“മോനേ,
പൊന്നോമലേ
പൊന്നോമനത്തിങ്കൾ കിടാവേ…”,
മാതൃഹൃദയദലത്തിൽ
ഹൃദ്യമാം കാവ്യം വിരിഞ്ഞു
അധരങ്ങളേറ്റു മൂളി
അമ്മതൻ പൈങ്കിളി
ആലോലമാടി
നീലാഭയാർന്ന മുഖം പൂ വിടർത്തി…
ഈരേഴു ലോകവും
കണ്ടുകണ്ട്
വീടാകെയാനന്ദനൃത്തമാടി.
“മോനേ… പൊന്നോമനേ”,
മോനതു കേട്ടു കുണുങ്ങി
അരുതാത്ത കുസൃതിയും കാട്ടി
അമ്മയോ ശാസിച്ചു കണ്ണുരുട്ടി…
നാട്യമോ തോരാപരിഭവമോ,
കുഞ്ഞിൻ കണ്ണു കലങ്ങിയോ
കാതരയായമ്മ ചേർത്തണച്ചു
ചുണ്ടിലൊരീണം ചിലമ്പി,
“ചായുറങ്ങൂ പൊന്നുമുത്തേ”.
താരാട്ടിൽ മോനാകെ പൂത്തുലയേ
അമ്മേടെ മേനി വസന്തമായി
അച്ഛനോ കോരിത്തരിച്ചുപോയി.
“മോനേ…”,
വിറച്ചുപോയ് മൗനം
തരിച്ചുപോയ് വായു
അലക്ഷ്യമായ്
പുസ്തകത്താളിൽ മുഖം കമഴ്ത്തി
മോനുറങ്ങുന്നുവല്ലോ…
“തളിർമേനി വാടിയോ
നെറ്റി വിയർത്തുവോ
കുഞ്ഞിനെ കാക്കണേ
എൻ പുരാനേ”.
നീൾമുടിയിഴകളിൽ
തൂവിരൽസ്പർശം
വർണ്ണാക്ഷരങ്ങളായി
കണ്ണീരിലമ്മതൻ
മാറിടമാകെ കുതിർന്നു
കാറ്ററിയാതെ ഒഴുകിയമ്മ
കടലറിയാതെ തിരകളായി
തെക്കിനിയിൽ തവികളിൽ
വിഷാദരാഗത്തിൽ
ഓമനത്തിങ്കളിൻ പാട്ടുണർന്നു,
അച്ഛനും കണ്ണു തുടച്ചു.
“മോനേ…”,
രാവേറെയായല്ലോ
വൈകിയതെന്തേ നീ കൂടണയാൻ…?
മോന്റെ മേലാകെ
മുളച്ചു രോഷാക്ഷരങ്ങൾ,
ഉള്ളിൽ നുരയും ലഹരിയിൽ
ചിതറിത്തെറിച്ചു ശാപോക്തികൾ.
അമ്മക്കിളി തേങ്ങി
“എന്റെ മോനേ…”
മോന്റെ കണ്ണിലെയഗ്നിയിൽ
അമ്മയോ പാതി വെന്തു.
“വിശപ്പില്ല”,
മോൻ പിറുപിറുത്തു
അച്ഛന്റെ
ഒട്ടിയ വയറു നൊന്തു
വറ്റുകൾ ചില്ലക്ഷരങ്ങളായ്
തറയിൽ ചിതറിയെച്ചിലായ്
അത്താഴപ്പഷ്ണിയിൽ
വീടുലഞ്ഞു.
“മോനേ…”,
ശപ്തമൊരു സായാഹ്നവേളയിൽ
അമ്മേടെ തൊണ്ട കുറുകി,
മോ…നേ…
നാലു ചുമരിലും തലതല്ലി
ശബ്ദതരംഗങ്ങൾ
കടവാതിലുകളായ്
ചിറകടിച്ചു മറഞ്ഞു
ഭൂമിതന്നാകർഷണവലയത്തിന്നപ്പുറം
നെഞ്ചിലെ സ്വപ്നലോകത്തേക്ക്.
രണ്ടായിപ്പിളർന്ന
ദേഹിയും ദേഹവും
ചിതയിൽ തലചായ്ച്ചുറങ്ങി
വേദന സഹിയാതെ
തലയോട് പൊട്ടിത്തെറിച്ചു, “മോനേ…”.
അഞ്ചാംനാളാത്മാവിനു
തർപ്പണമേകുമ്പോൾ
അച്ഛന്റെ നെഞ്ചുകാളി,
എന്റെ പെണ്ണേ…
മോനേ…
മോന്റെ മോൻ
ദൂരേന്നൊളികണ്ണിട്ടുനോക്കി
തോളുകുലുക്കി,
കളി തുടർന്നു…
വെളിപാടിൽ മോന്റച്ഛൻ
ചങ്കുപൊട്ടി
ചിലയക്ഷരങ്ങളെ ചേർത്തണച്ചു,
“അമ്മേ, എന്റെയമ്മേ…”
അമ്മ ചുരന്നു
ഉർവരയായി ഭൂമി
കവിതതൻ വേരുകിളിർത്തു
നാരായമൊരുങ്ങി…
ചോരിവാ തുറന്ന്,
‘അമ്മ’യെന്നു തളിർത്തു
കുഞ്ഞിളം വാക്ക്!
ഡോ. അജയ് നാരായണൻ
=======
Ajayagosh Narayanan (PhD)











