ആകാശമേ നീ ആർക്കു സ്വന്തം..
അറിയില്ല..
പറവകളെ, പക്ഷം തളരുവോളം പറന്നുല്ലസിക്കുക..
സൂര്യനെ വിഴുങ്ങും സമുദ്രമേ…
നീ ആർക്കു സ്വന്തം..
തീരത്തെ പുൽകി സായൂജ്യമടയു തിരകളെ…
അനുരാഗം മൂളിവരും ഇളംകാറ്റേ..
നീ ആർക്കു സ്വന്തം..
പൂമരച്ചില്ലകളെ ചുംബിച്ചുണർത്തുക..
ഹിമവൽ പുത്രികളാം നദികളെ..
ഒഴുകുക…
വരണ്ടമണ്ണിൻ കണ്ണീർപാടുകൾ തുടച്ചുമാറ്റുക..
രാമഴത്തുള്ളികളിൽ കുളിരും തരുക്കളെ..
തളിർക്കുക..
തണലേകുവാൻ ഹരിതകുട നിവർത്തീടുക…
ചന്ദ്രികചൊരിയുന്ന പാൽനിലാവേ..
പുണരുക..
നിൻനിത്യപ്രണയിനിയാകുമി ധരിത്രിയെ….
പുലർമഞ്ഞുപുതച്ച പുൽക്കൊടികളേ…
ഉണരുക..
പുത്തനുഷസ്സിനു തിലകം ചാർത്തീടുക..
ആറടിമണ്ണിൻ ജന്മിയാം മാനവാ…
അറിയുക…
നിഴൽപോലുമിന്നു നിനക്കന്യമാണെന്ന സത്യം…











