മോഹങ്ങൾ മൗനങ്ങളായി ന്നെന്നിൽ പുഞ്ചിരിച്ചു
മോഹന ശില്പമായ് നീയും
എന്മുന്നിൽ നിവർന്നു നിന്നൂ.
കാലത്തിൻ കളിത്തൊട്ടിലിലമ്മാനമാടി
കാലക്കേടിൻ കരാള നടനത്തിലൊരു പിടി ചാരമാവാതെ കാക്കുവാൻ
കഴിയില്ലൊരു വിധിക്കും
തോറ്റുപോയവനിന്നാകാശം ശൂന്യമായ്
വ്യർത്ഥമാം സ്വപ്നങ്ങളെ പെറ്റു കൂട്ടുന്ന തിരക്കിലായ്
മർത്ത്യരോരോരുത്തരും കടുത്ത നിലപാടിലുറച്ചു
മടക്കാറു ഗർജ്ജിച്ചു
മഴക്കാടുകൾ കത്തിപ്പടർന്നു.
കടലിരമ്പത്തിന്നാരവങ്ങളിൽ
നക്ഷത്രങ്ങൾ മൂകസാക്ഷികളായ്
പെൺമനം തേങ്ങിക്കരയുന്ന മാത്രയിൽ
കറുത്ത പക്ഷി ചിറകറ്റു വീഴുന്നു.
ഞെട്ടറ്റു വീണൊരിലയെ നോക്കി
കാലം സാക്ഷിയായ് തുറിച്ചു നോക്കവേ
മരങ്ങളിൽ മഞ്ഞു പെയ്യുന്ന മാത്രയിൽ
വിടർന്നു നിൽക്കുന്ന തൂമഞ്ഞുതുള്ളിപോൽ
മിഴികൾ തുളുമ്പി നിൽക്കുന്നൊരു വേള
കാമത്തിൻ കൂർത്ത നഖമുനകളാൽ
കോറിയിട്ടോരു മുറിപ്പാടു തുന്നി
അങ്ങകലെയൊരു പക്ഷി രാവിനെ ശപിച്ചു കൊണ്ടെത്ര നാൾ തള്ളിനീക്കുമെന്ന റിയാതെ
ഒറ്റപ്പെട്ട ചുടുനിശ്വാസത്തിലിത്തിരി നേരം നിശ്ശബ്ദതയെ പ്രണയിച്ചു പോയ്.
നോക്കി നിൽക്കേ വീണുടയുന്ന വെളിച്ചത്തിലേക്കൊന്നെത്തി നോക്കവേ
ഇടനെഞ്ചിലോർമ്മതൻ ചീളുകൾ തറച്ചു പോയ്.
നീറുന്ന നൊമ്പരക്കനലിലിരുന്നു ഞാൻ
തിരികെയൊഴുക്കട്ടെ നൊമ്പരക്കടലിലെൻതാപം.
മാടി വിളിക്കരുതെന്നെ
കാലമേ യാത്ര തന്നീടുക എന്നേയ്ക്കുമായ്
മടുത്തു പോയെൻ്റെ മനസ്സു പിടി വിട്ടു
ചവച്ചു തുപ്പുന്നു കടുത്ത വാക്കുകൾ.











