LIMA WORLD LIBRARY

കെ റെയില്‍ വാദത്തിനിടെ നിലംപരിശായി; നടപ്പിലാക്കുമെന്ന് കട്ടായം പിന്‍വലിക്കുമോ?

തൃക്കാക്കരയിലെ കനത്ത തോല്‍വിയില്‍ തിളക്കം മങ്ങി സില്‍വര്‍ ലൈന്‍ പദ്ധതി. സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍ വരുന്ന മണ്ഡലത്തിലുണ്ടായ തിരിച്ചടി ജനവികാരം എതിരാകാതിരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറാനിടയില്ല.

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അഭിമാനപദ്ധതിയായ സില്‍വര്‍ ലൈന്‍ ഏറ്റവും ചര്‍ച്ചയായ ഉപ തിരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി നിലംപരിശായത്. കല്ലിടലിനെതിരെ ശക്തമായ ജനകീയ പ്രതിഷേധവും സമരവും സംഘര്‍ഷവുമെല്ലാം നടന്നതിനുശേഷമുള്ള ആദ്യ പ്രധാന തിരഞ്ഞെടുപ്പുമായിരുന്നു തൃക്കാക്കരയിലേത്. വികസന തല്‍പരരായ ജനം സില്‍വര്‍ലൈനിന് ഒപ്പമാണെന്നായിരുന്നു സര്‍ക്കാരിന്‍റെ അവകാശവാദം. പ്രതിപക്ഷം വികസനവിരുദ്ധരാണെന്ന ഇടതുമുന്നണിയുടെ പ്രചാരണത്തെ മുന്‍കാലങ്ങളില്‍ കൊച്ചിയില്‍ യുഡിഎഫ് സര്‍ക്കാരുകള്‍ നടത്തിയ വികസനം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. സില്‍വര്‍ലൈന്‍ നടപ്പിലാക്കുമെന്ന് കട്ടായം പറഞ്ഞ സര്‍ക്കാര്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയതിന് പിന്നാലെ സര്‍വേ മരവിപ്പിച്ചത് ആദ്യ പിന്‍മാറ്റമായി. തൃക്കാക്കരയില്‍ പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ജനരോഷത്തിന് കാരണമാക്കിയ കല്ലിടല്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു.

തൃക്കാക്കരയില്‍ ജനങ്ങളെ സമീപിച്ചപ്പോള്‍ ജനരോഷം സര്‍ക്കാരിന് ബോധ്യപ്പെട്ടെന്നായി പ്രതിപക്ഷം. വൈകിയെത്തിയ വിവേകവും തൃക്കാക്കരയില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്തില്ല. തൃക്കാക്കരയിലെ തിരിച്ചടി സില്‍വര്‍ ലൈനിന് ചുവപ്പുകൊടി വീശുമോ എന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം. എന്ത് എതിര്‍പ്പുകള്‍ ഉണ്ടായാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നിലപാട്.

കല്ലിടല്‍ നിര്‍ത്തിയ സാഹചര്യത്തില്‍ സര്‍വേയോട് ഇനി ജനരോഷമുണ്ടാവില്ലെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. എന്നാല്‍ ജി.പി.എസ് സര്‍വേയും എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് വലിയ ജനരോഷമുണ്ടാകുന്ന നടപടികളിലേക്ക് നീങ്ങുന്നതിന് മുമ്പ് സര്‍ക്കാര്‍ ഇനി രണ്ടുവട്ടം ആലോചിക്കുമെന്നതാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന്‍റെ പ്രസക്തി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px