വണ്ടി കുറേക്കൂടി മുന്നോട്ടോടി. വഴി സൈഡില്‍ കുതിരാന്‍ തുരങ്കത്തിന്റ സൈന്‍ ബോര്‍ഡ് കണ്ടു. വിദേശവാസാനുഭവത്തില്‍ ഭൂമിക്കടിയില്‍ക്കൂടെയും കടലില്‍ വെള്ളത്തിനടിയില്‍ക്കൂടെയുമുള്ള പാതയിലൂടെയും പാളത്തിലൂടെയും യാത്ര ചെയ്ത് പരിചയമുണ്ടായിരുന്നു. എങ്കിലും നമ്മുടെ സംസ്ഥാനത്തെ ആദ്യ തുരങ്ക പാത അതും ഞാന്‍ കുറെ നാള്‍ ജോലി ചെയ്ത മണ്ണൂത്തിക്കടുത്ത്. എന്റെ റിട്ടയര്‍മെന്റിനു ശേഷം ഉണ്ടായ സംഭവം.ആകാംക്ഷക്ക് അറുതി വരുത്തി തുരങ്കപാതയുടെ വെല്‍ക്കം സൈനുള്ള ആര്‍ച്ച് കണ്ടു. ഞങ്ങള്‍ തുരങ്കത്തിലേക്ക് പ്രവേശിച്ച് യാത്ര ആരംഭിച്ചു.
ഇരുട്ടിലൂടെ ഉള്ള യാത്ര ട്രെയിനിന് പോകുവാനുള്ള കോട്ടയത്തുണ്ടായിരുന്ന ഒരു ചെറു തുരങ്കത്തെ ഓര്‍മ്മിപ്പിച്ചു. ഇന്ന് യാത്രയില്‍ അതും കാണ്മാനില്ല .തുരങ്കം ഒഴിവാക്കി പാളങ്ങള്‍ തീര്‍ത്ത് ട്രെയിനുകള്‍ യാത്ര തുടരുന്നു.
ഏകദേശം ഇരൂപതു മിനിറ്റു കൊണ്ട് തുരങ്കം കടന്നു. ഒന്നു നിര്‍ത്തി ഫോട്ടോ എടുക്കണമെന്നാഗ്രഹിച്ചു. ഒരേ ഇടവിട്ട് ലൈറ്റിന്റെ ചെറിയ വെട്ടം മാത്രം.ഇടയ്ക്ക് നിര്‍ത്തല്‍ അനുവദനീയമല്ലെന്നാരൊ പറഞ്ഞു. പുറകെ പുറകെ വണ്ടികള്‍ ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വഴി. ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഇരുന്നായാലും ഒരു ഫോട്ടോ എടുക്കാനൊരുങ്ങി ഭര്‍ത്താവ് മൊബൈല്‍ ഓപ്പണ്‍ ആക്കി ക്യാമറാ സജ്ജമാക്കി വന്നപ്പോഴേക്കും തുരങ്കത്തിനു പുറത്തെ വെളിച്ചം കണ്ടു.
