കൊളംബോ ∙ ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ നാളെ പാർലമെന്റിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനമേറ്റുവാങ്ങി ആക്ടിങ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പൊലീസിനു കഴിയില്ലെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിലാണ് സേനയ്ക്കു കൂടുതൽ അധികാരം നൽകുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കി. നാളത്തെ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർലമെന്റിലും പരിസരങ്ങളിലും സുരക്ഷ വർധിപ്പിച്ചു. പാർലമെന്റിലേക്കുള്ള പല റോഡുകളും അടച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ഇന്നു സമർപ്പിക്കും. ഭരണകക്ഷിയുടെ പിന്തുണയോടെ റനിൽ വിക്രമസിംഗെ (യു.എൻ.പി), പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, ജനത വിമുക്തി പെരമുനയുടെ (ജെവിപി) അനുര കുമാര ദിസനായകെ, എസ്എൽപിപി (ശ്രീലങ്ക പൊതുജന പെരമുന)യുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമ എന്നിവരാണ് മത്സരിക്കുന്നത്.
പാർലമെന്റ് അംഗങ്ങളെ വഴിവിട്ടു സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായി റനിൽ ആരോപിച്ചു. അതേസമയം, അപ്രതീക്ഷിത അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ‘റനിൽ രാജപക്സെ’ എന്ന് തമിഴ് നാഷനൽ അലയൻസ് നേതാവ് സുമാന്തിരൻ വിമർശിച്ചു. ജീവിതം സാധാരണനിലയിലേക്ക് മടങ്ങിയപ്പോൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ ജനങ്ങളും പരിഭ്രാന്തരാണ്.
രാജ്യാന്തര നാണ്യനിധിയുമായുള്ള (ഐഎംഎഫ്) ചർച്ചകൾ അന്ത്യഘട്ടത്തിലാണെന്നും രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയ ഭിന്നത മാറ്റിവച്ച് ദേശീയ സർക്കാർ രൂപവൽക്കരിക്കണമെന്നും റനിൽ അഭ്യർഥിച്ചു.
ഈസ്റ്റർ ബോംബാക്രമണം : ബ്രിട്ടന്റെ സഹായം തേടി
കൊളംബോ ∙ ശ്രീലങ്കയിൽ 2019 ഏപ്രിൽ 21 നു നടന്ന ഈസ്റ്റർ ബോംബാക്രമണത്തിൽ 270 പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശ്രീലങ്ക ബ്രിട്ടന്റെ സഹായം തേടി. യുകെ സർക്കാരിന്റെയും ഇന്റലിജൻസ് ഏജൻസികളുടെയും സഹകരണമാണ് ആക്ടിങ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ അഭ്യർഥിച്ചിരിക്കുന്നത്. ഐഎസ് പിന്തുണയുള്ള തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണ് ബോംബാക്രമണം ആസൂത്രണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.
English Summary: Sri Lanka declares emergency again













