(1962ലെ ഇന്ത്യാ ചൈന യുദ്ധകാലത്ത് ഒ.വി.വിജയൻ എഴുതിയ കഥ:) പേരുകൾ. ഒ.വി.വിജയൻ

[ഈയിടെ ചൈനക്കാർ നമ്മുടെ അതിരുകളിൽ നിന്ന് ഉടനീളം പിൻവാങ്ങിയതിനെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങളാണ് ചുവടെ കൊടുക്കുന്നത്. രേഖകൾ രാജ്യരക്ഷാകാര്യാലയത്തിൽ നിന്ന് ചോർത്തിയെടുത്തവയാണ്. ഈ മോഷണം ശിക്ഷാർഹമെന്നറിഞ്ഞുകൊണ്ടുതന്നെ, ചരിത്രസാധുതയുടെ ആവശ്യത്തെ മാത്രം മുൻനിർത്തിക്കൊണ്ട് അവയിലടങ്ങിയ വിവരങ്ങൾ പ്രകാശിപ്പിക്കാൻ ഞങ്ങൾ മുതിരുകയാണ്. – സമ്പാദകർ]

ചുഷൂലിനടുത്ത് ഒരിടത്ത് ഒരു രാവിലെ ഒരിന്ത്യൻ സൈനികസംഘം ചുറ്റിനടക്കുന്നത് ചൈനക്കാർ കണ്ടു. സംഘത്തലവൻ ചെണ്ട കൊട്ടിക്കൊണ്ടാണ് സംഘത്തെ നയിച്ചിരുന്നത്. ചൈനക്കാർ പരിഭ്രമിച്ചു.

“ആരാണയാൾ?” അവർ ഓർത്തു വശംകെട്ടു.

അവസാനം അവരുടെ രഹസ്യവകുപ്പിൽ നിന്ന് അവർക്കു വിവരം കിട്ടി. ലെഫ്റ്റനന്റ് ചാത്തുക്കുട്ടി മാരാർ എന്ന ഒരമ്പലവാസിയായിരുന്നു അത്. ആ സൈനികസംഘവുമായി ഏറ്റുമുട്ടൽ ഒഴിവാക്കുകയാണ് ഭംഗിയെന്ന് അവരുടെ രഹസ്യവകുപ്പ് ഉപദേശിച്ചു.

പിറ്റേത്തെ ആഴ്ച നമ്മുടെ ഒരു മുഴുവൻ കമ്പനിയും പടയ്ക്കിറങ്ങി. കമ്പനിയുടെ തലവൻ മേജർ പിഷാരോടിയായിരുന്നു. ഇത്തവണവും ഏറ്റുമുട്ടൽ ഒഴിവാക്കുകയാണ് ഉചിതമെന്ന് ചീനക്കാരെ അവരുടെ രഹസ്യവകുപ്പ് ഉപദേശിച്ചു.

പിന്നീട് ഒരു മാസത്തേക്ക് നമ്മുടെ ഭാഗത്തു നിന്നു നീക്കങ്ങളുണ്ടായില്ല. ആ ഒരു മാസമത്രയും ചൈനക്കാർ അതിന്റെ പൊരുൾ മനസ്സിലാവാഞ്ഞ് വിഷമിക്കുകയും ചെയ്തു.

വീണ്ടും നമ്മുടെ പടയിറങ്ങി. ഇത്തവണ ഇറങ്ങിയത് ഒരു ബറ്റാലിയനായിരുന്നു. കേണൽ എമ്പ്രാന്തിരി! ചൈനീസ് അണികളിൽ പരക്കം‌പാച്ചിലായി. അത് പീക്കിങിലേക്കു പകർന്നു. സൈനികമേലധികാരത്തിൽ നിന്ന് ചൈനീസ് ബറ്റാലിയൻ കമാണ്ടർക്ക് ഉത്തരവു കിട്ടി: എങ്ങനെയും ഏറ്റുമുട്ടൽ ഒഴിവാക്കണം. ഇന്ത്യൻ ബറ്റാലിയൻ അതിരുകൾ നീളെ ഇടംവലം നടന്ന് തെച്ചിയും മുല്ലയും ചൈനീസ് പടയുടെ നേർക്ക് എറിഞ്ഞു. ചൈനക്കാർ ശങ്കിച്ചു മാറി. ആ തക്കം നോക്കി നമ്മുടെ കമാന്റോമാർ ചൈനക്കാരുടെ നേർക്കു മഞ്ഞൾപ്പൊടി എറിഞ്ഞു. (“അത്രേം വേണ്ടീർന്നോ ന്ന് സംശയം.” ന്യൂയോർക്ക് ടൈംസിന്റെ വെള്ളിനേഴി ലേഖകൻ പിന്നീടെഴുതി.)

