ദേശാടനം – ഹരിലാൽ പുത്തൻപറമ്പിൽ

Facebook
Twitter
WhatsApp
Email
ഇന്നൊരു കവിതകുറിക്കണം.
നാളേക്കായി നീക്കിവയ്ക്കാനില്ലാതെ
ഇന്നലെ രമിച്ചതിൻ്റെബാക്കി.
മുറിവുകൾക്കാഴമേറുന്തോറും
അകലങ്ങളുടെ ദൈർഘ്യവുമേറുന്നുണ്ട്.
നേർച്ചകളിൽ പുച്ഛിച്ചുപുറംതിരിഞ്ഞിരിക്കുന്ന തൈവങ്ങൾക്ക്,
ദുർഘടമൊഴിയാനായി
നാളെയൊരുകുരുതിയുമൊരുതിരി വെട്ടവും.
എന്നിലേക്കുള്ളയതിരുകൾ തിരിക്കുമ്പോൾ
നാലുദിക്കിനേയും കാവൽനിർത്തണം.
മദ്ധ്യബിന്ദുവിൽ ഞാൻ കറങ്ങിക്കറങ്ങി
ബോധമറ്റുവീണുകൊള്ളാം!
കാത്തുവയ്ക്കാനിനിയില്ലാത്ത സ്വപ്നങ്ങൾക്ക്,
നാക്കിലയിൽ തെക്കോട്ടുതിരിഞ്ഞ് ബലിച്ചോറുരുട്ടണം.
അന്ത്യകർമ്മങ്ങൾ മുടങ്ങാതെ, ജപങ്ങളിടമുറിയാതെ,
ആണ്ടുതോറുമുള്ള കപടയാചാരങ്ങളിൽ
ഒരുകവിത താളത്തിൽ പാടട്ടെ.
അതെൻ്റെ ആശകളുടെ, ചിതലരിച്ച ഒസ്യത്താവണമെന്ന നിർബന്ധം!
പിതൃസ്വത്തിൻ്റെയവകാശം തെരുവുതെണ്ടികൾക്ക്.
കവിതകൾ നിനക്കുള്ളതാകയാൽ മറ്റൊരവകാശിക്കു സാധ്യതയില്ല!
ഇനിയെൻ്റെ കാലുകളെ മണ്ണിൽ തൊടാനനുവദിക്കുക.
ഞാൻ നടക്കട്ടെ;
പുല്ലിനും പൂഴിമണ്ണിനും നോവേൽക്കാതെ!
കൈയ്യുകളെ അറത്തുമാറ്റിയുപ്പിട്ടുവയ്ക്ക.
വീണ്ടുമവയാകാശത്തിലേക്ക് ഭൂമിയിൽ വിടർന്നുകൊഴിയുന്ന നുണക്കവിതകൾക്കുറിക്കാതിരിക്കട്ടെ!
കണ്ണും കരളും തലച്ചോറുമെനിക്ക്.
ഉള്ളുനിറയെ അനന്തസീമയെക്കാണാൻ,
നിന്നെയോർക്കാൻ!
ഉള്ളിൽ നിറയ്ക്കാൻ!
 ഇനി
തുടരട്ടെ ദേശാടനം !!!
ഹരിലാൽ പുത്തൻപറമ്പിൽ

About The Author

Leave a Reply

Your email address will not be published. Required fields are marked *