LIMA WORLD LIBRARY

കഥ: മാണിക്കൻ | രചന : ലളിതാംബിക അന്തർജനം | ആസ്വാദനം തയാറാക്കിയത് : സന്ധ്യാ ജയേഷ് പുളിമാത്ത് *

മലയാളത്തിന്റെ എക്കാലത്തെയും മാറ്റത്തിന്റെ പ്രതിധ്വനി ഉയർത്തിയ എഴുത്തുകാരിയാണ് ലളിതാംബിക അന്തർജനം.
കൊട്ടാരക്കര താലൂക്കിൽ കോട്ടാവട്ടത്ത് തെങ്ങുന്നത്ത് മഠത്തിൽ ദാമോദരൻ പോറ്റിയുടേയും നങ്ങയ്യ അന്തർജനത്തിന്റേയും മകളായി 1909 -മാർച്ച് 30-ന് ജനിച്ച ലളിതാംബിക അന്തർജനം സ്വന്തം വീട്ടിൽവച്ചുതന്നെ വിദ്യാഭ്യാസം പൂർത്തിയാക്കി.മലയാളം,സംസ്‌കൃതം,ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷകളിൽ നല്ല നൈപുണ്യമുണ്ടായിരുന്ന അന്തർജനത്തെ വിവാഹം കഴിച്ചത് അമരക്കരയില്ലത്ത് നാരായണൻ നമ്പൂതിരിയായിരുന്നു.
ചെറുപ്പത്തിൽ തന്നെ കവിത എഴുത്തിനോടും കഥയോടും താല്പര്യം ഉണ്ടായിരുന്ന ലളിതാംബിക അന്തർജനം 1937-ൽ ‘ലളിതാഞ്ജലി’ എന്ന കവിതാസമാഹാരത്തിലൂടെ എഴുത്തുമേഖലയിലേക്ക് രംഗപ്രവേശനം ചെയ്തു. ആ വർഷം തന്നെ ‘അംബികാഞ്ജലി’ എന്ന കഥാസമാഹാരവും പുറത്തുവന്നു. 1977-ൽ പ്രസിദ്ധീകരിച്ച ‘അഗ്നിസാക്ഷി ‘എന്ന നോവൽ ഏറെ ചർച്ചചെയ്യപ്പെട്ടതോടെ ലളിതാംബിക അന്തർജനം പകരം വയ്ക്കുവാനില്ലാത്ത ഒരു എഴുത്തുകാരിയായി ഉയരുകയായിരുന്നു. ജീവിതഗന്ധിയായ ഈ നോവലിൽ തന്റെ സമുദായത്തിൽ നിലകൊള്ളുന്ന പല അനാചാരങ്ങളേയും ദുഷ്പ്രവണതകളേയും തുറന്നു കാണിക്കാൻ മടി കാണിക്കാത്ത സമൂഹിക പരിഷ്കരണത്തിന്റെ ഭാഗമായി നിലകൊള്ളുവാൻ കാണിച്ച ചങ്കൂറ്റമാണ് ലളിതാംബിക അന്തർജനം എന്ന എഴുത്തുകാരിയേയും അഗ്നിസാക്ഷി എന്ന നോവലിനേയും സമൂഹം ഏറ്റെടുത്തത്. വർഷങ്ങൾക്ക് ശേഷം ഈ നോവൽ സിനിമയായും പ്രേക്ഷകർക്കു മുന്നിലെത്തി.
കവയത്രി,ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്,ബാലസാഹിത്യകാരി,നാടകകൃത്ത് തുടങ്ങി വിവിധ മേഖലകളിൽ തന്റെ കഴിവുകൾ തെളിയിച്ചിട്ടുള്ള ലളിതാംബിക അന്തർജനം കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം, പാഠപുസ്തകകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്,വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളസാഹിത്യത്തിന് ഉദാത്തമായി സംഭാവന നൽകിയിട്ടുള്ള ആ മഹാപ്രതിഭ 1987 ഫെബ്രുവരി 6.ന് ഈ ലോകത്തോട് വിടപറഞ്ഞു.

