കോഴിക്കോട്:സഹകരണ മേഖലയുടെ അഭിമാനമുദ്രയായ ഊരാളുങ്കൽ സൈബർ പാർക്ക് പുതിയ കുതിപ്പിലേക്ക്. 2016 ഫെബ്രുവരി 27ന് ആരംഭിച്ച പാർക്കിലെ മുഴുവൻ സ്ഥലവും വിറ്റഴിഞ്ഞു. പ്രമുഖ ഡിസൈൻ–- ടെക്‌നോളി സേവനദാതാക്കളായ ടാറ്റ എലക്‌സിക്കായി 42,000 ചതുരശ്ര അടി കൈമാറാൻ ധാരണപത്രം ഒപ്പുവെച്ചു. ഒന്നാംഘട്ടം പത്തുനിലയിൽ ഒരുക്കിയ 4,82,000 ചതുരശ്ര അടി സ്ഥലവും കൈമാറി. മലബാറിൽ ഇതാദ്യമായാണ് ഐടി മേഖലയിൽ ഒരു ബഹുരാഷ്ട്ര കമ്പനി എത്തുന്നത്.
ആയിരത്തോളം ജീവനക്കാരുമായി ടാറ്റ എലക്‌സി ഉടൻ പ്രവർത്തനം തുടങ്ങും. ഇതോടെ സൈബർ പാർക്കിലെ കമ്പനികൾ 85 ആയി. കയറ്റുമതി അധിഷ്‌ഠിത സേവനങ്ങളാണ് ഉൽപ്പാദിപ്പിക്കുന്നത്. പത്തുവർഷത്തിനകം 1,500 കോടിയുടെ കയറ്റുമതി ലക്ഷ്യമിട്ട സൈബർപാർക്ക് ആദ്യഘട്ടംതന്നെ 150 കോടിയെന്ന ലക്ഷ്യത്തിലെത്തി.













