LIMA WORLD LIBRARY

കാറ്റായ് – ഗീത മുന്നൂർക്കോട്

പിറന്നുവീണത്
ഒരു ശ്വാസക്കതിരായി

പിന്നെയിളംകാറ്റിലേക്ക്
വളർന്നപ്പോൾ
പുഴയൊഴുക്കിലേക്ക്
മനസ്സ് പിടഞ്ഞപ്പോൾ
കവിഞ്ഞുവന്നതിന്റെ
ഒഴുക്കിനെ
മുത്തിയത്
കൌമാരകൌതുകം !

എനിക്കുമാകാമല്ലോ എന്നോർത്തല്ലേ
ജലപ്പരപ്പിലേക്കല്പം മാത്രം തലനീട്ടുന്ന
പച്ചയോലകളെ താലോലിച്ചത്…

ഇനിയും വളരുന്നതിന്റെ തെറ്റിൽ
മുതിരുന്നതിനൊപ്പം
ആഹ്ലാദവായ്പ്പുകളിൽ
കൂടെയാടിച്ച് ഉയരച്ചില്ലകളിലാടിയാട്ടി
ആനന്ദം ചവിട്ടി…
വീണ്ടും
വളർച്ചക്കതിരിടാൻ
ആരുമില്ലെന്നൊരു വാശി
വെറുതെ കരുതിയുറപ്പിച്ച്
കൂട്ടമായാറാടിച്ചുവീശി പലതിനേയും
മൂത്തതും ചെനച്ചതുമെല്ലാം കട പുഴക്കി
ആർക്കോ വേണ്ടി…

അതോ ആർക്കുമല്ലാതെയോ

ഇനിയുമുയർന്ന്
മേഘപ്പെൺകൊടികളെയോടിച്ച്
മലനെഞ്ചുകളിലേക്കടിപ്പിച്ചോടിച്ച്
തകർന്നുകരയുന്നതും കണ്ട്
അവർക്കൊപ്പം പെയ്യട്ടെ

ഇനി ഞാൻ
കാറ്റായിപ്പിറന്നതിന്റെ ഭാഗമൊന്നാടട്ടെ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px