ലളിതാംബിക അന്തർജനത്തിന്റെ കഥാസമാഹാരത്തിലെ ഏറെ ശ്രദ്ധേയമായ ഒരു കഥയാണ് “മാണിക്കൻ.

മാണിക്കൻ എന്ന കഥയുടെ തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരെ ഒരു കാലഘട്ടത്തിൽ നിലനിന്നിരുന്ന സമൂഹത്തിലെ വ്യവസ്ഥിതികളുടെ നേർക്കാഴ്ചകൾ കാണുവാൻ അല്ലെങ്കിൽ കാണിച്ചുതരുവാൻ കഥാകൃത്ത് ശ്രമിക്കുകയുംഅതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ജന്മി- കുടിയാൻ വ്യവസ്ഥിതിയുടേയും, ഉടയോനും അടിയാനും വേർതിരിവുകളും, ജീവിതരീതികളും നിലനിന്നിരുന്ന ഒരു കാലഘട്ടം. കാലമേറെ പുരോഗമിച്ചെങ്കിലും ഇന്നും ഭാരത്തിലെ ചില സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ പണ്ടത്തെപോലെ ഈ വേർതിരിവുകളും മേൽക്കോയ്മകളും നിലകൊള്ളുന്നുവെന്നുള്ളതും സത്യമാണ്.

തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ നടക്കുന്ന ഈ കഥയുടെ പശ്ചാത്തലം വർഷങ്ങൾക്കപ്പുറമുള്ള ഒരു കാലഘട്ടമാണ്.
മേൽക്കോയ്മ നിലനിന്നിരുന്ന കാലം.
താൻ പണി ചെയ്യുന്ന വീട്ടിൽനിന്നും കറുമ്പന് ഒരു കാളക്കുട്ടിയെ വളർത്താൻകിട്ടി. അയാൾ അതിനെ തന്റെ മാടത്തിൽ കൊണ്ടുവന്നു.
കാളകുട്ടിയെ കിട്ടിയ സന്തോഷത്തിൽ കറുമ്പന്റെ മക്കളായ അഴകന്റേയും നീലിയുടേയും സന്തോഷവും കുറുമ്പുപറച്ചലും അതിന് കറുമ്പന്റെ മറുപടികളുമൊക്കെയാണ് ഈ കഥയുടെ തുടക്കം. അവരെല്ലാം കൂടി അതിനൊരു തൊഴുത്തു പണിതു. അതും തങ്ങളുടെ മാടത്തേക്കാൾ മെച്ചപ്പെട്ട രീതിയിൽ.
തമ്പ്രാന്റെ വീട്ടിൽ പിറന്ന കാളകുട്ടന് വേണ്ടത്ര പരിചരണം കിട്ടാതെ ക്ഷീണിച്ച്‌ ആരോഗ്യംമോശമായ അവസ്ഥയിലാണ്
വളരെ നാളായി ഒരു കാളക്കുട്ടിയെ തന്റെ വീട്ടിൽ വളർത്താൻ ആഗ്രഹിച്ചിരുന്ന കറുമ്പൻ തമ്പ്രാനോട്‌ തന്റെ ആഗ്രഹം പറയുന്നത് . അങ്ങനെ ആ കാളകുട്ടിയെ തമ്പ്രാൻ കറുമ്പന് നൽകി. തുടർന്ന് കാളകുട്ടന് പേരിടാനുള്ള തർക്കമാണ് .കുറച്ചു നേരത്തെ തർക്കത്തിന് ശേഷം “മാണിക്കൻ”എന്നു പേരിട്ടു.. ഒരു മണി വാങ്ങി അതിന്റെ കഴുത്തിൽ കെട്ടി. അങ്ങനെ ആഘോഷമായി അതിനെ അവർ വളർത്തികൊണ്ടുവരുന്ന ഓരോ ഘട്ടവും വളരെ ഭംഗിയായി കഥാകൃത്തിന്റെ രചനയിലൂടെ ദൃശ്യചാരുത പകരുന്നു.

