നിണപ്പാടുകൾ – രേഖ സി.ജി

എന്നിലേയ്ക്കൊരു
തീമരമടരുന്നു.
പൊള്ളിയടർന്ന നോവുകൾ
നിണച്ചാലുകളായി
പടർന്നിറങ്ങുമ്പോഴും
പറിച്ചെടുത്ത പൂവിനുള്ളിൽ
കരിവണ്ട് ഒളിച്ചിരിക്കുന്നുണ്ട്.
കനവുകളുടെ നോവിടങ്ങളിൽ
അധരങ്ങൾ ചുവക്കുന്നു.

വൈകിവന്ന ഋതുക്കളിൽ
പരിഭവങ്ങളിൽ തീർത്ത
കരിമരത്തിലായിരുന്നു
പ്രതീക്ഷകൾ മൊട്ടിട്ടത്..
ചികഞ്ഞെടുത്ത മണ്ണടരുകളിൽ
നനവു അന്വേഷിച്ചുള്ള
യാത്രയിലാണ്
ചിതലിളക്കങ്ങളുടെ
വൽമീകങ്ങൾ അടർന്നുവീണത്.
ഉറവ പ്രതീക്ഷ
മാത്രമായിരുന്നുവെന്ന്
പറഞ്ഞത്
കരിമ്പാറക്കെട്ടുകളായിരുന്നു.

അധരങ്ങളിലെ ചുവപ്പ്
കറുത്തപാറകൾക്കിടയിലൂടെ
ഒലിച്ചിറങ്ങുന്നുണ്ട്.
നാളെയുടെ വാതായനങ്ങളിൽ
കറുത്തപ്പൊട്ടായി നിണപ്പാടുകൾ
ചക്രവാളത്തിൽ
അസ്തമിക്കാതെയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here