ദുബായ് ∙ ഇറാഖിലെ ജനകീയ ഷിയ നേതാവ് മുഖ്തദ അൽ സദർ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും രാഷ്ട്രീയ പാർട്ടി പിരിച്ചുവിടുന്നതായും പ്രഖ്യാപിച്ചതിനു പിന്നാലെ അനുയായികൾ തെരുവിലിറങ്ങി. പ്രതിഷേധക്കാർ ഇറാഖ് സർക്കാർ ആസ്ഥാന മന്ദിരത്തിലേക്ക് അതിക്രമിച്ചുകയറിയതോടെ കാവൽ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗം തടസ്സപ്പെട്ടു. സുരക്ഷാസേനയുമായുണ്ടായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരുക്കേറ്റു.
ഇറാൻ അനുകൂലികൾ സർക്കാരുണ്ടാക്കുന്നതിനെ എതിർത്തും ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടും അൽ സദറിന്റെ അനുയായികൾ കഴിഞ്ഞമാസം പാർലമെന്റ് മന്ദിരത്തിൽ കയറി പ്രതിഷേധിച്ചിരുന്നു.
ഇന്നലെ സർക്കാൻ ആസ്ഥാന മന്ദിരത്തിലേക്ക് ബാരിക്കേഡുകൾ തകർത്തു പ്രവേശിച്ച പ്രതിഷേധിക്കാരെ പട്ടാളം ഇറങ്ങിയാണു നീക്കിയത്. തെരുവുപ്രതിഷേധം തുടരുന്നതിനാൽ രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
താൻ രാഷ്ട്രീയം വിടുകയാണെന്നും പാർട്ടി ഓഫിസുകൾ അടച്ചുപൂട്ടണമെന്നും വ്യക്തമാക്കി ഇന്നലെയാണു അൽ സദർ ട്വീറ്റ് ചെയ്തത്. ഇറാഖിലെ ഷിയാ സമൂഹത്തിന്റെ ആത്മീയ നേതാവായ ആയത്തുല്ല ഖാദിം അൽ ഹൈരി, മതനേതൃത്വം ഒഴിയുന്നതായും അനുയായികളോട് ഇറാനിലെ ആയത്തുല്ല അലി ഖമനയിയെ പിന്തുണയ്ക്കണമെന്നും കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
ഇറാഖിലെ വിശുദ്ധ നഗരമായ നജാഫിലെ ഷിയാ ആത്മീയകേന്ദ്രത്തെ തള്ളിയ ഈ നടപടി അൽ സദറിനു തിരിച്ചടിയായിരുന്നു. തുടർന്നാണു രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനം വന്നത്.
English Summary: Iraq chaos as al-Sadr supporters storm parliament