അങ്ങനെ മാണിക്യൻ വലുതായി. അവൻ ആ കുടുംബത്തിന്റെ ഭാഗമായി മാറി. ഒപ്പം അഴകനും മാണിക്കനുമായിഒരാത്മബന്ധം ഉടലെടുക്കുന്നു. .
മറ്റു കന്നുകളെക്കാൾ മിടുക്കനായി മാണിക്യൻ ചുറുചുറുക്കോടെ പണിയെടുക്കുന്നു.ഇതിനിടയിൽ ഒരിക്കൽ മാത്രമേ അഴകൻ മാണിക്കനെ തല്ലിയിട്ടുള്ളു. അങ്ങനെ മുന്നോട്ടുപോകുമ്പോൾ മാണിക്കന് വില പറഞ്ഞു ആൾക്കാർ വന്നുതുടങ്ങി. അത് അഴകനെ സങ്കടപ്പെടുത്തുന്നുണ്ട്.മാണിക്കന്റെ ഭംഗി കണ്ട് അഴകന്റെ കൂട്ടുകാരൻ ചോതിക്ക് മാണിക്കനെ വച്ചു പൂട്ടാൻ ആഗ്രഹം. ചോതിയുടെ പോത്തുകുട്ടനേയും അഴകന്റെ മാണിക്കനേയും ചേർത്ത് നുകം വച്ചാണ് പൂട്ടുന്നത്. എന്തായാലും ചോതിയുടെ ആഗ്രഹത്തിന് അഴകൻ സമ്മതിക്കുന്നു. അങ്ങനെ സന്തോഷത്തോടെ അല്പം അഹങ്കാരത്തോടെ ചോതി കണ്ടം പൂട്ടാൻ തുടങ്ങി. ഉഴുതുകൊണ്ടിരുന്ന സമയം ചോതി ആവേശത്താൽ മാണിക്കനെ തല്ലി. അതുവരെ അനാവശ്യമായി തല്ലു കൊള്ളേണ്ടി വന്നിട്ടില്ലാത്ത മാണിക്കൻ തിരിഞ്ഞുനോക്കിയപ്പോൾ തന്നെകൊണ്ടു ജോലി ചെയ്യിക്കുന്നതും തല്ലിയതും തന്റെ അഴകനല്ല, എന്ന് മനസിലാക്കി.അവൻ പെട്ടന്ന് ചോതിക്കുനേരെ തിരിയുകയാണ് ചെയ്യുന്നത്.ചോതി ഓടി, പുറകെ മാണിക്കനും. ശരിക്കും ആനപ്പകപോലെ. അവിടെ പണിയെടുത്തുകൊണ്ടിരുന്നവരെല്ലാം ഭയന്നു.ഈ സമയം സന്ദർഭോചിതമായി അഴകൻ ഇടപെട്ടതുകൊണ്ട് ചോതി കഷ്ടിച്ച് രക്ഷപെട്ടു.