ചൈനക്കാരെ നിലം‌പരിശാക്കിയ സൈനികതന്ത്രം നാം പ്രയോഗിച്ചത് ബോം‌ദിലയിലായിരുന്നു. ഒരു മുഴുവൻ ഡിവിഷനും അതിർത്തിപ്രദേശത്തേക്കു നീങ്ങുകയാണെന്ന വിവരം ചൈനക്കാർക്കു കിട്ടി. പീക്കിങിൽ നിന്ന് ആകാംക്ഷ നിറഞ്ഞ അന്വേഷണം: “ആരാണ് സൈന്യാധിപൻ?” ചൈനീസ് രഹസ്യവകുപ്പ് വിവരമറിയിച്ചു: “ലെഫ്റ്റനന്റ് ജെനറൽ ചുപ്പാമണി അയ്യർ.”

“പാണ്ടിയാണോ?” പീക്കിങിൽ നിന്നു ചോദ്യം.

“അല്ല. കല്പാത്തിക്കാരൻ സ്വാമി.” എന്ന് രഹസ്യവകുപ്പ്.

ഉറങ്ങിക്കിടപ്പായിരുന്ന മാവോസേതൂങ്ങിനെ വിളിച്ചുണർത്തി വിവരമറിയിച്ചു.

“ചുപ്പാമണി അയ്യരോ?” മാവോ ചോദിച്ചു. പിന്നെ അദ്ദേഹം എന്തോ പറയാൻ ശ്രമപ്പെട്ടു. ശബ്ദം പൊങ്ങിയില്ല. അവസാനം ‘അയ്യോ!’ എന്ന നിലവിളിയോടെ അദ്ദേഹം മറിഞ്ഞുവീണു.

ബോധം തിരിച്ചുകിട്ടാതെ തന്നെ മാവോസേതൂങ് മരിയ്ക്കുകയാണുണ്ടായത്. നാം ചെയ്തതു കടുംകൈയ്യായിരുന്നു എന്നു പറയാം. പക്ഷേ, രാഷ്ട്രങ്ങൾ തമ്മിലാവുമ്പോൾ അങ്ങിനെയൊക്കെയല്ലേ?

പിന്നീടൊരിയ്ക്കലും ചൈനക്കാർ നമ്മോടു പോരിനു പുറപ്പെട്ടിട്ടില്ല. പുതുവാൾമാർ, അക്കിത്തിരിമാർ, ചെമാതിരിമാർ, നമ്പിടിമാർ, തന്ത്രിമാർ എന്നിവരും നമ്മുടെ ‘റിസർവ്’ അണികളിൽ ഉണ്ടെന്ന വിവരം നാം ചൈനക്കാർക്കു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തിരുന്നു.

ഒരു രഹസ്യം കൂടി പറഞ്ഞു നിർത്താം. ഈ സൈനിക ഉദ്യോഗസ്ഥന്മാരാരും തന്നെ മലയാളികളോ അമ്പലവാസികളോ ആയിരുന്നില്ല. ലെഫ്റ്റനന്റ് ഗ്രോവർ, മേജർ ബത്ര, കേണൽ ഖുറാന, ജനറൽ ചാവ്‌ല, എന്നിങ്ങനെയുള്ള പഞ്ചാബികൾ അമ്പലവാസി ചമഞ്ഞ് ചൈനക്കാരെ അമ്പരപ്പിച്ചതായിരുന്നു.

കൃഷ്ണമേനോൻ അന്തരിച്ചു കഴിഞ്ഞിരുന്നെങ്കിലും പന്നിയങ്കരക്കാരനായ മേനവന്റെ പയറ്റുമുറകൾ പിൻപറ്റിയാണ് ഈ തന്ത്രം ആവിഷ്കരിച്ചതെന്ന് മാതൃഭൂമിയുടെ ന്യൂദില്ലി ലേഖകൻ സമ്പാദകന്മാരോടു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here