LIMA WORLD LIBRARY

ബഹിരാകാശം, 5ജി, ആരോഗ്യം: യുഎസ്–സൗദി കരാറുകളായി

ജിദ്ദ ∙ ബഹിരാകാശ ദൗത്യം, സൈബർ സുരക്ഷ, 5ജി ഇന്റർനെറ്റ്, പൊതുജനാരോഗ്യം എന്നീ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ അമേരിക്ക – സൗദി ധാരണ. നാസ നേതൃത്വം നൽകുന്ന ബഹിരാകാശ ഗവേഷണ പദ്ധതിയായ ആർമിസ് അക്കോർഡിൽ പങ്കാളിത്ത കരാർ ഒപ്പുവച്ച സൗദിയുടെ നടപടിയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു.

യെമനിൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിനു മുൻകൈ എടുത്ത സൗദിയുടെ നിലപാടിനെയും അമേരിക്ക സ്വാഗതം ചെയ്തു.

ബൈഡന്റെ സംഘത്തിനൊപ്പം ബോയിങ് എയ്റോസ്പേസ്, റേയ്തോൺ ഡിഫൻസ് ഇൻഡസ്ട്രീസ്, മെഡ്ട്രോണിക് ആൻഡ് ഡിജിറ്റൽ ഡയഗ്‌നോസ്റ്റിക്സ് ഉൾപ്പെടെ ഊർജം, വിദ്യാഭ്യാസം, വസ്ത്രനിർമാണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള കമ്പനികളുടെ പ്രതിനിധികളും സൗദിയിൽ എത്തിയിട്ടുണ്ട്.

അമേരിക്കൻ കമ്പനി ഐബിഎം സൗദിയിൽനിന്ന് ഒരു ലക്ഷം ചെറുപ്പക്കാരെ 5 വർഷം പരിശീലിപ്പിക്കും. അതിവേഗ ഇന്റർനെറ്റ് സേവനമായ 5ജി, 6ജി സാങ്കേതിക വിദ്യാ കൈമാറ്റം, പൊതുജനാരോഗ്യ മേഖല, വൈദ്യശാസ്ത്ര രംഗത്തെ പഠനഗവേഷണങ്ങൾ തുടങ്ങിയവയിലും ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം നിലവിൽ വന്നു.

വാഷിങ്ടൺ പോസ്റ്റ് ജേണലിസ്റ്റ് ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനു പങ്കുണ്ടെന്ന അമേരിക്കയുടെ ആരോപണം അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ ബൈ‍‍ഡൻ ഉന്നയിച്ചു. ആരോപണം നിഷേധിച്ച രാജകുമാരൻ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ ഓർമപ്പെടുത്തി. മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്‌ലയുടെ കൊലപാതകവും അബു ഘരിബ് ജയിലിലെ തടവുകാരെ അമേരിക്കൻ സൈന്യം പീഡിപ്പിച്ചതും ചൂണ്ടിക്കാട്ടി. ഖഷോഗിയുടെ കൊലപാതകം സംഭവിക്കാൻ പാടില്ലാത്തത് ആയിരുന്നെന്നും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സൗദി നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

ഉച്ചകോടിക്കു ശേഷം നടന്ന ഫോട്ടോ ഷൂട്ടിൽ മുഹമ്മദ് ബിൻ സൽമാനിൽ നിന്ന് അകലം പാലിക്കാനും ബൈഡൻ ശ്രദ്ധിച്ചു. കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ രാജകുമാരനു മാത്രം ഹസ്തദാനം ഒഴിവാക്കിയതും വാർത്തയായിരുന്നു.

English Summary: USA – Saudi Arabia contracts signed

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px