യുഎഇയുടെ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ 75% ജോലികളും പൂർത്തിയായി. പദ്ധതി ജിസിസി, മിഡിൽ ഈസ്റ്റ് റെയിലുമായി ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുന്നതോടെ മധ്യപൂർവദേശ രാജ്യങ്ങളുടെ യാത്രാ രീതികൾക്ക് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഇതു സാമ്പത്തിക മേഖലയിൽ തന്നെ പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഊർജ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് അൽ മസ്റൂഇ പറഞ്ഞു. അബുദാബിയിൽ ഇന്നലെ സമാപിച്ച മിഡിൽ ഈസ്റ്റ് റെയിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യമാകെ യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിൻ്റെ ട്രെയിൻ 2024 അവസാനത്തോടെ ഓടിത്തുടങ്ങും. ജിസിസി റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഏഴു എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയിൽ പദ്ധതി. തുടക്കത്തിൽ ചരക്കുനീക്കത്തിന് മുൻഗണന നൽകിയെങ്കിലും ഡിസംബറിൽ യാത്രാ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം.