വിവരമറിഞ്ഞ തമ്പുരാനും ദേഷ്യം കൊള്ളുകയാണ്. പോരാത്തതിനു ചോതിയുടെ ഏഷണിയും. അഴകന്റെ മന്ത്രവാദവും പ്രാർത്ഥനയും കാരണമാണ് നല്ല വില കിട്ടാനുള്ള ഉരുവായിട്ടും വില്പന നടക്കാത്തത് എന്നായിരുന്നു അവന്റെ പരദൂഷണം. ഇത് കേട്ട് വിശ്വസിച്ച തമ്പുരാൻ തന്റെ ജോലിക്കാരെ അഴകന്റെ വീട്ടിലേക്കു പറഞ്ഞയക്കുന്നതും ബലമായി മാണിക്കനെ പിടിച്ചുകൊണ്ടുപോകുന്നതും പോകുന്ന വഴി അവൻ അവരെയെല്ലാം കുടഞ്ഞെറിഞ്ഞു പ്രശ്നംസൃഷ്ടിക്കുകയും, അസുഖബാധിതനായി കിടന്ന അഴകൻ വെളിയിലിറങ്ങി അവനെ നിയന്ത്രിക്കുന്നതും, അഴകന്റെ അരികിൽ അവൻ ശാന്തനായി നില്കുന്നതും അവനെ ചേർത്തുപിടിച്ചുനിന്ന അഴകനെ അടിച്ചു വീഴ്ത്തി തമ്പ്രാന്റെ ആളുകൾ മാണിക്കനേയും കൊണ്ടു പോക്കുന്നതും ഹൃദയഭേദകമായവേദന വായനക്കാർക്ക് സമ്മാനിക്കുന്നു..വളരെ നാളത്തെ സഹോദരിയുടെ പരിചരണത്തോടെയാണ് അഴകൻ സുഖം പ്രാപിക്കുന്നത്.ഈ ഭാഗങ്ങളെല്ലാം
വളരെ തന്മയത്വത്തോടെയാണ് കഥാകൃത്ത് രചന നിർവഹിച്ചിരിക്കുന്നത്.

കാലം അതിന്റെ യാത്ര മുന്നോട്ടുതന്നെ പ്രയാണം ചെയ്തു. നീലിയെ വിവാഹം ചെയ്തയച്ചു. അഴകനും വിവാഹ പ്രായമായി. എങ്കിലും അവന്റെ മനസ്സിൽ തനിക്കേറ്റ അപമാനവും സങ്കടവും വാശിയും മറക്കാൻ കഴിയുന്നില്ല.തന്റെ മാണിക്കനു പകരം ഒരു കാളകുട്ടനെ വീട്ടിൽ കൊണ്ടുവരണം എന്ന ആഗ്രഹം നിലനിൽക്കെ തന്നെ അഴകന്റെ വിവാഹവും കഴിഞ്ഞു.അവന്റെ പെണ്ണ് കുറുമ്പ.
അവർക്കു മൂന്നു മക്കളും പിറന്നു.
ഇതിനിടയിൽ കുറുമ്പ വീണ് വയ്യാതെയുമാകുന്നു.
മാണിക്കനെ വിറ്റുപോയതിന്റെ സങ്കടം അവന്റെ ഉള്ളിൽ അവസാനമില്ലാതെ നിറഞ്ഞുനിൽക്കുന്നുമുണ്ട്. ഒരു കാളയെ വാങ്ങണം. അവനു മാണിക്കൻ എന്നു പേരിടണം.
ഇതിനിടയിൽ നാട്ടിൽ നിന്നാൽ ശരിയാവില്ല എന്നവനു മനസ്സിലായി. അത്രമേൽ കടബാധ്യതകൾ വന്നു ചേർന്നു. അഴകൻ കിഴക്കൻമേഖലയിലേയ്ക്ക് പണിക്കു പോകുന്നു.ആദ്യമൊക്കെ ആഴ്ചയിൽ വീട്ടിൽ എത്തുമായിരുന്നു. പക്ഷേ അങ്ങനെ വരുമ്പോൾ കൈയിൽ കിട്ടുന്ന പണമെല്ലാം തീരും.അവന്റെ ആഗ്രഹങ്ങളും വലുതായിരുന്നു. കൊച്ചുകുട്ടത്തിക്ക് ഒരു പാവാട വാങ്ങണം. നീലമ്പിക്ക് ഒരു കുറിയ മുണ്ട്, കുറുമ്പയ്ക്ക് മരുന്ന് വാങ്ങിയതിന്റെ കടം വീട്ടാനുണ്ട്, പണയത്തിൽ ഇരിക്കുന്ന കലപ്പ..അതുകൊണ്ടുതന്നെ അവൻ ആഴ്ചയിൽ വീട്ടിൽ പോകുന്ന പതിവ് തൽക്കാലം നിർത്തി. അവർ എങ്ങനെയെങ്കിലും ഒക്കെ കഴിഞ്ഞുകൊള്ളും എന്നൊരു ചിന്തയും അവന്റെ മനസ്സിൽ അങ്കുരിച്ചു.

