നാട്ടുവഴിയിലെ തൊടുകുറിയായെന്നും
നടമാടുന്ന നൽമൊഴികളുണ്ടങ്ങനെ
നന്മ നിറഞ്ഞൊരായരുമകളൊക്കെ
നന്നായി പാടിയ പാണന്റെ തന്തുടി.
നാട്ടു ശീലിലെല്ലാ നല്ല പാഠങ്ങളും
നല്ലപ്പോൾ തന്നെ പറഞ്ഞേച്ചു പോയവർ
നാട്ടുനടപ്പായതു വരച്ച വൃത്തങ്ങളിൽ
നിറമണിയുന്ന ചരിത്രം രചിച്ചല്ലോ.
നാട്ടുവഴിയിലെ പ്രകൃതി രമണീയം
നല്ലാടയണിഞ്ഞു ഹരിതാഭയാർന്നു
നിറകുടമായങ്ങാടുന്ന മങ്കമാരായി
നെഞ്ചിലാകെ കുളിരായിത്തീരുന്നു.
നുള്ളിയെടുത്തെന്റെ കണ്ണുകളിൽ
നെല്ലിട മാറാത്ത ചിത്രം ചമച്ചല്ലോ
നന്മയിലാണ്ടതാം ചിത്രങ്ങളോ
നാലുകെട്ടിൻ പെരുമയായീടുന്നു.
നല്ലവർ പാടിയ നാടാടി ശീലുകൾ
നടവഴിയോരത്തു തെളിഞ്ഞു കേൾക്കാം
നിർവൃതിയാണായൊഴുകുന്നതാകെ
നെറ്റിചുളിക്കേണ്ടതൊന്നുമേയില്ല.
നേർവഴിയായിയൊരുപാടറിവുകൾ
നേരോടലിഞ്ഞവർ പാടീടുമ്പോൾ
നഗര ഗീതങ്ങളൊക്കെ തോറ്റോടും
നാകമാക്കി തീർക്കുന്നതന്ത്യത്തിൽ.
നെടുനായകർക്കൊന്നുമളക്കാനാവില്ല
നാക്കിന്റെ തുമ്പിലൂടൂറുന്ന പഴമകൾ
നഞ്ചിയമ്മ പാടിയ നല്ല സംഗീതങ്ങൾ
നല്ലമ്മ തന്നൊരാ തനിമ തന്നെയായി.
നാടോടുന്നൊരാ നല്ല സംഗീതങ്ങൾ
നെഞ്ചുപൊട്ടും നോവിലുതിർന്നതാം
നീക്കുപോക്കറിയാ ശ്രുതി താളത്തിൽ
നെഞ്ചിൽ നിന്നുരുവായ സത്യങ്ങൾ.
നീറ്റലിലുറയുന്ന താള തുടിപ്പിലായി
നീളെയുണർന്നു തുടിക്കുന്ന തന്തുടി
നാദമായി തീർന്നൊഴുകും കണ്ഠത്തിൽ
നല്ലതല്ലാതൊന്നും പറയാനില്ലതിൽ .
നിലയും വിലയുമറിയാനിധിയുമായി
നാടോടി തെണ്ടുന്ന നായാടികൾ
നാഴിയരിക്കായിയാടുന്ന കാഴ്ചയിൽ
നാലിണ കിട്ടാനായി പാടുന്ന പാട്ടുകൾ.
നമസ്തേന്നെടുത്തിതാ നഗരങ്ങൾ
നന്നായി പുതുക്കീട്ടു ഞെളിയുന്നങ്ങനെ
നാടുനീങ്ങാത്ത മാർഗ്ഗ സംഗീതങ്ങൾ
നീണാൾ വാഴട്ടെ നാൾക്കു നാളങ്ങനെ.
നാടേറേയുണ്ടാദേശി സംഗീതങ്ങൾ
നടമാടുന്നൊരമലതയോടങ്ങനെ
നാൾക്കു നാൾ മിന്നുന്ന രത്നമായി
നാലകത്തെ ശ്രീലകം വാഴുന്നതു.
നാളെത്ര കഴിഞ്ഞാലുമണയില്ലതു
നേരോടെ നിറയുന്ന ദീപാലങ്കാരങ്ങൾ
നേർവഴി കാട്ടാനമരത്തങ്ങനെ
നാടോടി ഗീതമായിയെന്നുമെന്നും.
നാക്കിലിറ്റുന്ന പൂന്തേൻ മധുരമായി
നാലകത്തെന്നുമേ യഭിമാനമോടെ
നാടോടി പെരുമകളനവധയുണ്ട്
നാടിന്റെ ശ്രീയായി വിലസീടുന്നു.
നല്ലവർ ചൊന്നൊരു മുതുനെല്ലിക്കകൾ
നന്നായി ചവച്ചാലാദ്യം കയ്ച്ചീടും
നന്നേയറിയുമാമധുരമങ്ങന്ത്യത്തിൽ
നല്ലതായിയതുതന്നെയുള്ളെന്നും.











