LIMA WORLD LIBRARY

പ്രതിസന്ധി അതിരൂക്ഷം; വഴിയറിയാതെ ലങ്ക

ചെന്നൈ ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന പോകുന്ന ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം കഴിഞ്ഞ 3 ദിവസമായി അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഭക്ഷണം, ഇന്ധനം തുടങ്ങി അവശ്യവസ്തുക്കളെല്ലാം തീർന്ന അവസ്ഥയാണു രാജ്യത്ത്. സ്കൂൾ, കോളജ്, സർക്കാർ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞുകിടക്കുന്നു. ചില ആശുപത്രികൾ പോലും പ്രവർത്തിക്കുന്നില്ല. വൈദ്യുതിയും കൃത്യമായി ഇല്ല.

ജനങ്ങളുടെ അസ്വസ്ഥത അതിരുവിടുന്നതിൽ അദ്ഭുതമില്ല. വ്യാഴാഴ്ച മുതൽ ജനങ്ങൾ കൊളംബോയിലേക്കു പ്രതിഷേധവുമായി വന്നുകൊണ്ടിരിക്കുകയായിരുന്നു. പൊലീസ് പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചതിനു പിന്നാലെ അതു മഹാമുന്നേറ്റമായി പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു. 1986 ൽ ഫിലിപ്പീൻസിലെ ജനകീയ മുന്നേറ്റത്തെ ഓർമിപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കാണുന്നത്.

ശ്രീലങ്കൻ ഭരണഘടന പ്രകാരം പ്രസിഡന്റ് രാജിവച്ചാൽ പ്രധാനമന്ത്രിക്കു പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്യാം. എന്നാൽ, ഗോട്ടബയ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതായി പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാലും സ്ഥാനമേൽക്കാൻ നിൽക്കാതെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. അടിയന്തരമായി പാർലമെന്റ് സമ്മേളനം വിളിക്കാൻ പ്രധാനമന്ത്രി സ്പീക്കറോട് അഭ്യർഥിച്ചിട്ടുണ്ട്.

‘എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സർവകക്ഷി സർക്കാർ രൂപീകരിക്കുക എന്ന നിർദേശം ഞാൻ സ്വീകരിക്കുന്നു. അതിനായി രാജിവയ്ക്കാൻ തയാറാണ്’ എന്നാണ് സർവകക്ഷി യോഗത്തിനു ശേഷം റനിൽ ട്വിറ്ററിലൂടെ അറിയിച്ചത്.

ഗോട്ടബയയും റനിലും രാജിവയ്ക്കുക, സ്പീക്കർ 30 ദിവസം വരെ പ്രസിഡന്റിന്റെ ചുമതല നിർവഹിക്കുക എന്ന ഫോർമുല ഭൂരിപക്ഷം കക്ഷിനേതാക്കളും അംഗീകരിച്ചതായി പ്രതിപക്ഷ എസ്ജെബി പാർട്ടി എംപി ഹർഷ ഡി സിൽവ പറഞ്ഞു. ‘അടുത്ത പ്രസിഡന്റിനെ എംപിമാർ തിരഞ്ഞെടുക്കും. ഇടക്കാല സർവകക്ഷി സർക്കാരും ഉടൻ നിലവിൽ വരും. വൈകാതെ തിരഞ്ഞെടുപ്പും പ്രഖ്യാപിക്കും’– ഹർഷ പറഞ്ഞു.

കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയ്ക്കു താൽക്കാലികമായ രാഷ്ട്രീയ നീക്കുപോക്കുകൾ കൊണ്ട് ആശ്വാസമുണ്ടാകുമോ എന്നു കണ്ടറിയുക തന്നെ വേണം.

Content Highlight: Sri Lanka economic crisis

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px