രണ്ടുമൂന്നു മാസങ്ങൾ അവിടെ പണിയെടുത്തു കിട്ടിയ പണവുമായി അഴകൻ നാട്ടിലേക്ക് യാത്രയാവുകയാണ്‌. ഇന്നത്തെപ്പോലെ വാഹന സൗകര്യം ഒന്നും ഇല്ലാതിരുന്ന കാലത്ത് ഒരുപാട് ദൂരം നടന്നുവേണം വീട്ടിൽ എത്തുവാൻ. അവൻ കാട്ടിലൂടെയും മേട്ടിലൂടെയും എല്ലാം യാത്ര ചെയ്യുകയാണ്. ദിവസങ്ങളായി പണിയെടുത്തതിന്റെ ക്ഷീണവും അവനെ വല്ലാതെ അലട്ടുന്നുണ്ട്. ആ സന്ദർഭങ്ങളെല്ലാം വളരെ ഭംഗിയായി കഥാകൃത്ത് അവതരിപ്പിച്ചിട്ടുണ്ട്. വന്യമൃഗങ്ങളും പൈശാചിക ശക്തികളും എല്ലാം അതിവസിക്കുന്ന വിജനമായ പ്രാദേശങ്ങൾ… ആ ഭീകരാവസ്ഥകൾ കഥയിൽ വ്യക്തമാക്കുന്നുണ്ട്.
അഴകൻ കാട്ടുവഴികളിലൂടെ നടന്ന് ക്ഷീണിച്ച് ഒരു മരത്തിന്റെ ചുവട്ടിൽ അല്പസമയം ഇരുന്നു..
എപ്പോഴോ അവൻ അവിടെ മെല്ലെ തല ചായ്ച്ചു. അത് വലിയൊരു ഉറക്കത്തിലേക്ക് അവനെ നയിക്കുകയും ചെയ്യുന്നു…
രാത്രി ഏറെ കടന്നുപോയ്‌ പുലർകാലവെട്ടം ഭൂമിയിൽ പതിക്കുവാൻ കുറച്ചു സമയം ബാക്കി നിൽക്കുമ്പോഴാണ് മരത്തിന്റെ ചുള്ളികമ്പുകൾ ഒടിഞ്ഞ് അവന്റെ മുഖത്തേക്ക് വീഴുന്നത്. അതോടെ അവൻ പെട്ടെന്ന് ഞെട്ടി ഉണർന്നു. അപ്പോഴാണ് ഉറങ്ങിപ്പോയതും നേരം അത്രയും വൈകിയതും അവൻ അറിയുന്നത്.
ഭീതിപ്പെടുത്ത അന്തരീക്ഷത്തിൽ മുമ്പ് കേട്ടിട്ടുള്ള പല കെട്ടുകഥകളും സംഭവങ്ങളും അവനെ കൂടുതൽ ഭയപ്പെടുത്തി. അവിടെനിന്നും എങ്ങനെയും രക്ഷപെടുവാൻ അവൻ ഓടുകയാണ്. ഇടക്ക് പലപ്പോഴും കാണുന്ന നിഴലുകൾഅവനിൽ കൂടുതൽ ഭീതി ജനിപ്പിക്കുന്നു.അങ്ങനെ ഓടിയും നടന്നും കിതച്ചും മുന്നോട്ട് പോകുമ്പോൾ ദൂരേ ഒരു തീപ്പന്തംപോലെ ജ്വലിക്കുന്ന വെളിച്ചം കാണുകയാണ്. അത് അവനെ കൂടുതൽ ഭയപ്പെടുത്തി.അവന്റെ ഉള്ളിൽ ദുഷ്ട ശക്തികൾ പല രൂപത്തിൽ എത്തുന്ന ഓർമ്മകൾ നിറഞ്ഞു. എങ്കിലും അവൻ മുന്നോട്ടു നടക്കുകയാണ്. അങ്ങോട്ടേക്ക് അടുക്കുംതോറും കരച്ചിലും തേങ്ങലുമൊക്കെയാണ് കേൾക്കുന്നത്.
