ബ്രസൽസ് / കീവ് ∙ യുക്രെയ്ൻ – റഷ്യ യുദ്ധം 70 ദിവസം പിന്നിടുമ്പോൾ പുതിയ ഉപരോധ പദ്ധതിയുമായി യൂറോപ്യൻ യൂണിയൻ രംഗത്ത്. റഷ്യൻ എണ്ണ വാങ്ങുന്നത് ഈ വർഷം അവസാനത്തോടെ പൂർണമായി അവസാനിപ്പിക്കാനുള്ള നിർദേശമാണ് ആറാം ഘട്ട ഉപരോധ പാക്കേജിൽ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ദെർ ലെയെൻ മുന്നോട്ടുവച്ചത്.
യൂറോപ്യൻ യൂണിയനിലെ (ഇയു) 27 രാജ്യങ്ങളുടെയും അംഗീകാരം ലഭിക്കണം. യുക്രെയ്ൻ പുനരുദ്ധാരണ പദ്ധതിയും നിർദേശത്തിലുണ്ട്. എണ്ണ നിരോധന പദ്ധതിയുമായി സഹകരിക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ചില ഇയു രാജ്യങ്ങൾ നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
മരിയുപോളിലെ അസോവ്‌സ്റ്റാൾ ഉരുക്കു ഫാക്ടറിയിലെ സൈനികരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി യുക്രെയ്ൻ അധികൃതർ പറഞ്ഞു. ഇവിടെ റഷ്യൻ സേനയുടെ കനത്ത ആക്രമണം നടക്കുകയാണ്. മുപ്പതോളം കുട്ടികളെ ഇനിയും ഒഴിപ്പിക്കാനുണ്ട്.
ഇതേസമയം, കരിങ്കടലിലെ റഷ്യൻ മുങ്ങിക്കപ്പൽ യുക്രെയ്നിലേക്ക് മിസൈലാക്രമണം നടത്തി. മുങ്ങിക്കപ്പൽ ഉപയോഗിച്ചുള്ള ആക്രമണം കഴിഞ്ഞ മാസവും റഷ്യ നടത്തിയിരുന്നു. ആയുധങ്ങൾ എത്തിച്ചുനൽകുന്ന നാറ്റോ വാഹനങ്ങളെയും ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പുണ്ട്.
റഷ്യൻ ഓർത്തഡോക്സ് സഭാധ്യക്ഷനെ ഉപരോധപ്പട്ടികയിൽപ്പെടുത്തുന്നതും ഉർസുല വോൺ ദെർ ലെയെൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുദ്ധത്തെ അനുകൂലിച്ചു സംസാരിച്ച റഷ്യൻ ഓർത്തഡോക്സ് സഭാധ്യക്ഷൻ സർക്കാരിന്റെ ‘അൾത്താര ബാലനാ’ണെന്ന് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം പറഞ്ഞതിനെതിരെ റഷ്യയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
പോളണ്ടിലേക്കു പോയ ബസ് അപകടത്തിൽപെട്ടു; 26 മരണം
കീവ് ∙ പടിഞ്ഞാറൻ യുക്രെയ്നിൽ ബസും മിനി ബസും ഇന്ധന ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 26 പേർ മരിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രക്ക് പൊട്ടിത്തെറിച്ചു.
പോളണ്ടിലേക്കു പോകുകയായിരുന്ന ബസിലുണ്ടായിരുന്നത് അഭയാർഥികളാണോയെന്ന് അധികൃതർ വ്യക്തമാക്കിയില്ല. ബസിലും മിനി ബസിലുമുണ്ടായിരുന്നവരാണ് മരിച്ചവരിൽ 24 പേരും. 12 പേർക്കു പരുക്കേറ്റു.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War













