മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തനും യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ പിന്തുണയ്ക്കുന്ന തീവ്രദേശീയവാദ സൈദ്ധാന്തികനുമായ അലക്സാണ്ടർ ഡുഗിന്റെ മകൾ ഡാരിയ ഡുഗിന (29) സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. കാറിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിയാണു മരണം. ലക്ഷ്യമിട്ടത് അലക്സാണ്ടർ ഡുഗിനെ ആയിരുന്നു എന്നാണു നിഗമനം.
ദേശീയ ടിവി ചാനലിൽ അവതാരകയായ ഡാരിയ, മോസ്കോ നഗരാതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടന്ന സാംസ്കാരികോത്സവത്തിൽ പിതാവിനോടൊപ്പം പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു. അവസാന നിമിഷം അലക്സാണ്ടർ ഡുഗിൻ മറ്റൊരു കാറിലേക്കു മാറിയതിനാൽ പിതാവിന്റെ കാറിൽ ഡാരിയ തനിച്ചായിരുന്നെന്നു റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘പുട്ടിന്റെ ബുദ്ധികേന്ദ്രം’ എന്നാണു ഡുഗിനെ വിശേഷിപ്പിക്കുന്നത്. റഷ്യൻ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളുടെ ഏകീകരണത്തിനുവേണ്ടി വാദിക്കുന്ന ‘നവ റഷ്യ’ എന്ന തീവ്രദേശീയവാദ സിദ്ധാന്തങ്ങളുടെ പ്രചാരകരനായ അലക്സാണ്ടർ ഡുഗിനാണു ക്രൈമിയ റഷ്യയോടു കൂട്ടിച്ചേർക്കണമെന്ന നിലപാട് ആദ്യം മുന്നോട്ടുവച്ചത്. പിന്നാലെ പുട്ടിൻ ഇതു നടപ്പാക്കി. യുക്രെയ്ൻ റഷ്യയുടെ ഭാഗമാണെന്ന വാദവും ഇദ്ദേഹം ഉയർത്തി. പിതാവിന്റെ നിലപാടുകളെ പിന്തുടരുന്നിരുന്ന ഡാരിയയ്ക്കെതിരെ യുഎസ് ഉപരോധമുണ്ട്.
ഡാരിയയുടെ ഉടമസ്ഥതയിലുള്ള വെബ്സൈറ്റ് പാശ്ചാത്യവിരുദ്ധ ആശയങ്ങളും നുണകളും പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണിത്. ആക്രമണത്തിനു പിന്നിലുള്ളവരെക്കുറിച്ചു സൂചന ലഭിച്ചിട്ടില്ലെങ്കിലും യുക്രെയ്ൻ ഭരണകൂടമാണ് എന്നാരോപിക്കുന്ന തരത്തിൽ റഷ്യൻ പ്രതികരണങ്ങൾ വരുന്നുണ്ട്. എന്നാൽ റഷ്യയെപ്പോലെ തങ്ങൾ ഒരു ക്രിമിനൽ രാജ്യമല്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളിഡിമിർ സെലെൻസ്കിയുടെ ഓഫിസ് പ്രതികരിച്ചു.
യുക്രെയ്ൻ സ്വാതന്ത്ര്യദിനാഘോഷം 24ന്; റഷ്യ ആക്രമണം കടുപ്പിക്കുമെന്ന് ഭീതി
കീവ്∙ സോവിയറ്റ് യൂണിയനിൽനിന്നു യുക്രെയ്ൻ സ്വാതന്ത്ര്യം നേടിയതിന്റെ 31– ാം വാർഷികം 24ന് ആഘോഷിക്കാനിരിക്കെ റഷ്യയ്ക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മുന്നറിയിപ്പു നൽകി. റഷ്യൻ അധിനിവേശം 6 മാസം പൂർത്തിയാക്കുന്ന അവസരം കൂടിയായതിനാൽ, റഷ്യ ആക്രമണം കൂടുതൽ ശക്തമാക്കുമെന്നാണു കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യൻ അതിർത്തിയോടു ചേർന്ന കിഴക്കൻ യുക്രെയ്നിലെ പകുതിയോളം പ്രവിശ്യകൾ നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്. തെക്കൻ മേഖലയിലെ ഖേർസൻ, മൈക്കലോവ് പ്രവിശ്യകളിലാണു നിലവിൽ കടുത്ത ആക്രമണം തുടരുന്നത്. ഒഡേസയിൽ യുക്രെയ്ൻ സേനയുടെ ആയുധ ഡിപ്പോ റഷ്യ മിസൈലാക്രമണത്തിൽ തകർത്തു. യുഎസ് നിർമിത ഹൈമാസ് റോക്കറ്റുകളും വിദേശനിർമിത വിമാനവേധ സംവിധാനങ്ങളും ശേഖരിച്ച ആയുധപ്പുരയാണു തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
ഖേർസൻ മേഖലയിലെ സൈനികത്താവളവും സാപോറീഷ്യയിലെ ഇന്ധന ഡിപ്പോയും തകർത്തതായി റഷ്യ വെളിപ്പെടുത്തി. മിസൈലാക്രമണം ശക്തമായ സാഹചര്യത്തിൽ യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ രാത്രി കർഫ്യൂ ദിവസം മുഴുവൻ നീട്ടാൻ തീരുമാനിച്ചു.
അതിനിടെ, യുക്രെയ്ൻ തീരത്തുനിന്ന് ഇന്നലെ ഭക്ഷ്യധാന്യം കയറ്റിയ 4 കപ്പലുകൾ കൂടി തീരം വിട്ടു. യുഎൻ മധ്യസ്ഥതയിലാണു യുക്രെയ്ൻ തീരത്തുനിന്നുള്ള ധാന്യക്കയറ്റുമതി കഴിഞ്ഞ മാസം പുനരരാംഭിച്ചത്. ഇതിനകം 30 കപ്പലുകൾ തീരം വിട്ടു.
English Summary: Daughter of ‘Putin’s brain’ ideologist killed in car blast













