LIMA WORLD LIBRARY

വാക്കും പൊരുളും – ചാക്കോ ഡി അന്തിക്കാട്

വാക്കിൻ
പൊരുൾത്തേടിയുള്ള
യാത്രയിൽ,
നുണകൾ വാഴ്ത്തും
നാക്കുകൾക്കെത്ര
പിഴച്ചാലും,
നേരിൻ വാക്കുകൾ
പൊരുതി
മുന്നേറുമെന്നത്,
വാക്കിൻ പോരിൻ,
പൊരുളിൻ,
ചരിത്രം!

പെരുമഴ തോർന്നപ്പോൾ
മഴയിൽ കുതിർന്ന,
നാടുകടത്തപ്പെട്ട
ഒരു വാക്കലറി:

“പെരുകുകയാണ് പീഡനങ്ങൾ!”…

അടുക്കളയിൽ കയറിയ
‘പ്രേമ’മെന്ന വാക്ക്,
അവളുടെ
കണ്ണീരിൽ കുതിർന്ന്,
ചീനച്ചട്ടിയിൽ
തെറിച്ചു വീണു,
കത്തിക്കരിഞ്ഞ
ശവമായി
മാറിയപ്പോഴു,
മലറിപ്പറഞ്ഞു:

“പീഡനങ്ങൾ പെരുകുകയാണ്!”…

ആരാധനാലയത്തിൽ
മൗനമായി കയറിയ
‘സ്നേഹ’മെന്ന വാക്ക്,
അന്യമതസ്ഥരെ പുച്ഛിക്കും,
മതപണ്ഡിതന്റെ
വാക്കുകളുമാ,യേറ്റുമുട്ടി,
രക്തസാക്ഷിത്വം
വരിക്കുമ്പോഴും,
മുഴക്കീ…മുദ്രാവാക്യം:

“എല്ലാ
വർഗ്ഗീയ പീഡനങ്ങളും
അവസാനിപ്പിക്കണം!”…

അപ്പോൾ പിറന്നുവീണ
കുഞ്ഞു കരഞ്ഞപ്പോൾ
മുഴങ്ങിയത്:
“അമ്മേ!”യെന്ന,
പരമസത്യത്തിൻ വാക്ക്!

ലോകത്തിലെ
എല്ലാ അമ്മമാരും
മോർച്ചറിവാതിൽ നോക്കി
പൊട്ടിക്കരയുമ്പോൾ,
ഏറ്റവും കൂടുതൽ വിളിച്ചത്:

“മോനെ”…
എന്നല്ല…
“മോളേ!”-
എന്നായിരിക്കുമോ?…

നിരപരാധികളുടെ
രക്തം പുരണ്ട,
ചോദ്യങ്ങളെറിഞ്ഞ,
‘സമാധാന’മെന്ന വാക്ക്,
പ്രളയത്തിലൂടെ
നീന്തിയത്,
തൊട്ടടുത്ത
ദുരിതാശ്വാസക്ക്യാമ്പിലേക്ക്…

യുദ്ധഭൂമിൽ
‘അനാഥത്വ’മെന്ന വാക്ക്,
അധികാരികളുടെ
എച്ചിലിനായി,
ആഴ്ച്ചകളോള,
മുറങ്ങാതെ
കാത്തിരിക്കാറുണ്ടത്രെ!

‘വിപ്ലവ’ത്തിന്റെ
നാനാർത്ഥങ്ങൾ
കൂട്ടിവെച്ചു വായിക്കുമ്പോൾ,
അടിമകൾ ഉടമകളും,
ഉടമകൾ അടിമകളുമായി
മാറുന്നത്…
പഴയ-പുതിയ-
വീണ്ടും പഴയ-
ചരിത്ര വായനയെന്ന്,
കാലം എന്നും
പഠിപ്പിച്ചുകൊണ്ടേയിരിക്കും!

അപ്പോൾ,
തോക്കിൻക്കുഴലിൽ
പാഞ്ഞു കയറിയ
അഗ്നിനാളമായ,
പ്രതിഷേധത്തിന്റെ
ഓരോ വാക്കും,
തൊഴിൽരഹിതരെ,
യവഹേളിയ്ക്കും
‘അഗ്നിപഥ്‌’
എന്ന വാക്ക്
വേണ്ടായെന്ന്,
തെരുവിൽ
തൊണ്ടപൊട്ടിയലറും!

പ്രതിഷേധത്തിന്റെ
സമകാലികതയെ
ഉമ്മവെയ്ക്കും
വാക്കുകളൊരിക്കലും
അനാഥമാകാതിരിക്കട്ടെ!

‘ശരികൾ’
തിരിച്ചറിയുന്ന,
വായനാദിന വായനകൾ
നീണാൾ വാഴട്ടെ!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px