2021ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ 14,329 വോട്ടിന് തോറ്റതിന്റെ പേരില്‍ സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അംഗത്തിനെതിരെ വരെ നടപടിയെടുത്ത മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 25,000പരം വോട്ടിന് തോറ്റത്. ന്യായീകരണങ്ങളേറെ നിരത്തുന്നുണ്ടെങ്കിലും, സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ തുടങ്ങിയ അപാകത മുതലുണ്ടായിരുന്നു ഇടതുമുന്നണിയില്‍ നിര നിരയായുണ്ടായ വീഴ്ചകള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജില്ലാഘടകത്തിലെ ഒരുവിഭാഗത്തിന്റെ അപ്രീതി ആദ്യവസാനം നിലനിന്നത് പരാജയത്തിന്റെ ആക്കം കൂട്ടി
ചോദ്യങ്ങളെ ഭയപ്പെടുന്ന നേതാക്കള്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പുഫലത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. പ്രത്യേകിച്ചും നിയമസഭാതിരഞ്ഞെടുപ്പു തോല്‍വിയെക്കാള്‍ കനത്തതാണ് സര്‍വസന്നാഹങ്ങളുമായി പ്രചാരണം നടത്തിയിട്ടും ഉപതിരഞ്ഞെടുപ്പില്‍ നേരിട്ടതെന്നിരിക്കെ. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടങ്ങുന്നു ഇടതുതോല്‍വിയുടെ ആഴം. ജില്ലാ ഘടകം ആലോചിച്ച സ്ഥാനാര്‍ഥിയെ വെട്ടി, ചില ഉന്നത നേതാക്കളുടെ താല്‍പര്യത്തിന് വഴങ്ങി പുതിയ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് വ്യത്യസ്ഥ അഭിപ്രായത്തിന് ഇടവരുത്തി.
കെ.എസ്. അരുണ്‍കുമാറിന്റെ പേരില്‍ നേതൃത്വത്തിന്റെ അറിവോടെ ചുവരെഴുത്തുകള്‍ ആരംഭിച്ചതും, മായിപ്പിച്ചതും സ്ഥാനാര്‍ഥി നിര്‍ണയക്കാര്യത്തില്‍ ഏകാഭിപ്രായം ഇല്ലെന്നുറപ്പിച്ചു. സഭാ പിന്തുണ ലഭിക്കുമെന്ന വിശ്വാസവും ചീറ്റി. ലിസി ആശുപത്രിയില്‍ വച്ച് സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചതും തിരിച്ചടിയായി. മന്ത്രിമാരും, എം.എല്‍.എമാരും ക്യാമ്പുചെയ്ത് പ്രചാരണം നടത്തിയെങ്കിലും ഫലം കണ്ടില്ല. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ഏകോപനവും വോട്ടര്‍മാര്‍ പാടെ തള്ളി. മുഖ്യമന്ത്രി പ്രവര്‍ത്തനം ഏകോപിപ്പിച്ചില്ലെന്നുപറഞ്ഞ്, വീഴ്ച സ്വയം ഏറ്റെടുക്കുകയായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി. തിരഞ്ഞെടുപ്പ് വീഴ്ചയുടെ പേരില്‍ സി.കെ. മണിശങ്കറെയും, ടി.ഡി. വിന്‍സെന്റിനെയും സസ്പെന്റുചെയ്ത സാഹചര്യത്തില്‍, അതിനേക്കാള്‍ കനത്തപരാജയം വരുത്തിവച്ചവര്‍ക്കെതിരെ എന്തു നടപടിയെടുക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്. മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദുവോട്ടുകള്‍ക്കപ്പുറം തൃക്കാക്കരയില്‍ കൂടുതലുള്ളത് മനുഷ്യവോട്ടുകളാണെന്ന് തിരിച്ചറിഞ്ഞ ഉപതിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്.