പിന്നെ ഒന്നും ചെയ്യാനാവില്ലല്ലൊ. ഗൂഗിള്‍ മാപ്പു നോക്കി ഞങ്ങളുടെ വണ്ടി മുന്നോട്ട് ഓടിക്കൊണ്ടിരുന്നു. മുന്നിലൊ പുറകിലൊ അടുത്ത വണ്ടി കണ്ടെത്താനായില്ല. ഫോണ്‍ വിളിച്ചു നോക്കി മൂന്നാമത്തെ വിളിയില്‍ ഫോണ്‍ കണക്ടായി മോളുടെ ഫോണിലാണ് അവര്‍ മാപ്പിട്ടിരുന്നത് മകള്‍ ഉറങ്ങിപ്പോയതിനാല്‍ തുരങ്കത്തില്‍ നിന്നിറങ്ങി ടേണ്‍ എടുക്കേണ്ടതിനു പകരം അവര്‍ നേരെയുള്ള പാതയില്‍ കുറെ അകലെ എത്തിയിരുന്നു. അവര്‍ കൂടി എത്താതെ മുന്നോട്ടു പോകുന്നത് ഉചിതമല്ലാത്തതിനാല്‍ അടുത്തു കണ്ട ബോര്‍ഡില്‍ നോക്കി ഞങ്ങള്‍ എത്തി നില്‍ക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു.ആ സമയം കൊണ്ട് കടന്നു ചെല്ലുന്ന വീട്ടിലേക്ക് എന്തെങ്കിലും വാങ്ങുകയും ഞങ്ങള്‍ക്ക് ഓരോ കാപ്പിയും ആവാം. അടുത്തു കണ്ട ഫ്രൂട്ട് സ്റ്റാള്‍ കം ബേക്കറിക്ക് സമീപത്ത് വണ്ടി ഒതുക്കി.മകന്‍
ഫ്രൂട്ട് സ്റ്റാളിലേക്കും അങ്കിള്‍ ബേക്കറിയിലേക്കും കയറി. രണ്ടായി ബില്ലടിക്കുമല്ലൊ എന്നു കരുതിയാണ് അങ്കിള്‍ അങ്ങനെ ചെയ്തത്. കാറിലിരുന്ന ഞങ്ങള്‍ക്കും സാറിനും കാപ്പി വാങ്ങിത്തന്ന് തിരിച്ചു ചെന്നപ്പോഴേക്കും അടുത്ത വണ്ടിയും ഒപ്പമെത്തിയിരുന്നു
അതിലുണ്ടായിരുന്ന സാറിന്റെ മൂത്ത മകന്‍ അങ്കിളിന്റെയും ചേര്‍ത്ത് ബില്ലു പേ ചെയ്തു പാക്കറ്റുകള്‍ വാങ്ങി കാറിലെത്തിച്ചു. അങ്ങനെ യാത്രയിലുടനീളം അങ്കിളിന്റെ പോക്കറ്റില്‍ നിന്നു കാശു പോകാതിരിക്കാന്‍ രണ്ടു മക്കളും മാറി മാറി മത്സരിച്ചാണ് മുന്നോട്ടു കൊണ്ടിരുന്നത്.
ഇത്തവണ അങ്ങോട്ടാണ് വിളിച്ചത്, ഞങ്ങള്‍ എവിടെയാണ് നില്‍ക്കുന്നതെന്നറിയിക്കാന്‍ .
ഇനി അധികദൂരമില്ല, ഒറ്റ വഴി നേരെ ഇങ്ങു പോന്നാല്‍ മതി . അര മുക്കാല്‍ മണിക്കൂറിനുള്ളില്‍ എത്താം . സെന്റ് ജോണ്‍സ് സ്‌കൂളിന്റെ വാതില്‍ക്കല്‍ നിന്നു റൈറ്റ് ടേണ്‍ എടുക്കണം എന്ന മറുപടിയും കിട്ടി.പിന്നെ എല്ലാം നിമിഷം കൊണ്ടു കഴിഞ്ഞ പോലെ. രണ്ടു വണ്ടികളും മുന്നിലും പിന്നിലുമായി മുന്നോട്ടു പോയി.
