പകൽ മുഴുവൻ പണി അന്വേഷിച്ചു നടന്ന കണാരൻ വൈകി കിട്ടിയ പണി ചെയ്തിട്ട് കിട്ടിയ കാശിൽ ഇത്തിരി എടുത്ത് തൊണ്ട നനക്കാം എന്ന് കരുതി ഗഫൂർ ഇക്കായുടെ ചായകടയിലേക്ക് കയറി ചെന്നിട്ട് ഇത്തിരി നീട്ടി പറഞ്ഞു
“മധുരം കൂട്ടി വെള്ളം കുറച്ച് കടുപ്പത്തിൽ ഒരു ചായ “
പ്രായം ഇത്തിരി ചെന്നെങ്കിലും രോഗം തീരെ ഏശാത്ത കണാരൻ നീട്ടി പറഞ്ഞത് കേട്ട് ആകാശവാണി റേഡിയോയിൽ നിന്നും പാട്ടും കേട്ട് താളം പിടിച്ചിരുന്ന ഗഫൂർഇക്കാ ചായ എടുക്കാൻ എഴുന്നേറ്റപ്പോൾ ഞായറാഴ്ച ആയതിനാൽ സ്കൂളിൽ പോകാതെ കിട്ടിയ നേരത്തിന് രണ്ടു പത്തിരി തിന്നാം എന്നു കരുതി കടയിലെത്തിയ ഗഫൂർക്കായുടെ കൊച്ചുമകൻ കണാരനോട് ചോദിച്ചു.
‘ ചെറുകടി ഒന്നും വേണ്ടേ ‘
പണ്ടേ ബോണ്ട ഇഷ്ടമായ കണാരൻ പറഞ്ഞു.
‘
ഒരു ബോണ്ട തന്നേക്ക് ‘
കുട്ടി കൊടുത്ത ബോണ്ട കടിച്ചു നോക്കിയ കാണാരൻ രുചി വ്യത്യാസം തോന്നിയിട്ട് ചോദിച്ചു.
‘മോനെ ഇത് ഇന്നലത്തെ ബോണ്ട ആണോ ‘
ചോദ്യം കേട്ടതും കുട്ടി വല്യുപ്പാനെ നോക്കി പറഞ്ഞു.
‘ബാപ്പാ, ഓന് മിനിഞ്ഞാന്നത്തെ ബോണ്ട കൊടുത്തപ്പോ ഓൻ ചോദിക്കുകയാണ് ഇന്നലത്തെ ആണോന്ന് ‘
കടിച്ച ബോണ്ട ചവച്ചിറക്കി ചായ വലിച്ചു കുടിച്ചു കാശുകൊടുത്ത് കണാരൻ ചായക്കടയിൽനിന്നും ഇറങ്ങിയപ്പോൾ ഗഫൂർക്കാ കൊച്ചുമകന്റെ ചെവിക്ക് പിടിച്ച് തിരുമ്മിയതിന്റെ ഫലമായി കേട്ട ഇമ്മിണി ചെറിയ കരച്ചിൽ റേഡിയോയിൽ നിന്നും കേട്ട ഇമ്മിണി വലിയ ശബ്ദത്തിൽ ലയിച്ച് ഇല്ലാതായി…..












