നാലാം ട്വന്റി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 82 റൺസിനു തകർത്ത് ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങൾ തോറ്റ ഇന്ത്യ മൂന്നാം മത്സരം 48 റൺസിനു വിജയിച്ചിരുന്നു. വെള്ളിയാഴ്ചത്തെ ജയത്തോടെ പരമ്പരയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കൊപ്പമെത്തി (2–2). ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 169 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 16.5 ഓവറിൽ 87 റൺസിനു പുറത്തായി. ദിനേഷ് കാർത്തിക്കിന്റെ അർധസെഞ്ചറി മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 27 പന്തുകൾ നേരിട്ട കാർത്തിക്ക് 55 റൺസെടുത്തു പുറത്തായി. ഹാർദിക് പാണ്ഡ്യ 31 പന്തുകളിൽനിന്ന് 46 റൺസെടുത്തു. ഓപ്പണർ ഇഷാൻ കിഷൻ 26 പന്തിൽ 27 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്തിനും മികവു പുറത്തെടുക്കാനായില്ല. 23 പന്തിൽ 17 റൺസാണ് ഋഷഭ് പന്ത് നേടിയത്.













