ഓണപ്പിറ്റേന്ന് ഈയിടെയായി ഓണത്തിന് ഒരു പുതിയ കൂട്ടുണ്ട്. വിദൂരമായ ഓണങ്ങളുടെ ഓർമ്മകൾ.ദാ ഇങ്ങനെ.. – എം എസ് അജയൻ

ഓണമായിരുന്നെന്നോ..?,ഓർത്തില്ല,തുമ്പപ്പൂവും
തെച്ചിയും മുക്കുറ്റിയും കൂടയിൽ നിറഞ്ഞീല..
ഓണമായിരുന്നെന്നോ, പാതിരാ കഴിഞ്ഞിട്ടും
പാണനാരണഞ്ഞീല, വില്ലൊളിയുയർന്നീല…
വെയിലേറ്റിരിപ്പില്ല, മാതേവർ; പൂവെച്ചില്ല..
കുട ചൂടുവാൻ പാട്ടിപ്പെണ്ണിന്നു വരില്ലെന്നോ..?
മുറ്റമിന്നടിച്ചീല, ചാണകം മെഴുകീല, ‘അണിഞ്ഞീ’ലച്ഛൻ, ഓണത്തപ്പനെ വരുത്തീല..
പലകയിട്ടില്ല,നാക്കിലയും വിരിച്ചില്ല,
അടയുമപ്പവും പഴം നുറുക്കും നേദിച്ചീല..
കുളിച്ചു വന്നാൽ.പുത്തനടുപ്പിൻ സുഗന്ധത്തിൽ
പൊതിഞ്ഞ വാത്സല്യം ഓണപ്പുടയായെത്തില്ലെന്നോ..?

ഞെരങ്ങിത്തുറക്കുന്നൂ വാതിൽപ്പാളികൾ, ഉള്ളിൽ
കരഞ്ഞുതീർക്കുന്നൂ നരച്ചീറുകൾ ഗൃഹവ്യഥ..
ഇടിഞ്ഞു വീഴും തുളസിത്തറയിൽ മഴക്കണ്ണീർ
തുളുമ്പും കണ്ണാലൊരു മുക്കുറ്റി ചിരിക്കുന്നു..!!

LEAVE A REPLY

Please enter your comment!
Please enter your name here