ആദ്യം പുറം കണ്ണു തുറന്നീടാൻ പകലോനും
അകതാരിന്നകം കണ്ണു തുറന്നിടാനാശാനും
അണ്ണാറകണ്ണനും തന്നാലാവതു ചെയ്യേണം
അധികമായായമൃതും വിഷം തന്നേന്ന് .
അന്തമില്ലാത്തതാംചിന്തകൾ ചിതമല്ല
അതിരു കടക്കുന്ന തട്ടാ മുട്ടീമകറ്റീട്ടു
അധിക പ്രസംഗവുമുചിതമല്ലൊട്ടുമേ
അന്തം വിട്ടുള്ളതാം പേടിയുമകറ്റണം.
അങ്ങനെയിങ്ങനെയിഴഞ്ഞ ചെയ് വിന
അടി കഴിഞ്ഞിട്ടാ വടി വെട്ടാനൊരുക്കവും
അടി തൊട്ടുമുടി വരെയലകെല്ലാം മാറ്റണം
അമ്മാനമാടിക്കൊണ്ട് വിദ്യകൾ കാട്ടണം.
അരപ്പണിയൊരിക്കലും യാശാനേ കാട്ടല്ലേ
അരിശമോടാശാനോ നല്ലതു പഠിപ്പിക്കും
ആശാന്റെ കളരിയിൽ ചൊല്ലുകളടിച്ചങ്ങു
ആശാന്റെ കീഴിലടക്കമൊതുക്കവുമായി.
അടിയിരിക്കുന്നിടം ചെകിടു കാട്ടീടല്ലേ
അടി കൊണ്ടു പുളി കുടിച്ച് കരവുമടക്കല്ലേ
അടിയ്ക്കടിയുള്ളൊരാ ദുരിത കടലിലും
അടിയുറച്ചൊരാ കഴലുമായിയുറപ്പോടെ.
അത്താഴം മുട്ടുന്ന ദ്രോഹങ്ങൾ കാട്ടല്ലേ
അണ്ടിയോ മാവോ മൂത്തേന്നളക്കല്ലേ
അടിക്കല്ലിളക്കുന്ന ചെയ് വിനയരുതേ
അടിച്ചു കുതിക്കേണം യടക്കമോടെന്നും .
അടി തെറ്റി വീഴുമ്പോയാലോചനയോടെ
അന്തിച്ചു നിൽക്കാതവസരമുചിതം പോൽ
അമളി പിണഞ്ഞാലുയഭ്യാസിയായീടേണം
ആളുംതരവുംപോൽയിണങ്ങാനൊരുങ്ങണം
അങ്കം വെട്ടുമ്പോൾ തണ്ടിക്കു തണ്ടിയായി
അച്ചാരകച്ചോടം നടന്നില്ലേ പിച്ചാത്തി കാട്ടല്ലേ
അഞ്ചാം തരക്കാരോടുചിതമാം വിധമങ്ങും
അടുപ്പത്തിലാദരിച്ചീടാത്തിടം പോകരുത്.
അഭിപ്രായമാരായുമ്പോസമർത്ഥരോടങ്ങു
അരങ്ങേറ്റതികവുണ്ടേയരങ്ങത്താളാകാൻ
അറുത്തു മുറിച്ചൊന്നും വിടുവായിലോതല്ലേ
ആളോടിണങ്ങീട്ടു തരം പോൽ നിൽക്കേണം.
അതിരു കടന്നോരഭിനയം വേണ്ടാന്ന്
അടിമപ്പെടുമ്പോഴായടിയറവോടെയും
അടുത്തു കൂടെണംപെരിയോരെ കണ്ടാൽ
അടികളി പഠിച്ചിട്ടു നിവർന്നു നിന്നീടണം,
അപഹാരകാലത്തിലാ ശുക്രൻ നിന്നീടിൽ
അടിയ്ക്കടികേറ്റമാണെന്നു കരുതണം
അപഹാരകാലത്തിലാ ശനി നിന്നീടിൽ
ആപത്തു കാലമെന്നു കരുതീടേണം.
അരതലമുറുക്കീട്ടെപ്പോഴും സമമായി
അലഞ്ഞുതിരിയാതെ യഴിച്ചു പണിയണം
അരക്കൈനോക്കാനരങ്ങത്തുണ്ടാകേണം
അടിച്ചു കളിച്ചെന്നും കേമരായി മാറേണം.
ആകാശകുസുമത്തേ കിട്ടുമെന്നോർക്കല്ലേ
ആനക്കു മണി കെട്ടാനൂക്കോടൊരുങ്ങല്ലേ
ആനപിടിച്ചാലുമാ പോയ ബുദ്ധിയേയില്ല
ആറിയകഞ്ഞിയോ പഴകഞ്ഞിയാണെന്നും.
ആസനമുറപ്പിച്ചേയാളാകാൻ നോക്കാവു
ആളുമർത്ഥവുമുണ്ടേലാളുകൾ കൂടീടും
ആളിനേ മാനിക്കാനോ സ്ഥാനമുണ്ടാക്കണം
ആളൊപ്പം കൂട്ടുവാൻ സമർത്ഥനായീടണം.
ആരു കണ്ടാലുമൊന്നതിശയിക്കേണം
ആളു കൂടുമ്പോ പള പള മിന്നേണം
ആരേയും അളക്കുന്ന ചിന്തയോടെന്നും
അടിമുടി മാറ്റുന്ന അഭ്യാസിയാകണം.











