കോഴിക്കോട്∙ ഈ വർഷം തുടക്കത്തിൽ പേവിഷ വാക്സീൻ ഉപയോഗിച്ചവർക്ക് അലർജിയുണ്ടായതിനെ തുടർന്ന് അര ലക്ഷത്തോളം വയ്‌ൽ കമ്പനിയോട് പിൻവലിക്കാൻ ആവശ്യപ്പെട്ടതിന്റെ വിവരങ്ങൾ പുറത്ത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷന് വർഷങ്ങളായി വാക്സീൻ നൽകുന്ന കമ്പനിയുടെ മരുന്നിനാണ് അലർജി കണ്ടത്. വടകര, മാങ്ങാട്ടുപറമ്പ്, തലശേരി എന്നിവിടങ്ങളിൽ വാക്സീൻ എടുത്തവർക്ക് കടുത്ത ചൊറിച്ചിലും ശ്വാസംമുട്ടലും ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് 2 ബാച്ച് മരുന്ന് പിൻവലിക്കാൻ കോർപറേഷൻ ആവശ്യപ്പെട്ടത്. ഓർഡർ മറ്റൊരു കമ്പനിക്ക് നൽകാൻ ശ്രമിച്ചെങ്കിലും മാർച്ച് ആദ്യ വാരത്തിൽ പിൻവലിച്ച ബാച്ചുകൾക്ക് പകരം വാക്സീൻ കമ്പനി തന്നെ എത്തിച്ചു.
കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. കാസർകോട് പേവിഷ ബാധയേറ്റ് ഒരു രോഗി മരിക്കുകയും വടക്കൻ ജില്ലകളിൽ വിതരണം ചെയ്ത മരുന്നിന് അലർജി കണ്ടെത്തുകയും ചെയ്തതോടെയാണ് കോർപറേഷൻ നടപടിയിലേക്ക് കടന്നത്. ടെൻഡർ നേടിയിരുന്ന കമ്പനിയോട് 50,000 വയ്‌ൽ പിൻവലിക്കാൻ ആവശ്യപ്പെട്ട കോർപറേഷൻ, ടെൻഡറിൽ രണ്ടാം സ്ഥാനക്കാരായിരുന്ന കമ്പനിയോട് ഒരു ലക്ഷത്തോളം വയ്‌ൽ വിതരണം ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
വയ്‌ലിന് 36 രൂപ കൂടുതലായിരുന്നു രണ്ടാം സ്ഥാനക്കാരായ കമ്പനിയുടെ വാക്സീന്. എന്നാൽ കേന്ദ്ര മരുന്നു ലാബിലെ പരിശോധനകൾ പൂർത്തിയാക്കിയാണ് വാക്സീൻ വിതരണം ചെയ്തതെന്നും ഓർഡർ റദ്ദാക്കുന്നതിലെ നടപടിക്രമങ്ങൾ കോർപറേഷൻ പാലിച്ചില്ലെന്നും നിലവിൽ വിതരണം ചെയ്യുന്ന കമ്പനി ചൂണ്ടിക്കാട്ടി. ഒരു വർഷത്തെ കരാർ നിലനിൽക്കെ, ഓർഡർ റദ്ദാക്കി രണ്ടാം സ്ഥാനക്കാരിൽ നിന്ന് മരുന്ന് വാങ്ങാൻ സാധിക്കില്ലെന്നായിരുന്നു കമ്പനി നിലപാട്. രണ്ടാം സ്ഥാനക്കാരായ കമ്പനിക്ക് ഉയർന്ന വില നൽകരുതെന്നും അവർ ചൂണ്ടിക്കാട്ടി.
വിഷയം കോടതിയിലേക്കു നീളുമെന്ന് വ്യക്തമായതോടെ വാക്സീന്റെ നിലവാരം വീണ്ടും പരിശോധിക്കാനാണ് കോർപറേഷൻ തീരുമാനിച്ചത്. രണ്ട് ബാച്ചിന്റെയും സാംപിളുകൾ കേന്ദ്ര ലാബിലേക്ക് വീണ്ടും നേരിട്ട് എത്തിച്ചു. ഒരിക്കൽ പരിശോധന പൂർത്തിയാക്കിയ മരുന്നിന് പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ആദ്യമേ വിശദമാക്കിയ സിഡിഎൽ അധികൃതർ വാക്സീന് നിലവാരക്കുറവൊന്നും ഇല്ലെന്നും വ്യക്തമാക്കി. എങ്കിലും പ്രസ്തുത ബാച്ചുകൾ പിൻവലിച്ച് പുതിയ ബാച്ച് വാക്സീൻ മാർച്ച് ആദ്യ വാരം കമ്പനി വിതരണം ചെയ്തു.
Content Highlight: Rabies Vaccine













