LIMA WORLD LIBRARY

വാവു സന്ധ്യ – ലീനാ രാജു പുതിയാട്ട്

ദൂരെ യാത്രയ്ക്കു പോയി നീയെങ്കിലും
വരുമതാണെന്റെ സ്വപ്നമെന്നോമലേ
വഴിയിൽ നീ കൊളുത്തീടുന്ന പൊൻ –
ചെരാതിനിയുമേറെ തെളിഞ്ഞു കത്തീടണം

ഇനിയുമേറെ കടമ്പകളുണ്ടെനിക്ക –
വിടെ വന്നൊന്നെത്താനുമോമലേ ..
ഇവിടെ നീ ചെയ്തു തീർക്കാതെവച്ചൊരീ –
നന്മ നേദ്യം വിളമ്പി ക്കൊടുക്കണം ….

ഒറ്റയായി ഞാൻ ചെയ്യുമ്പൊഴൊക്കെയും
എത്തണില്ല തളർന്ന കാൽപ്പാടുകൾ
ഒന്നു ചെയ്തു കഴിയുമ്പൊഴേയ്ക്കിതാ –
വന്നുകൂടുന്നു പിന്നെയും പിന്നെയും ….

കത്തി നില്ക്കുന്ന ഉച്ചയിൽ നീ നടന്നൊ-
റ്റ ,മാത്രയും പിന്നിൽ നോക്കാതെയും
നീർമിഴിയിൽ കുളിച്ചു നീ പോയതാ –
ണൊക്കെയുമെന്റെ സത്യബോധ്യത്തിലും

കാത്തുകാത്തു ഞാൻ കാത്തിരിക്കുന്നൊ-
രീ,കർക്കിടക പ്പൊടി മഴ സന്ധ്യയിൽ
കണ്ണുനീരല്ലയെന്നു തോന്നിക്കുവാൻ –
പിന്നെയും നീ വൃഥാ ശ്രമം ചെയ്കവേ –
വേണ്ടിനിയീ പ്പാഴ് വേലയൊക്കെയും
സങ്കടങ്ങൾ കരഞ്ഞു തീർന്നീടട്ടെ ..
ഒന്നു തേങ്ങി കരഞ്ഞു തീരുമ്പൊഴേ –
ക്കൊട്ടൊഴിയും കരിമേഘക്കൂട്ടവും ….

നിന്റെ കൈകളാൽ നട്ടുനനച്ചൊരാപ്പൊൻ
കരിക്കൊന്നടർത്തിയെടുത്തു ഞാൻ
നിന്നെ സ്വീകരിച്ചീടാൻ ഒരുക്കട്ടെ –
വാവു സന്ധ്യയിൽ ശ്രേഷ്ഠവ്യക്തിത്വമേ ….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px