LIMA WORLD LIBRARY

പട്ടം – രമാ പിഷാരടി

ചരട്  പൊട്ടിയ പട്ടമായി 

മനസ്സ് പാറുന്നു

കനലിലിട്ടൊരു 

 സൂര്യനെപ്പോൽ

കനവ് പൊള്ളുന്നു

 

നിലമുഴുന്നൊരു

 നാട്ടുപാട്ടിൻ

വരികൾ  തെറ്റുന്നു

 ശ്രുതിയിടുന്ന

സിതാറിൽ നിന്നൊരു

 കടലതേറുന്നു




പ്രണയമെല്ലാം

ചോർന്ന്  പോയൊരു

യമുന പാടുന്നു

മഴ നനഞ്ഞൊരു

മിഴിതുടച്ച്

നദികളൊഴുകുന്നു.

 

 തല കുനിച്ചൊരു

സൂര്യകാന്തിയിൽ

നിഴല് വീഴുന്നു

പതിയെയെത്തിയ

സന്ധ്യയെപ്പോൽ

കവിള്  ചോക്കുന്നു




കുതികുതിയ്ക്കും-

മോഹഗന്ധക-

മേഘ  താഴ്‌വരയിൽ

തണുതണുത്തൊരു

തോണിയേറി വരുന്ന

കാലത്തിൽ

 

അതിരിലൊരു കിളി

ചിറക്  നീർത്തി

ഒലിവ് തേടുന്നു

കുടിലിൽ റാന്തൽ

വെളിച്ചമായി

കഥകളുണരുന്നു

 

വെയിലിൽ, മഴയിൽ

ഇലപൊഴിക്കും

മഞ്ഞുകാലത്തിൽ

മുഖമതിൽ ചിരി

മാഞ്ഞുപോയ

വസന്തചന്ദ്രികയിൽ

 

ഇരുളു നീന്തിയണഞ്ഞ

പുഴയുടെ മരണഗന്ധത്തിൽ

പുലർവെളിച്ചം കണ്ട് നിന്ന

ശ്‌മശാന ഭൂമികളിൽ

കിളിയൊഴിഞ്ഞൊരു

കൂട് പോലൊരു

മൗനമുണരുമ്പോൾ

 

ചരട് പൊട്ടിയ

പട്ടമായി

മനസ്സ് പാറുന്നു

പിടി തരാതൊരു

പർവതത്തിൽ

ചിതറിവീഴുന്നു..

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px