ചിങ്ങമാസത്തിലെ ഒരു നല്ല നാളിൽ തന്നെ വർഷങ്ങളായുള്ള കാത്തിരിപ്പ് അവസാനി ക്കുന്നതിന്റെ ആവേശത്തിലായിരുന്നു മീരയും വിവേകും. കല്യാണത്തിന് ഇനി അധികനാളില്ല, വസ്ത്രങ്ങൾ നേരത്തെ എടുത്തു, ഇനി സ്വർണ്ണം വാങ്ങണം, വില ഏറ്റവും കുറയുന്ന ദിവസം നോക്കി എടുക്കാമെന്നാണ് അച്ഛൻ പറഞ്ഞത്. പെട്ടെന്നാണ് വിവേകിന്റെ വിളി. ജ്വല്ലറിയുടെ പരസ്യം പോലെയുള്ള കല്യാണ രീതികളോട് എന്താണ് മീരയുടെ അഭിപ്രായം.
ജീവിതത്തിൽ ഒരിക്കൽ കിട്ടുന്ന അവസരമല്ലേ വിവേക് ആഭരണങ്ങൾ അണിയുന്നതിൽ എന്താണ് തെറ്റ്.
തെറ്റുണ്ട് മീരാ . ഈയിടെയായി സംഭവിക്കുന്ന പല ആത്മഹത്യകൾക്കും വേർപിരിയലുകൾക്കും കാരണം തന്നെ ഇതുപോലെയുള്ള കല്യാണങ്ങൾ ആണ്.
ഉള്ളവർ കൊടുത്തു പ്രോത്സാഹിപ്പിക്കുമ്പോൾ ഇല്ലാത്തിടത്തു ഉണ്ടാകുന്ന പ്രശ്നങ്ങൾ മീര ആലോചിച്ചിട്ടുണ്ടോ. നമുക്ക് ഈ രീതിയിലുള്ള ഒരു കല്യാണം വേണോ. ലളിതവും മനോഹരവുമായ ഒരു ചടങ്ങു പോരെ, കേരളത്തിൽ ഈ പ്രവണത കൂടിവരികയാണ്, പെണ്മക്കൾക്ക് കൊടുക്കുന്ന സ്വർണത്തിന്റെ അളവ് അന്തസ്സിന്റെ പ്രതീകമായി കരുതുന്ന സമൂഹം, പ്രാകൃതമാണീ ആചാരം. ചിന്തിച്ചു തീരുമാനിക്കൂ എന്നിട്ട് സ്വർണ്ണം വാങ്ങാൻ പോയാൽ മതി. ഫോൺ വെച്ച ശേഷം കണ്ണടച്ചു കിടക്കയിൽ കിടന്ന മീരയുടെ മനസ്സിൽ ഓടിയെത്തിയത് പ്രിയ കൂട്ടുകാരി നിമിഷയുടെ ആത്മഹത്യയാണ്.
വർഷം രണ്ടു കഴിഞ്ഞെങ്കിലും ഇന്നലത്തെപ്പോലെ തോന്നുന്നു മനസ്സിൽ അവളെക്കുറിച്ചുള്ള ഓർമ്മകൾ ഓടിയെത്തി
സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരിൽ അവൾ അനുഭവിച്ച ദുരിതങ്ങൾ പിന്നീട് അവളുടെ അമ്മയിൽ നിന്നും അറിയാൻ കഴിഞ്ഞു. മൂത്ത സഹോദരന്റെ ഭാര്യയുടെ കണക്കില്ലാത്ത സ്വത്തുക്കളുടെ പേരുപറഞ്ഞ് ഭർത്താവിന്റെ
വീട്ടിൽ അവൾ അനുഭവിച്ചത് ഏറെയാണ്. മീര ഉറച്ച തീരുമാനത്തിൽ എത്തി. വിവേകിനു എന്നെയാണ് വേണ്ടത്, അല്ലാതെ അച്ഛന്റെ സ്വത്തുക്കൾ അല്ല. പിന്നെയെന്തിനു ഈ പരസ്യം കണക്കെയുള്ള ആഭരണങ്ങൾ.മാത്രവുമല്ല എന്തുകൊണ്ടാണ് സ്ത്രീക്കു മാത്രം ഇങ്ങനെ, വിവാഹ ദിവസം പുരുഷൻ എന്താ കുപ്പായം കാണാൻ വയ്യാത്ത പോലെ സ്വർണ്ണം ഇടാത്തത്, ഓർത്തപ്പോൾ തന്നെ ചിരി പൊട്ടി, ആഭരണത്തിൽ മൂടിയാലേ പെണ്ണിന് സ്ത്രീത്വം ഉണ്ടാവുകയുള്ളോ ഒന്നും വേണ്ട. മിതമായ രീതിയിൽ സ്വർണ്ണം മതി അപ്പോൾ തന്നെ വിവേകിനെ വിളിച്ചു വിവരം പറയുകയും ചെയ്തു. നമ്മെ പ്പോലുള്ള ചെറുപ്പക്കാർ ഇതുപോലെ മുൻപോട്ടു വന്നാൽ കുറച്ചു കാലം കൊണ്ട് ഈ രീതി ഇല്ലാതാക്കാവുന്നതേയുള്ളു.
വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം എതിർപ്പായിരുന്നു നാട്ടുകാർ എന്ത് കരുതും എന്നായിരുന്നു അമ്മയുടെ ഭയം. വിവേക് വീട്ടുകാരുമായി സംസാരിച്ചു, ഞങ്ങൾ ഒന്നാകുന്നതിൽ നാട്ടുകാർ സന്തോഷിക്കട്ടെ, അവരുടെ അനുഗ്രഹം ഞങ്ങൾക്കാണ് വേണ്ടത് അല്ലാതെ സ്വർണ്ണത്തിനല്ല, നിശ്ചയദാർഢ്യത്തോടെയുള്ള വിവേകിന്റെ സംസാരം അച്ഛനെയും അമ്മയെയും മാറ്റി ചിന്തിപ്പിച്ചു, ഒരു മാലയും രണ്ടു വളയും മാത്രം ധരിച്ച വധുവിനെ കണ്ട് ബന്ധുക്കൾ ഒരല്പം അമ്പരന്നു. വിവാഹത്തിന് സ്വർണ്ണമല്ല പ്രണയമാണ് അത്യാവശ്യം എന്നു പറഞ്ഞ് വിവേക് പൊട്ടിച്ചിരിച്ചപ്പോൾ കൂടെ ചിരിക്കാനേ ബന്ധുക്കൾക്കു കഴിഞ്ഞുള്ളു. എല്ലാവരുടെയും പിന്തുണയോടെ സന്തോഷത്തോടെ വിവേകും മീരയും പ്രണയിച്ചു. മനസ്സിന്റെ ഒന്നാകലിൽ അവർ സായൂജ്യമടഞ്ഞു.
വിവാഹത്തിനു ശേഷം നാലു ദിവസം വിവേകിന്റെ വീട്ടിലായിരുന്നു അതിനു ശേഷം വീട്ടിൽ രണ്ടു ദിവസവും. അച്ഛന്റെ സുഹൃത്തായ ജുവലറി ഉടമയും ഭാര്യയും ഞങ്ങളെ കാണാൻ വന്നു
സ്വർണ്ണം വാങ്ങാത്തതിൽ പരിഭവം പറയുമെന്നാണ് കരുതിയത്.
നിങ്ങളൊക്കെ ഇങ്ങനെ ചെയ്താൽ ഞങ്ങൾ കട പൂട്ടേണ്ടി വരും കേട്ടോ മോളെ, നിറഞ്ഞ ചിരിയോടെ അദ്ദേഹം പറഞ്ഞു.
വളരെ നന്നായി, വിവാഹത്തിന് ധാരാളം സ്വർണ്ണം കൊടുക്കേണ്ടി വരും എന്നതും കൊണ്ടാണ് പെൺമക്കൾ ഉണ്ടാകുമ്പോൾ മാതാപിതാക്കൾ ആശങ്കപ്പെടുന്നത്. ഈ രീതി മാറിയാൽ തന്നെ പെൺകുട്ടികൾ ആർക്കും ഭാരമാവില്ല, അദ്ദേഹം പറഞ്ഞു നിർത്തി.
മനസ്സിലെവിടെയോ മഞ്ഞുപെയ്യുന്നത് പോലെ. വിവേകിന്റെ മനസ്സിൽ ഒരു കുഞ്ഞരി പ്രാവായി താൻ കുടിയേറിക്കഴിഞ്ഞു. , ഈ പ്രായത്തിൽ തന്നെ ഇതുപോലുള്ള ധീരമായ തീരുമാനമെടുക്കുന്ന വിവേക് ആകാശം മുട്ടെ വളരുന്നതും, ഹൃദയത്തിൽ വിവേകിനായി ഒരു സിംഹാസനം ഉയരുന്നതും ഉൾപ്പുളകത്തോടെ മീരയറിഞ്ഞു













