കൊച്ചി∙ അഞ്ചു മാസമായി ശമ്പളമില്ലാതെ വനംവകുപ്പിലെ ദിവസ വേതനക്കാർ. ഭൂരിഭാഗം ജില്ലകളിലും വാച്ചർ, ഡ്രൈവർ, ക്ലറിക്കൽ തസ്തികകളിലെ ജീവനക്കാർക്ക് ഏപ്രിൽ മുതൽ ശമ്പളം ലഭിച്ചിട്ടില്ല. വരുമാനമില്ലാതെ കഷ്ടപ്പെടുന്നവരിൽ ആദിവാസികളുമുണ്ട്. വനംവകുപ്പിന്റെ ഫോറസ്റ്റ് പ്രൊട്ടക്‌ഷൻ ബജറ്റ് വിഹിതത്തിൽ നിന്നാണു ദിവസവേതനക്കാർക്കു ശമ്പളം നൽകേണ്ടത്. ഇതിൽ പണമില്ലാതായതാണു പ്രതിസന്ധിക്കു കാരണം.
മൂവായിരത്തോളം ദിവസവേതനക്കാരാണു സംസ്ഥാനത്തുള്ളത്. വിവിധ തസ്തികകളിൽ 675 മുതൽ 900 രൂപവരെയാണ് ഇവരുടെ ദിവസവേതനം. പണമില്ലാത്തതിനാൽ വനംവകുപ്പ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങളും അവതാളത്തിലാണ്. വനംവകുപ്പു വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, ഫോറസ്റ്റ് സ്റ്റേഷനുകളുടെ ചെലവുകൾ എന്നിവയ്ക്കുള്ള തുകയും ഇതേ ഫണ്ടിൽ നിന്നാണെടുക്കുന്നത്.
സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ കയ്യിൽ നിന്നാണ് 5 മാസമായി വാഹനങ്ങളുടെ ഇന്ധനച്ചെലവു കണ്ടെത്തുന്നത്. ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസിയിൽ നിന്നു കടമെടുത്തു ചെലവഴിച്ച ശേഷം പ്രൊട്ടക്‌ഷൻ ബജറ്റ് ഹെഡിൽ ഫണ്ട് വരുമ്പോൾ തിരിച്ചടയ്ക്കാമെന്നിരിക്കെ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന ആക്ഷേപമാണു വനംവകുപ്പു ജീവനക്കാർ ഉന്നയിക്കുന്നത്.
English Summary: Five months salary pending for Forest Department daily wage employees













