LIMA WORLD LIBRARY

രൂപയ്ക്ക് വന്‍ തകര്‍ച്ച; ചരിത്രത്തിലാദ്യമായി ഡോളര്‍ വിനിമയനിരക്ക് എണ്‍പതില്‍

റെക്കോർഡ് തകർച്ച തുടർന്ന് ഇന്ത്യൻ രൂപ. ഡോളറുമായുള്ള വിനിമയത്തിൽ രൂപ 80 പിന്നിട്ടു. 79.98 നിലവാരത്തിൽ വ്യാപാരം തുടങ്ങി നിമിഷങ്ങൾക്കകം ഡോളറിനെതിരെ രൂപയുടെ മൂല്യം 80 രൂപ കടന്നു. ക്രൂഡോയിൽ വില ഉയർന്നുനിൽക്കുന്നതാണ് രൂപയെ ദുർബലമാക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. വിലക്കയറ്റവും നാണ്യപ്പെരുപ്പവും ഇറക്കുമതിച്ചെലവ് കൂടുന്നതും വിദേശ വിദ്യാഭ്യാസത്തിന് ചെലവേറുന്നതും ഉൾപ്പെടെ വിവിധ മേഖലകളിൽ രൂപയുടെ തകർച്ച ബാധിക്കും.

ഡോളറുമായുള്ള വിനിമയത്തിൽ ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ രൂപ 80 കടക്കുന്നത്. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 80 രൂപ മറികടന്നെങ്കിലും പിന്നീട് തിരിച്ചെത്തിയിരുന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതും ഡോളർ ശക്തിപ്പെടുന്നതിനാൽ ഇന്ത്യയിലെ വിദേശനിക്ഷേപ സ്ഥാപനങ്ങൾ നിക്ഷേപം വ്യാപകമായി പിൻവലിക്കുന്നതും മുതൽ റഷ്യ- യുക്രൈൻ യുദ്ധം വരെ രൂപയുടെ മൂല്യ തകർച്ചയ്ക്ക് കാരണമാണ്.

105 ഡോളറാണ് ഒരു ബാരൽ ക്രൂഡിന്റെ വില. റഷ്യ-യുക്രൈൻ സംഘർഷം അവസാനിക്കാതെ ക്രൂഡോയിൽ വില ഇടിയാനുള്ള സാഹചര്യമില്ല. ആഭ്യന്തര വിപണിയിൽ രൂപ മാറി ഡോളർ വാങ്ങിയാണ് ഇറക്കുമതി നടത്തേണ്ടത് എന്നതിനാൽ ഡോളറിന്റെ മൂല്യം വർധിക്കുന്നത് ഇറക്കുമതി ചെലവ് കുത്തനെ കൂട്ടും. ഇത് വിലക്കയറ്റത്തിന് കാരണമാകും. വിദേശ വിദ്യാഭ്യാസത്തിനും വിദേശയാത്രയ്ക്കും ചെലവേറും. ഡോളറിൽ ഫീസ് ഈടാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ കൂടുതൽ രൂപ മുടക്കേണ്ടി വരും. താമസച്ചെലവും കൂടും.

ആഗോള വിപണിയിൽ ഡോളർ ശക്തമായതിനാൽ  മൂന്നാം ലോകരാജ്യങ്ങളിലെ വിപണികളിൽനിന്ന് നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നുണ്ട്. ഇന്ത്യയിൽനിന്ന് ഈ വർഷം മാത്രം 28 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് വിദേശനിക്ഷേപക സ്ഥാപനങ്ങൾ പിൻവലിച്ചത്. രാജ്യാന്തര  വ്യാപാരം രൂപയിൽ നടത്താൻ ആർബിഐ കൊണ്ടുവന്ന സംവിധാനം പോലും ഫലപ്രദമായിട്ടില്ല. റഷ്യ എണ്ണയും പ്രകൃതിവാതകവും യൂറോപ്പിലേക്ക് നൽകുന്നത് നിർത്തുന്നതോടെ ഈവർഷാവസാനത്തോടെ യൂറോപ്പിൽ സാമ്പത്തിക മാന്ദ്യം ആസന്നമാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഡോളറിനെതിരെ ബ്രിട്ടീഷ് പൗണ്ടും ജാപ്പനീസ് യെന്നും യൂറോയുടെയും മൂല്യവും കുറഞ്ഞിട്ടുണ്ട്. അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന പുതിയ നയതീരുമാനവും രൂപയുടെ തകർച്ചയ്ക്ക്  ഇനിയും കാരണമായേക്കാം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px