LIMA WORLD LIBRARY

സ്വാതന്ത്ര്യമെന്നത്- ഗീത മുന്നൂർക്കോട്

എന്തിനും ഏതിനും
എവിടെയും വേണം
വെറുതെ
ഒരഴിച്ചുവിടൽ

വാക്കുകളെ
കൂട്ടിക്കെട്ടി
വായ് നിറച്ചുവച്ച്
നാവിനൊരുമിനുസം
തുടിക്കാനില്ലിടം…

വാക്കേയടങ്ങ്
നാക്കേയടങ്ങ്
ശാസിച്ചുശാസിച്ച്
ശ്വാസം മുറുകി
മർദ്ദമൊഴിയാത്ത
സ്വാതന്ത്ര്യം…

വേണ്ട പുറത്തോട്ട്
മേലോട്ട്
നേരെയsച്ചൊതുക്കലിൽ
ഉള്ളോട്ടം മാത്രം

കാണരുത് കണ്ണേ
ഒന്നുമൊന്നും പുത്തനല്ല
കണ്ണു കെട്ട്
കാഴ്ച കെട്ട്
കറുപ്പേയഴകെന്ന്
ഇരുണ്ട് കേഴ്…

വിശപ്പെന്നാണയിട്ട്
വിയർത്തുവിശക്കാൻ
അടങ്ങിയ
ഒതുക്കത്തിലേയുള്ളൂ
വഴക്കം.
കൈവഴക്കം
മെയ് വഴക്കം
ആത്മമടക്കിയ
ഉയിർക്കലിപ്പ്…

ഹൃദയത്തിലേക്കൂളിയിട്ട്
ഇനിയൊരു
വരവു വെക്കണം
ദൂരെദൂരെ
അടർത്തിയിട്ട
അതിർത്തിയിട്ട
ഹൃദയക്കൂടുകൾ
എല്ലാമുണങ്ങിക്കോട്ടി
പൊള്ളക്കലമ്പൽ…

വേണ്ടേവേണ്ട
കൂടുവിട്ട് വീടുമാറാനേയാകാ

ഹാ!
ഒന്നുമൊന്നുമില്ലാതാകുന്ന
അതിമോഹനം, വിചിത്രമൊന്ന്
എനിക്കെന്റെ സ്വാതന്ത്ര്യം!

എന്തിനും ഏതിനും
എവിടെയും വേണം
വെറുതെയല്ലാതെ
ഒരഴിച്ചുവിടൽ …

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px