ലണ്ടൻ ∙ പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിവച്ച ഒഴിവിലേക്കു സ്ഥാനാർഥികളുടെ എണ്ണം ഒൻപതായി. ഇന്നലെ 5 പേർ കൂടി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെയാണു മത്സരരംഗം സജീവമായത്. സെപ്റ്റംബർ 5നാണു പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കുക. വാണിജ്യ സഹമന്ത്രി പെന്നി മോർഡൗന്റ്, ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, ധനമന്ത്രി നാദിം സഹാവി, മുൻമന്ത്രിമാരായ ജെറമി ഹണ്ട്, സാജിദ് ജാവിദ് എന്നിവരാണ് ഇന്നലെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
നിലവിലുള്ള സ്ഥാനാർഥികളിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനാണ് ഏറ്റവുമധികം സാധ്യത പ്രവചിക്കുന്നത്. വിദേശകാര്യ മന്ത്രി ലിസ് ട്രസ് രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യൻ വംശജയായ നിയമമന്ത്രി സ്യുവെല്ല ബ്രേവർമാൻ, നൈജീരിയൻ വംശജ കെമി ബെഡനോക്, പാർലമെന്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷൻ ടോം ടുഗെൻദാറ്റ് എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ.
കൺസർവേറ്റിവ് (ടോറി) പാർട്ടിയിലെ 8 എംപിമാർ പിന്തുണയ്ക്കുന്നവർക്കാണ് പാർട്ടി നേതൃസ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കാൻ യോഗ്യതയുള്ളത്. ഒന്നിലധികം പേർ മത്സരരംഗത്തെത്തിയതോടെ രഹസ്യവോട്ടെടുപ്പുകളിലൂടെയാകും തിരഞ്ഞെടുപ്പ്. 21നകം ഇവരിൽ നിന്ന് രണ്ടു പേരെ തിരഞ്ഞെടുക്കണം. തുടർന്ന് അവരിലൊരാളെ നേതാവായി തിരഞ്ഞെടുക്കും. സെപ്റ്റംബർ 5 നു പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കും.
English Summary: UK PM’s campaign













