LIMA WORLD LIBRARY

ഫ്രാൻസിലെ നേർക്കാഴ്ചകൾ – രാജേന്ദ്രൻ വള്ളികുന്നം

തനിക്കൊരു പുത്രനുണ്ടായിരുന്നെങ്കിൽ അവനെ അമേരിക്കയിലല്ല ഫ്രാൻസിലാ യിരിക്കും പഠിപ്പിക്കുയെന്ന് സുകുമാർ അഴീക്കോട് പറയുകയുണ്ടായി. അമേരിക്കയും ഫ്രാൻസും ലോകത്തെ പ്രധാനപ്പെട്ട രണ്ട് ജനാധിപത്യ രാജ്യങ്ങളാണെങ്കിലും അമേരിക്കൻ ഭരണകൂട താല്പര്യങ്ങൾ മിക്കപ്പോഴും മാനവികതയിൽ നിന്നകന്നുനിൽക്കുന്നതും യുദ്ധോത്സുകവുമാ യിരിക്കും. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തെ വെറുമൊരു പ്രതിമയാക്കിയ അമേരിക്കയെന്ന് പെറുവിയൻ കവിയായ നിക്കോൺ പാറ പാടിയത്. എന്നാൽ ഫ്രാൻസ് സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സ്വപ്നം കാണാൻ ലോകത്തെ പഠിപ്പിച്ചു. ജർമ്മനിക്ക് പട്ടാളവും ഇറ്റലിക്ക് പോപ്പും ഉള്ളപ്പോൾ ഫ്രാൻസിന് സർവ്വകലാശാല കളാണ് ഉള്ളത്. മലയാളികളുടെ സാഹിത്യ കലാഭിരുചികളെ നവീകരിക്കുകയും പുതുക്കിപ്പണിയുകയും ചെയ്ത ഫ്രാൻസിന്റെ ചരിത്രത്തെയും സംസ്‌ക്കാരത്തെയും അറിയുകയെന്നാൽ ലോകത്തിന്റെ വെളിച്ചത്തെ ഹൃദയത്തിൽ നിറയ്ക്കലാണ്. ഇവിടെയാണ് കാരൂർ സോമന്റെ ‘കണ്ണിന് കുളിരായി എന്ന യാത്രാവിവരണത്തിന്റെ’ പ്രസക്തി വർദ്ധിക്കുന്നത്.

സെയിൻ നദിയുടെ ഇരുകരകളിലായി കിടക്കുന്ന ഗ്രീക്ക് ഇതിഹാസസുന്ദരിയാണ് പാരീസ്. നോർത്രദാം കത്തീഡ്രലിന്റെ മണിമുഴക്കമാണ് ഈ നഗരസുന്ദരിയുടെ ഹൃദയസ്പന്ദനം. സിറ്റി ഓഫ് ലൗ, സിറ്റി ഓഫ് ആർട്ട്, ദി മോസ്റ്റ് റൊമാന്റിക് സിറ്റി തുടങ്ങിയ വിശേഷണങ്ങൾ കൊണ്ട് ലോകം ഈ പരിഷ്‌കൃതനഗരിയെ അണിയിച്ചൊരുക്കുന്നു. ഓരോ വർഷവും മൂന്ന് കോടിയിലധികം വിദേശികൾ ഇവിടെയെത്തുന്നു. ഓരോ സന്ദർശകർക്കും പാരീസ് നൽകുന്ന അനുഭൂതികൾ വ്യത്യസ്തം. ഏണസ്റ്റ് ഹെമിങ്ങ്‌വേയ്ക്ക് ഇവൾ ഉല്ലാസലഹരി നിറച്ച ഓരു വീഞ്ഞുകോപ്പ. എസ്രാപൗണ്ടിന് നുരഞ്ഞുപതഞ്ഞ കാവ്യപ്രചോദനം. എഴുത്തുകാരന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഇതുവരെയും പാടിത്തീരാത്ത ഒരു പാട്ടാണ് പാരീസ്. ഇതുവരെയും വരച്ചുതീരാത്ത ക്യാൻവാസ്. പ്രണയിച്ചുതീരാത്ത ഒരു ഹൃദയം. ചിന്തകൾ തുരുമ്പിക്കാത്ത ഒരു മസ്തിഷ്‌കം.’

