കവിത -“ഒരു തരി വെട്ടം ” രചന -ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ.

ഇത്തിരിപ്പോന്നോരു മൺചിരാതിന്റെ –
യെന്നും ജ്വലിക്കുന്ന ദീപ നാളം പോൽ
കൂരിരുൾ തിങ്ങിയ രാവിന്റെ ഹൃദയത്തിൽ
മിന്നാമിനുങ്ങുകൾ തിളങ്ങി നിന്നു.
ഞെക്കുവിളക്കിന്റെയിടവിട്ട രശ്മികൾ
ഞെട്ടറ്റു പോകാതെ വെട്ടം ചൊരിയുമ്പോൾ
മിന്നിയുമണഞ്ഞു മിടവിട്ടുയരെപ്പറന്നും
മിന്നാമിനുങ്ങുകൾ വെട്ടം തരുന്നു
പച്ച വെളിച്ചത്തിൻ മാസ്മരലോകത്ത്
പച്ച മനുഷ്യരും നോക്കിനിൽപ്പൂ
ഈശ്വരൻ തന്ന വരദാനമായിട്ടാ –
ഹരിത പ്രകാശം ജ്വലിച്ചു നിൽപ്പൂ
“ഫ്ലൂറസെൻസെ “ന്നോരു പേരുമിട്ടതിനെ –
നാം കൗതുകത്തോടെ വിളിച്ചിടുന്നു!
വഴികാണാതുഴറുന്ന പാന്ഥരെയെല്ലാം
വഴികാട്ടി മുന്നിലായ് പ്പറന്നിടുന്നു!
മിന്നൽപ്പിണരുമതു പോലെയല്ലോ?
ചിന്നുന്ന വെൺ താരകങ്ങളെ പ്പോലെയാണ്!
മഴയുള്ള നേരത്തും, മഴയില്ലാനേരത്തും
ചിലമ്പുന്ന വെൺ പ്രകാശമായ് ക്കണ്ടിടുന്നു .
മിന്നിവെളിച്ചം വിതറുന്ന മിന്നൽ –
പ്പിണറുകളെന്നിൽപ്പേടിവരുത്തുന്നു!
ഇന്ദ്രന്റെ വാളിൻ പ്രകാശമെന്നെപ്പോഴോ
അമ്മൂമ്മ മിന്നലിൻ കഥ പറഞ്ഞിടുന്നൂ.
“നൈട്രജൻ സൈക്കിൾ “പൂർത്തിയായീടാൻ
ഇടിയും, മിന്നലുമാവോളം വേണം!
ശാസ്ത്രത്തിൻ സത്യമതുകൊണ്ടു തന്നെ
നല്ല മഴയ്ക്കായ് പ്രാർത്ഥിക്കണം നാം!
മിന്നലിലപകടം പറ്റാതെ തന്നെ
“നൈട്രജൻ സൈക്കിൾ “പൂർത്തിയായീടേണം!
എങ്കിലേ ജീവികൾക്കാശ്വാസമാവൂ,
എന്നുമേ ജീവനീ ഭൂമിയിൽക്കാണൂ!
മിന്നാമിനുങ്ങും, മിന്നലും നമ്മൾക്കു
മിന്നും പ്രഭയാണു നൽകിവരുന്നത്.
എന്നുമീ ഭൂമിയിൽ ജീവനും കാണണം!
എങ്കിലേ ലോകം നിലനിൽക്കയുള്ളൂ!
ഭൗമ ജീവിതങ്ങൾ ധന്യമാകയുള്ളൂ!

LEAVE A REPLY

Please enter your comment!
Please enter your name here