പൈശാചിക ശക്തികളാണെങ്കിൽ ഇങ്ങനെ കരയുകയില്ല അലറുകയും അട്ടഹസിക്കുകയുമൊക്കെയാണ് ചെയ്യുന്നത്. എന്തായാലും ഉള്ളിൽ ഭയമുണ്ടെങ്കിലും ധൈര്യം സംഭരിച്ച് അവൻ അങ്ങോട്ടേക്ക് അടുത്തു. അപ്പോഴാണ് അവൻ ആ കാഴ്ച വ്യക്തമായ് കാണുന്നത്. ഒരു കാളവണ്ടിമറിഞ്ഞ് വണ്ടിക്കാരനും കാളയും അതിനടിയിൽ പെട്ടിരിക്കുകയാണ്. ആ വണ്ടിയിൽ കെട്ടിയിട്ടിരുന്ന റാന്തൽ വിലക്കിലെ വെളിച്ചമാണ് അവൻ ദൂരേനിന്നും കണ്ടത്. ചിന്തിച്ചു നിൽക്കാൻ നേരമില്ല. വലിയൊരു ഗർത്തത്തിനരികിലാണ് വണ്ടി മറിഞ്ഞുവീണിരിക്കുന്നത്. അല്പമൊന്ന് തെറ്റിയാൽ വണ്ടിയും വണ്ടിക്കാരനും കാളയും അതിലേക്ക് പതിക്കും. അഴകൻ കാളയെ ഒരുവിധത്തിൽ കെട്ടഴിച്ചുമാറ്റി വണ്ടിക്കാരനേയും കാളയേയും രക്ഷിക്കുന്നു.
ആ കാളയ്ക്ക് ഒരു കൊമ്പില്ലായിരുന്നു. അവൻ ഒരു നിമിഷം സംശയിച്ചു. തമ്പ്രാന്റെ ആൾക്കാരുടെ ആക്രമണത്തിൽ തന്റെ മാണിക്കനും ഒരു കൊമ്പ് നഷ്ടമായിരുന്നു.
സംശയത്തോടെ ആ കാളയുടെ താടിയിൽ അവൻ നോക്കിയപ്പോൾ മാണിക്കന്റെ താടിയിൽ ഉണ്ടായിരുന്ന പുള്ളിയുംകാണാൻ കഴിഞ്ഞു.എന്തായാലും ആ അരണ്ട വെളിച്ചത്തിലും അത് തന്റെ മാണിക്കൻ തന്നെയെന്ന് അഴകൻ തിരിച്ചറിയുന്നു.
അവന്റെ ഉള്ളിൽ സന്തോഷവും സങ്കടവും ഒരുപോലെ ഉയർന്നു. അത്രമേൽ വയ്യാത്ത ഒരു വണ്ടിക്കാളയായി മാണിക്കൻ മാറിയിരുന്നു.