 

നവോത്ഥാന പ്രബുദ്ധതയ്ക്ക് തീ കൊളുത്തിയ നഗരമായിരുന്നു പാരീസ്. ലോകത്താ ദ്യമായി തെരുവു വിളക്കുകൾ പ്രകാശിച്ചതും ഇവിടെയായിരുന്നു. പാരീസിന്റെ മഹാപ്രൗഡിയ്ക്ക് ഗാംഭീര്യം സമ്മാനിക്കുന്ന ഈഫൽ ഗോപുരം മാത്രംമതി ലോകം ഈ മഹാനഗരത്തെ മതിമറന്നു പ്രണയിക്കുവാൻ. നദിക്കരയിൽ രണ്ടുകാലും വിടർത്തിനിൽക്കുന്ന നാഗരിക പ്രലോഭനത്തിന്റെ  നീണ്ടുമെലിഞ്ഞ കഴുത്തുനീട്ടിയുള്ള ഇരുമ്പിന്റെ ഈ അഴക് ഒരു പെൺശരീരമായി കാരൂർ സോമന് അനുഭവപ്പെടുന്നു. അധികാരവും കാമവും ഇഴചേർന്നുണ്ടായ ഈഫൽ ടവർ ഫ്രഞ്ചു വിപ്ലവത്തിന്റെ നൂറാം വാർഷികത്തിൽ ഉദ്ഘാടനം ചെയ്ത് ലോകത്തിന് സമർപ്പിച്ചപ്പോൾ അത് ഫ്രഞ്ചു ജനതയുടെ ഒരിക്കലും അവസാനിക്കാത്ത സ്വാതന്ത്ര്യദാഹത്തിന്റെ പ്രതീകം കൂടിയായി ത്തീർന്നു. ഉന്മാദവും ലഹരിയും നരഞ്ഞുപതഞ്ഞ രാത്രികളിൽ മോപ്പസാങ്ങിനെപ്പോലെയുള്ള സത്യാന്വേഷികൾക്ക് തോന്നിയത് ഈഫൽ ടവർ മനുഷ്യനിർമ്മിത അസ്ഥിപഞ്ജരമായിട്ടാണ്. മനുഷ്യരുടെ വിചിത്രമായ തോന്നലുകളാണല്ലോ ലോകത്തെ നവീകരിച്ചുകൊണ്ടിരിക്കുന്നത്.

ഫ്രാൻസിനെക്കുറിച്ച് പറയുമ്പോൾ ആ നാടിന്റെ എഴുത്തുപാരമ്പര്യത്തെക്കുറിച്ചും കലാപാരമ്പര്യത്തെക്കുറിച്ചും ഒരു ഗവേഷകന്റെ ഉൾക്കരുത്തോടെ കാരൂർ സോമൻ വിവരിക്കുന്നു. നോത്രദാമിലെ ഒറ്റക്കണ്ണനും ബധിരനും വിരൂപനും കാട്ടുപോത്തിന്റെ കരുത്തുള്ളവനുമായ ക്വാസിമാദോ എന്ന് കൂനനെ വിശ്വസാഹിത്യവിഹായസ്സിൽ പ്രതിഷ്ഠിച്ച് തന്റെതല്ലാത്ത കാരണങ്ങളാൽ ബഹിഷ്‌കൃതകരാകുന്ന ജീവിതങ്ങളെ ഈശ്വരചൈതന്യത്തോളം ഉയർത്തിയ വിക്ടർഹ്യുഗോവിനെ തൊട്ടുപോകുന്നു. എഴുത്തുകാരനെക്കുറിച്ച് പറയുമ്പോൾ അവരുടെ സാമൂഹിക രാഷ്ട്രീയ സാമൂഹിക പരിസരങ്ങളെക്കുറിച്ചുകൂടി അന്വേഷിക്കുന്നു. ഇവിടെയാണ് എഴുത്ത് രാഷ്ട്രീയവും ജൈവികവുമായിത്തീരുന്നത്. മാത്രമല്ല ചരിത്രാന്വേഷണം സ്വതന്ത്രവും മാനവികവുമായ ജ്ഞാനകലാന്വേഷണയാത്രകളുടെ ഓർമ്മപ്പെടുത്തലുകൂടിയാവുന്നു.

ഫ്രാൻസിന് വിരുദ്ധമായ രണ്ടുമുഖങ്ങളുണ്ട്. വീഞ്ഞുകുടിച്ചും അമിതമായി ഭക്ഷിച്ചും പ്രണയിച്ചും നൃത്തം ചെയ്തും മുന്നോട്ടുപോകുന്ന ഭോഗാസക്തിയുടെ ഒരു മുഖം. മറ്റൊന്ന് വിശ്വാസലഹരിയുടെ ആത്മീയമുഖം. ഇറ്റലി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിശുദ്ധരുള്ള രാജ്യമാണ് ഫ്രാൻസ്. ഓരോ ഗ്രാമത്തിനും നഗരത്തിനും ഓരോ വിശുദ്ധരുണ്ട്. ഭക്തി സ്വകാര്യമായി കൊണ്ടുനടക്കുകയും വിശ്വാസത്തിൽ രാഷ്ട്രീയം ഇടപെടാതിരിക്കുകയും ചെയ്യുന്ന ജനാതിപത്യത്തിന്റെയും സ്വാതന്ത്രത്തിന്റെയും പരമമായ അവസ്ഥയ്ക്ക് ഫ്രാൻസെന്ന് പേരിടാം.

