കാലമെന്നെ പിന്നിലേക്കു തള്ളിവീഴ്ത്തി പടിയടച്ചു
ഓർമ്മകൾതൻ നീർച്ചുഴിയിൽ
തടവിലാക്കി പോകയാണോ.
നെഞ്ചിനുള്ളിൽ പുകയുന്ന ദുഖച്ചിതയിൽ
വീണ്ടും വീണ്ടും
കനലിളക്കി കനലിളക്കി
പരിഹസിച്ചു പോകയാണോ.
ഇരവുപകലുകളറിയാതെൻ
അന്തരാത്മാവിൻ ആഴങ്ങളിൽ
മുത്തില്ലാചിപ്പിയായ് ഞാൻ നിദ്ര പൂണ്ടിടുമ്പോൾ
കാലമേനീയെന്റെയുള്ളിൽ
മോഹത്തിൻ മയിൽപ്പീലി,
കൊട്ടാരങ്ങൾ വെറുതെയെന്തിനു പടച്ചുവെച്ചു.
പിന്നെ തിരയലറും ആഴിയായി
എന്നിലേക്കടിച്ചുകയറി
തകർത്തെറിഞ്ഞില്ലേ നീയെൻ സ്വപ്ന സൗധങ്ങൾ.
പിച്ചവെച്ചു നടക്കുമ്പോൾ
താഴെവീഴാതെൻ വിരലിൽ
കോർത്തുവെച്ച വിരൽതുമ്പിൻ
സ്നേഹസ്പർശനങ്ങൾ,പുസ്തകസഞ്ചിയുമേന്തി
അക്ഷരമുറ്റത്തെന്നും
കൂട്ടുപോരാൻ കാത്തുനിന്ന
തുടുത്ത സായംകാലങ്ങൾ,
മൗനമേകും ഏകാന്തതയുടെ കല്പടവിൽ തനിച്ചിരിക്കെ
എന്തിനായവയെന്നിലേക്കൂ നീ ചേർത്തുവെച്ചു,
ആ സ്നേഹാചലങ്ങളിൽ നിന്നു
നുരപതയായൊഴുകിയെത്തിയ
പ്രണയകല്ലോലിനി, ആർദ്രമായെന്നെ വന്നുപുൽകിടുമ്പോൾ
നിന്റെ കൈയ്യിലെ കമണ്ഡലൂവിലാ
സ്നേഹപ്രവാഹത്തെ
ഒളിച്ചുവെച്ചെൻ
ജീവിതത്തെ
കാലമേ നീ ഞെരിച്ചുടച്ചില്ലേ,
സ്നേഹത്തണലിനും ദാഹനീരിനും
മരുഭൂവായെന്നാത്മാവ്
നീറുമോർമ്മതൻ ഭാണ്ഡവുമായ്
ദിക്കറിയാതലഞ്ഞീടുന്നു.
കാലമേ നീ അതുകണ്ടു
കൈകൊട്ടി ചിരിച്ചിടുന്നോ
എന്റെ കണ്ണീരിൻ ഉപ്പ്
സ്വാദുനോക്കി
കാച്ചിക്കുറുക്കിടുന്നോ.
*********











