൻ പെരുങ്ങാടിയുടെയും കാളിയമ്മയുടെയും 9മക്കളിൽ രണ്ടാമനായാണ് ആശാന്റെ ജനനം .കുമാർ എന്നാണ് മാതാപിതാക്കൾ ആ ബാലനെ വിളിച്ചിരുന്നത് .ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്ന കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥപറയൽ .അച്ഛൻ ആലപിക്കുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു .താനും കവിതകൾ എഴുതുമെന്ന് കൊച്ചുകുമാരു സ്വപ്നം കണ്ടു .

ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയതാണ് കുമാരനാശാന്റെ ജീവിതത്തിലെ വഴിത്തിരിവ് .
കിട്ടുന്ന പുസ്തകങ്ങളെല്ലാം ആർത്തിയോടെ വായിക്കുന്ന സ്വഭാവവും കുമാരുവിന് ഉണ്ടായിരുന്നു .സംസ്‌കൃതഭാഷ ,ഇംഗ്ലീഷ്ഭാഷ പഠനമുൾപ്പെടെ പലതും നേടിയെടുത്തത് ആ കണ്ടുമുട്ടലിലൂടെയായിരുന്നു .
ഡോ .പൽപ്പുവിന്റെ കൂടെ ബംഗളൂരുവിലും ,കൽക്കത്തയിലും താമസിച്ചു പഠിക്കുന്ന കാലത്ത് രവീന്ദ്രനാഥ് ടാഗോർ ,ശ്രീരാമകൃഷ്ണ പരമഹംസർ തുടങ്ങിയവരുമായി ബന്ധമുണ്ടാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു .
മലയാള കവിതയുടെ കാല്പനിക വസന്തത്തിന്റെ തുടക്കം കുറിച്ച കവിയാണ് കുമാരനാശാൻ .

ആശാന്റെ കൃതികൾ കേരളീയ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി .
ആധുനിക കവിത്രയങ്ങളിൽ ഒരാളായ കുമാരനാശാൻ ഈ ലോകം വെടിഞ്ഞു ഇത്രയേറെ വർഷം കഴിഞ്ഞിട്ടും ഏറ്റവുമേറെ പഠനങ്ങളും നിരൂപണങ്ങളും ആസ്വാദനങ്ങളും വിമർശനങ്ങളും ആശാനെ സംബന്ധിച്ചായിരിക്കും കേരളത്തിൽ ഉണ്ടായിട്ടുള്ളത് .

ശ്രീനാരായണഗുരുവും ഡോ .പൽപ്പുവും മുൻകൈയെടുത്തു 1903 ജൂൺ 14ന് SNDP യോഗം സ്ഥാപിച്ചപ്പോൾ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തെരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു .

1922 ൽ നിയമസഭാംഗമായി .
1922ൽ വെയിൽസ് രാജകുമാരൻ ‘പട്ടും വളയും ‘നൽകി മഹാനായ കവിയെ ആദരിച്ചു .

ഒരു വലിയ കവി എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാൽ അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കുമാരനാശാന്റെ ജീവിതം .
സാമൂഹ്യമനുഷ്യനായി ഒരാൾ രൂപപ്പെടുകയും സമൂഹത്തിന്റെ രോഗങ്ങളെ ചികിത്സിക്കുന്ന ആത്മീയ ഡോക്ടർ ആയി മാറുകയും ചെയ്യുന്ന അത്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത് .

ശീലിച്ച ഭാഷയിൽ നിന്ന്
ആലോചനകളിൽ നിന്ന്
വഴക്കങ്ങളിൽ നിന്ന് രുചികളിൽ നിന്ന്
സമൂലമായ ഒരു മാറ്റം കൊണ്ടു വരുന്ന കവിയാണ് ഭാവുകത്വ ത്തെ മാറ്റുന്നവനായി അറിയപ്പെടുന്നത് .

“മാറ്റുവിൻ ചട്ടങ്ങളെ ” എന്ന് പറഞ്ഞത് —
സാമൂഹ്യ ,രാഷ്ട്രീയ ,അനാചാരങ്ങളെ മാത്രം ഉദ്ദേശിച്ചല്ല .
കവിതയുടെ ജീർണ്ണതയെയും ലക്ഷ്യം വെച്ചിരുന്നു .കവിത ജീർണ്ണിക്കുന്നത് കവികളെല്ലാം ഒരു പോലെ ചിന്തിക്കുമ്പോഴാണ് .എല്ലാവരും ഒരേ വൃത്തത്തിനുള്ളിൽ കറങ്ങികൊണ്ടിരിക്കുമ്പോൾ ഭാവുകത്വമില്ല .
ആശാൻ തൊട്ടതെല്ലാം പുതിയതായി .