ലോകത്തിൽ ഏറ്റവും കൂടുതൽ തെരുവുകളും വീഥികളുമുള്ള നഗരം പാരീസാണ്. അയ്യായിരത്തിലധികം തെരുവുകൾ. അവിടെയെല്ലാം ചിതറിക്കിടക്കുന്ന ആർട്ട് ഗ്യാലറികളും സിനിമാ തിയേറ്ററുകളും പാരീസിനെ ഏറ്റവും ആധുനികവും ജനാധിപത്യപൂർണ്ണവുമായ പരിഷ്‌കൃത നഗരമാക്കിമാറ്റുന്നു. ദൗർഭാഗ്യവശാൽ പാരീസും മാറുകയാണ്. വഴികളിൽ തിരക്കുകുറഞ്ഞു തുടങ്ങിയിരിക്കുന്നു. പ്രണയോത്സവങ്ങളുടെ നീളുന്ന രാത്രികൾ ഇല്ലാതാകുന്നു. ചെറുപ്പക്കാർ അസ്വസ്തരും അരക്ഷിതരുമാണ്. ജോലിയെക്കുറിച്ചും ഭാവിയെക്കുറിച്ചും ആശങ്കയുണ്ടവർക്ക്. സാമൂഹികസുരക്ഷ നഷ്ടമാകുന്നു. വാരാന്ത്യത്തിൽ മാത്രമേ പാരീസിനിപ്പോൾ നുരഞ്ഞുപതയുന്ന രാത്രി ജീവിതമുള്ളെന്ന് ലേഖകൻ ഓർമ്മപ്പെടുത്തുന്നു.

ഫ്രാൻസിന്റെ ചിരിത്രം യൂറോപ്പിന്റെ ചരിത്രം കൂടിയാണ്. യൂറോപ്പിന്റെ മതബോധത്തെയും കലാബോധത്തെയും നവീകരിക്കുന്നതിലും പുതുക്കിപ്പണിയുന്നതിലും നിർണ്ണായക പങ്കുവഹിച്ച  രാഷ്ട്രമാണ് ഫ്രാൻസ്. ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിൽ നിരന്തര പോരാട്ടത്തിലായിരുന്നു ഫ്രഞ്ച് ജനത. അറുപതിനായിരം പേരുടെ രക്തസാക്ഷിത്വം കൊണ്ട് ഫ്രഞ്ചു വിപ്ലവം ശോണപൂർണ്ണമാകുമ്പോഴും അത് പുതിയൊരു ലോകത്തിന്റെ പിറവിക്കുകാരണമായിത്തീർന്നതാണ് ചരിത്ര പാഠം. ഫ്രഞ്ചു വിപ്ലവം പാരീസിനെ അടിമുടി മതേതരമാക്കി. അത് വംശീയ ചിഹ്നങ്ങളുടെയും മത ചിഹ്നങ്ങളുടെയും കൊമ്പൊടിച്ചുകളഞ്ഞു. അതുകൊണ്ടുതന്നെയാണ് ഭീകരവാദികൾ പാരീസിനെ ലക്ഷ്യമിടുന്നതും!

ദീർഘമായ പ്രവാസ ജീവിതത്തിന്റെ ആഴമുള്ള അനുഭവലോകമാണ് കാരൂർ സോമന്റെ കരുത്ത്. അൻമ്പത്തിയൊന്ന് രാഷ്ട്രങ്ങൾ സന്ദർശിച്ച അനുഭവസമ്പത്താണ് എഴുത്തിന്റെ ജനാധിപത്യ പരിസരം. ശമമില്ലാത്ത അന്വേഷണതൃഷ്ണകളുമായി കാരൂർ സോമൻ യാത്രയിലാണ്. പുറംകാഴ്ചകളുടെ മേനി പറച്ചിലിൽ ഗ്രന്ഥകർത്താവ് അഭിരമിക്കുന്നില്ല. ദേശത്തിന്റെ സാംസ്‌കാരികപ്രതലത്തിലൂടെയുള്ള കൃത്യമായ അന്വേഷണം എഴുത്തിനെ മൂല്യമുള്ളതാക്കുന്നു. ഫ്രാൻസിന്റെ ചരിത്ര സർഗ്ഗപ്രപഞ്ചത്തിലൂടെ സഞ്ചരി ക്കുന്ന ‘കണ്ണിന് കുളിരായി യാത്രാവിവരണം’ അറിവിന്റെ മഹാസന്ദേശം നൽകുന്ന ശ്രദ്ധേയമായ കൃതിയാണ്. ഈ കൃതി പ്രഭാത് ബുക്‌സ്, കെ.പി.ആമസോൺ പബ്ലിക്കേഷനിൽ ലഭ്യമാണ്.വില 100 രൂപ

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px