LIMA WORLD LIBRARY

ശ്രീയും പിന്നെ അശ്രീയും. – എം.തങ്കച്ചൻ ജോസഫ്

ശ്രീകൾക്കൊരപമാനം ചാർത്തുന്നു ചില ശ്രീകൾ
ശ്രീമതി നീയെന്തേ വൈകി വന്നു..
അതി ജീവനത്തിന്റെമൃദുലമാനസ്സങ്ങളിൽ
കരിനിഴൽ ചാർത്തുവാൻ കാത്തിരുന്നോ

പാടിപ്പതിഞ്ഞൊരീ പഴയൊരാ ഗാനത്തിൻ
പല്ലവി ചേരുവാൻ ദാഹമെന്നോ..
ആടിത്തിമിർക്കുമൊരു ആട്ടക്കഥയിലെ
കത്തി വേഷത്തിന്റെ മൂർദ്ധഭാവം.

മുറിവേറ്റ പെണ്ണിന്റെ മിഴിവറ്റിത്തീർന്നിട്ടും
കരിനിഴലാടുന്നു കരിനാഗങ്ങൾ
കാലം നിനക്കേകും കള്ളിമുൾപ്പാതയിൽ
കൺകെട്ടി നിൽക്കുന്നു നിയമദേവി..

നാരിക്കരികളാം നാരികൾത്തീർക്കുന്നു
നാഗലോകത്തിന്റെയന്ധകാരം
കെട്ടിപ്പെടുത്തുമൊരു നൽപ്പേരുംപെരുമയും
തട്ടിത്തകരുന്നു നിമിഷനേരം.

ശ്രീപദമൊരുവേഷം മാത്രം ചിലർക്കെങ്കിൽ
കാലം പൊഴിക്കുമൊരു പാമ്പിൻ പടം.
അശ്രീകരത്തിന്റെ മൂർദ്ധഭാവങ്ങളെ
ചൂടുവാനെത്രയോ ശ്രീപദങ്ങൾ

ഉന്മയെക്കാണുവാൻ നന്മയെപുല്കണം
വെണ്മനിറഞ്ഞ നല്ഭാവങ്ങളും
ശ്രീപദം ചാർത്തുന്ന സ്ത്രീത്വഭാവങ്ങളെ
ചേർത്തു വെച്ചീടുന്നു കാലങ്ങളെന്നും.
🌷
എം.തങ്കച്ചൻ ജോസഫ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px