അഴകൻ വണ്ടിക്കാരനോട്‌ ചോദിക്കുന്നു ഇതിനെ എവിടെ നിന്നാണ് വാങ്ങിയതെന്ന്. അതിനു വണ്ടിക്കാരൻ നൽകിയ വ്യക്തമായ മറുപടി വായനക്കാരുടെ മനസ്സിനെ സങ്കടപ്പെടുത്തുന്നുണ്ട് .അഞ്ചെട്ടു വർഷം മുൻപ് ഒരു ഗ്രാമത്തിലെ കർഷകനോട്‌ പതിനഞ്ചുരൂപക്ക് വാങ്ങിയതാണെന്നും നന്നായി പണിയെടുക്കുമായിരുന്നു എന്നും വണ്ടിക്കാരൻ അവനോട് വിവരിച്ചു. അവസാനം അയാൾ പറഞ്ഞു. ഇനി ഇതിനെക്കൊണ്ട് ജോലിയൊന്നും ചെയ്യിക്കാൻ കഴിയില്ല. അതുകൊണ്ട് ഇറച്ചി വിലയെ കിട്ടൂഎന്ന്.അത് അഴകനിൽ വല്ലാത്ത നടുക്കമുണ്ടാക്കുന്നു. തന്റെ മാണിക്കൻ അറവ് മാടാകാൻ പോകുന്നു. അവനത് സഹിക്കാൻ കഴിയുന്നില്ല. എങ്ങനേയും അതിനെ രക്ഷിച്ചേ മതിയാകൂ…
അവൻ വളരെ താഴ്മയോടെ അയാളോട് പറഞ്ഞു അതിന്റെ ഇറച്ചിവില ഞാൻ തന്നേക്കാം. ഈ കാളയെ എനിക്ക് തന്നേക്കൂ. അങ്ങനെ കുറേനേരത്തെ വില പേശലിനൊടുവിൽ അഞ്ചു രൂപയ്ക്ക് സമ്മതിച്ചു. എന്നിട്ടും തപ്പിപ്പെറുക്കി നാലരരൂപയ്ക്ക് അതിനെയും വാങ്ങി അവൻ മാടത്തിൽ എത്തുന്നു.
അവനെത്തിയ സന്തോഷത്തിൽ മക്കൾ വസ്ത്രവും പലഹാരവും ഒക്കെ അവനോട് ചോദിക്കുന്നുണ്ട്. അതിനൊന്നും അവനും മറുപടി ഇല്ലായിരുന്നു. അതെല്ലാം വാങ്ങാൻ സ്വരുക്കൂട്ടിവച്ച പൈസ കൊടുത്താണ് മാണിക്കനെ വീണ്ടെടുത്തത്…
കുട്ടികളുടെ കലമ്പലുകൾ കൂടിയപ്പോൾ പണ്ട് മാണിക്കനെ വീട്ടിൽ കൊണ്ടുവന്നപ്പോൾ അച്ഛൻ തന്നോടും നീലിയോടും പറഞ്ഞ അതേ വാക്കുകൾ അഴകൻ തന്റെ മക്കളോടും പറയുന്നു. നീലമ്പീ..നീ പോയി ഇവന് കുറച്ചു തീറ്റ വെട്ടികൊണ്ടുവാ.. കൊച്ചുകുട്ടത്തീ..നീ അല്പം വെള്ളം കൊട്….
ഇത്രയും പറഞ്ഞുകൊണ്ട് അഴകൻ മെല്ലെ ക്ഷീണം മാറാൻ മയക്കത്തിലേക്ക് വീഴുമ്പോൾ കഥ പൂർണ്ണമാകുന്നു.

ഏറെ ചിന്തിക്കാനും മനസ്സിലാക്കാനും ഉതകുന്ന ഒരു കഥയാണ് മാണിക്കൻ. എക്കാലത്തും പ്രസക്തിയുള്ള ഒരു കഥ.
‘മാണിക്കൻ ‘എന്ന കഥ അവസാനിക്കുമ്പോൾ ആശ്വാസത്തിന്റെ നെടുവീർപ്പ് വായനക്കാരിൽ സംജാതമാകുന്നു. ഏറെ ചിന്തിപ്പിക്കുകയുംസങ്കടപ്പെടുത്തുകയും ചെയ്യുന്ന കഥാപാത്ര സൃഷ്ടി. ലളിതാംബിക അന്തർജനത്തിന്റെ മികച്ച കഥകളിൽ ഒന്നായി എന്നും തിളക്കത്തോടെ മാണിക്കനുണ്ടാവുംഎന്നതിൽ സംശയമില്ല.

മൺമറഞ്ഞുപോയ അനുഗ്രഹീത എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന്റെ ഓർമകൾക്ക് പ്രണാമം അർപ്പിക്കുന്നു.🙏❤🌹

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px