രണ്ടു വണ്ടികള്‍ നിറയെ ആള്‍ക്കാന്‍ കയറി ചെല്ലുന്ന വീട്ടിലാണെങ്കില്‍ ഭാര്യയും ഭര്‍ത്താവും മാത്രം. മക്കള്‍ രണ്ടു പേരുണ്ട് മകന്‍ കോഴിക്കോട്ട് ജോലി സംബന്ധമായി താമസം. മകള്‍ വിവാഹിതയായി ഭര്‍ത്താവും കുഞ്ഞുങ്ങളുമൊത്ത് മറ്റൊരു വീട്ടിലും. പാലക്കാട്ടുകാരന്റെ ഭാര്യക്കാണെങ്കില്‍. പേസ് മേക്കര്‍ വച്ച് ജീവന്‍ തിരിച്ചു പിടിക്കല്‍ എല്ലാം സംഭവിച്ച ആളും.അതു കൊണ്ട് തന്നെ പുറത്തെവിടെയെങ്കിലും കഴിച്ചിട്ടേ എത്തൂ എന്നറിയിച്ചിരുന്നു. പക്ഷെ അതിനുള്ള വിശപ്പ് ആയിരുന്നില്ല. രാവിലെ കഴിച്ചതും ഇടയ്ക്കുള്ള കാപ്പിയും അതിനനുവദിച്ചില്ല എന്നു തന്നെ പറയാം. സമയമാവട്ടെ പതിനൊന്ന് ആകുന്നതേയുള്ളു.അതുകൊണ്ട് വീണ്ടും യാത്ര തുടങ്ങി,ഇടതു വശത്ത് സ്‌കൂളിന്റെ ബോര്‍ഡ് കണ്ടെത്താനുള്ള ജിജ്ഞാസ കൊണ്ട് മറ്റൊരു കാഴ്ചയും ഞങ്ങളുടെ കണ്ണില്‍ പെട്ടില്ല.
പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ സ്‌കൂളെത്തി.ദാ നില്‍ ക്കുന്നു ഒരു അംബാസിഡര്‍ കാറില്‍ ചാരി ചാക്കോച്ചന്‍ എന്ന നെന്മാറക്കാരന്‍ കൂട്ടുകാരന്‍.ആ മുഖത്ത് സൗഹൃദത്തിന്റെതായ, സ്വീകരണത്തിന്റെതായ തെളിഞ്ഞ പുഞ്ചിരിയും. കാറിനടുത്തു വന്ന് കൂട്ടുകാരോട് കുശലം പറഞ്ഞ് തിരിച്ചു ചെന്ന് കാറില്‍ കയറി ഒരു ഗൈഡായി വലത്തോട്ടു തിരിഞ്ഞ് അതു മുന്നിലും മറ്റു രണ്ടു വണ്ടികളും പിന്നിലുമായി ഒരു ചെറു വഴിയിലൂടെ യാത്രയായി. ഏതാണ്ട് പത്തുപതിനഞ്ചു മിനിറ്റുകള്‍ക്കകം ഞങ്ങള്‍ നെന്മാറയില്‍ അവരുടെ വീട്ടിലേക്കുള്ള ഒരു ചെറു ഗേറ്റും കടന്ന് ചെറു വഴിയില്‍ക്കൂടി
വീടിന്റെ വിശാലമായ മുറ്റത്തെത്തി. മറ്റു വണ്ടികള്‍ക്ക് കയറ്റി ഇടത്തക്കവണ്ണം പോര്‍ച്ചില്‍ ചാക്കോച്ചന്റ വണ്ടിയും മുറ്റത്ത് ഞങ്ങളുടെ വണ്ടികളും ഒതുക്കിയിട്ടു. ഡോര്‍ തുറന്ന് പുറത്തിറങ്ങിയ ഞങ്ങളെ എതിരേറ്റത് പുരയിടത്തില്‍ കൊത്തിപ്പെറുക്കി നടക്കുന്ന ഒരു മയിലായിരുന്നു.എല്ലാവരുടെയും മിഴികളില്‍ അത്ഭുതം തങ്ങി നിന്നു. അവിടെ അതൊരു പതിവാണത്രെ. കൂട്ടമായും ഒറ്റയ്ക്കും മയിലുകള്‍ കറങ്ങി നടക്കും ചിലപ്പോള്‍ പീലി നിവര്‍ത്തി ആടുകയും ചെയ്യുന്നതു കാണാമെന്ന് ട്രേ നിറയെ നാരങ്ങ വെള്ളം നിറച്ച ഗ്ലാസ്സുകളുമായി കടന്നു വന്ന സോഫി എന്ന വീട്ടമ്മ ഞങ്ങളെ നോക്കി പറഞ്ഞു.
(തുടരും)













