കുന്നിൻ ചെരുവുകളിൽ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങൾ. കള്ളിമുണ്ടുമുടുത്ത് തലയിൽ തോർത്തു ചുറ്റിയ കർഷകർ. തെങ്ങിൻ തോപ്പും കാട്ടരുവിയും വാഴത്തോട്ടവുമായി കേരളംപോലെ വേറൊരു നാട്. അതും മരുഭൂമിയുടെ നടുവിൽ. പറഞ്ഞു വന്നത് ഗൾഫ് മേഖലയിലെ കേരളമായ സലാലയെക്കുറിച്ചാണ്.
സലാലയിൽ മഴയെ വരവേൽക്കാൻ ഒരുക്കം തുടങ്ങിയിരിക്കുകയാണ് ഭരണകൂടം. മൺസൂൺ (ഖരീഫ്) കാലത്ത് ഇന്ത്യക്കാരടക്കം പതിനായിരക്കണക്കിനു സന്ദർശകരാണ് ദോഫാർ ഗവർണറേറ്റിൽ എത്തുന്നത്. കോവിഡ് ആശങ്ക അകന്നതോടെ ഇത്തവണ കൂടുതൽ പേരെത്തുമെന്നാണ് പ്രതീക്ഷ. അടുത്തമാസം പകുതി മുതൽ സെപ്റ്റംബർ വരെയാണ് മൺസൂൺ കാലം.













