ജോൺത്താടിയുടെ രഹസ്യം – ചാക്കോ ഡി അന്തിക്കാട്

നിന്റെ താടിയിൽ
സ്വാതന്ത്ര്യത്തിന്റെ
മഴവിൽ
ഒളിച്ചിരുന്നത്
ആരും കണ്ടില്ല…

ആ മഴവില്ലിന്
ഏഴുനിറമല്ലായിരുന്നു…
അധ്വാനിക്കുന്ന മനുഷ്യരുടെ
അനേകം നിറങ്ങളായിരുന്നു…

ലാഭക്കൊതിയുടെ
കൃത്രിമ മഴവില്ലിൻ
മുനമ്പിൽ
ഒളിച്ചിരിക്കുന്നവർ
ഏറുന്ന കാലം!

ക്രയവിക്രയശേഷി
കുറഞ്ഞ
ജനങ്ങളുടെ,
ചോദ്യം ചെയ്യലിന്റെ,
വിയർപ്പിന്റെ
നിറം…മണം,
അസഹ്യമായ ചിലർ,
നരകയറിയ
സ്വന്തം താടികൾ
മുറിച്ചു മാറ്റി…
കൃത്രിമസ്വർണ്ണത്താടി
വളർത്തി…
ജനപ്രിയ
സിനിമാക്കാരായി
മാറിയ കാലം!..

അത്തരം
കപട ബുദ്ധിജീവികളുടെ
കപട മഴവിൽനിറങ്ങളിൽ
കുടുങ്ങിപ്പോയ,
ജോൺ
സ്വപ്നം കണ്ടിരുന്ന,
ജനകീയ സിനിമയുടെ,
അനന്തമായ
ആകാശത്തെ,
ആരു മോചിപ്പിക്കും?

ജോൺ,
താടി പിടിച്ചു
വലിച്ചിരുന്നതും,
ഇടയ്ക്കിടെ
കടിച്ചിരുന്നതും,
ഭാവനയുടെ
ആകാശത്തിന്റെ തുണ്ട് ചവച്ചരയ്ക്കാനായിരുന്നു…

താടിയുടെ
തുമ്പ് നുണഞ്ഞ്,
വിശപ്പും ദാഹവും
തീർത്തവനേ…
നിന്റെ താടിയുടെ
തുമ്പിൽ
തലോടാൻപ്പോലും
ഞങ്ങൾ അർഹരല്ല!…

ക്ഷമിച്ചാലും…
ഈ പാപികളോട്
പൊറുത്താലും!…

ഇപ്പോൾ അമ്മമാരെ
ആരും ഒന്നും
അറിയിക്കുന്നില്ല…

അമ്മമാർ…
ദുഃഖത്തിന്റെ
കയ്പ്പുനീർ കുടിച്ചിറക്കി
ശ്വാസംമുട്ടുകയാണ്…

കച്ചവടയുക്തിയിലും,
വർഗ്ഗീയ-യുദ്ധവെറി
പ്രചാരണത്തിലും
കുടുങ്ങി,
സിനിമാ വ്യവസായവും
ശ്വാസംമുട്ടി
പിടയുകയാണ്…
മാപ്പ്!

എങ്കിലും,
നിന്റെ താടിയിലെ
രഹസ്യങ്ങളുടെ
പൊരുൾ
ഒരിയ്ക്കൽ
ഞങ്ങൾ തിരിച്ചറിയും!

അന്ന്,
ഞങ്ങളുടെ
അന്ധമായ
കണ്ണുകൾപ്പോലും,
മോചനത്തിന്റെ
സമരഗാഥകൾ
ആവാഹിച്ച
ക്യാമറകളായി മാറും!

LEAVE A REPLY

Please enter your comment!
Please enter your name here