1907 ലാണ് ‘വീണപൂവ് ‘പ്രസിദ്ധീകരിക്കുന്നത് .ആരും തന്നെ പ്രമേയമാക്കുകയില്ല വീണു കിടക്കുന്ന ഒരു പൂവിനെ .ആശാൻ ആഗോള തലത്തിൽ കാവ്യശാഖയെ മറ്റൊരു മാനത്തിൽ സമീപിക്കുന്നു എന്നാണ് ‘ വീണപൂവിൽ ‘ നിന്ന് നാം മനസ്സിലാക്കുന്നത് .
“വീണപൂവ് ” ഒരു കാമുകിയുടെ പ്രതീകമാണെന്ന് തോന്നുമെങ്കിലും തെറ്റാണത് .
“വീണപൂവ് “ഒരു വസ്തുവിനെ അതിന്റെ അനന്യതയിൽ നോക്കിക്കാണുകയാണ് ചെയ്യുന്നത് .
പൂവ് ,പൂവ് മാത്രമാണ് .പ്രതീകമല്ല .പൂവിന്‌ മറ്റൊന്നും ആകേണ്ട .
ലോകത്തെ ഓരോ വസ്തുവിനും ഇങ്ങനെ തനിച്ചൊരു ജീവിതമുണ്ട് .
പൂവ് പൂവിൽ തന്നെ അവസാനിക്കുന്നു .
അതിൽ
ഈ ലോകജീവിതത്തിന്റെ സാരം തേടുകയാണ് കവി .
ആശാൻ കവിതകളിലെ പ്രണയം .
പ്രണയത്തെ മനുഷ്യാത്മാവിന്റെ ഏറ്റവും ഉയർന്ന വിതാനമായി കാണാനാണ് ആശാൻ ഇഷ്ടപ്പെടുന്നത് .നളിനി ,ലീല എന്നീ കാവ്യങ്ങളിലൂടെ അത് തെളിയിച്ചു .
ലീലയിലെ പ്രണയം എങ്ങനെയാണ് മാംസത്തിന്റെയും കാമത്തിന്റെയും വിളികൾക്കപ്പുറത്തു അത് ശുദ്ധമായ മനുഷ്യത്മാവിന്റെ ഒരു സാധ്യതയാണ് .

മനുഷ്യ സാഹോദര്യ ത്തെ ഉയർന്ന തലത്തിൽ നോക്കിക്കാണുന്ന ദർശനമാണ് ആശാന്റെ മൂലധനം .
വാക്കുകളാകുന്ന പന്തങ്ങൾ
അനീതിക്കെതിരെ നിരന്തരമായി അദ്ദേഹം വാക്കുകളാകുന്ന പന്തങ്ങൾ വീശിയെറിഞ്ഞത് .

* മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റു —–
മതു കളി നി നിങ്ങളെത്താൻ .

*വെട്ടി മുറിക്കുക കാൽച്ചങ്ങല വിഭോ !
പൊട്ടിച്ചെറിയുക യീ ക്കൈ വിലങ്ങും .

*സ്നേഹമാണഖില സാര മൂഴിയിൽ
സ്നേഹ സാരമിഹ സത്യ മേകമാം .

*സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം .
കേരളഹൃദയത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാകവി കുമാരനാശാൻ 1924 ജനുവരി 16 ന് തന്റെ 51 ആം വയസ്സിൽ പല്ലനയാറ്റിൽ വച്ചുണ്ടായ റെഡീമീർ ബോട്ടപകടത്തിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു .

കുമാരനാശാന്റെ 150 ആം ജന്മദിനത്തിൽ പ്രഗത്ഭനായ കെ .പി .കുമാരൻ സംവിധാനം ചെയ്ത ” ഗ്രാമവൃക്ഷത്തിലെ കുയിൽ ” തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു .
ആശാനെ അറിയുക എന്ന ആഹ്വാനമാണ് ഈ ചിത്രം .
150ആം ജന്മദിനത്തിൽ മലയാളികളുടെ എക്കാലത്തും അഭിമാനമായ
സ്നേഹഗായകന്
സ്മരണാഞ്ജലി .
🙏🙏🌹🌹🙏🙏

A.S.Indira .

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px