ജീവിത
പ്രണയത്യാഗത്തിൻ
ചരിത്രം മറന്നവർ,
മോഹത്തിന്റെ വഴികളിൽ
പരവതാനി വിരിയ്ക്കും…
കപടസ്വപ്നങ്ങളുടെ
ദേശീയപാത
തിരഞ്ഞെടുക്കും…
ശീതീകരിച്ച മുറിയിൽ
ഒരു ഹോർലിക്സ് കാപ്പിയുടെ
നുരയും പതയും
എണ്ണാൻ സമയം കാണും…
പാർക്കുകളിലെ
ഒഴിഞ്ഞ ഇരുണ്ട മൂലയിൽ,
അത്തറിൻ സുഗന്ധംപൂശിയ
ചുംബനങ്ങൾ,
തണുത്തു വിറയ്ക്കും
കിളികളെ പ്രാകി,
കൈമാറും…
രതിമൂർച്ചയുടെ
ഉച്ചകോടിയിലെ
നെടുവീർപ്പുകൾക്ക്
തിരകളെക്കാൾ
ആവേശമുണ്ടെന്ന്
നുണ പറയും…
ലോകത്തിലെ
എല്ലാ പ്രണയലേഖനങ്ങളും
ചേർത്തുവെച്ചാൽ
വെള്ളിമേഘങ്ങളേക്കാൾ
തിളക്കവും,
നീളവും വീതിയും
കാണുമെന്ന് വീമ്പു പറയും…
ഇതിലൊന്നും
വിശ്വസിക്കാത്തവരുടെ
പ്രണയനിരാശയിൽ
നിന്നുയരും
ചോദ്യങ്ങൾ ഇത്രമാത്രം:
“മതകേന്ദ്രങ്ങൾ
കാണുമ്പോൾ
ഇണയെ മറന്നു
വണങ്ങുമോ നിങ്ങൾ?
ചളി പുരണ്ടവരെ,
വിയർക്കുന്നവരെ,
കെട്ടിപ്പിടിക്കാൻ മടിക്കുമോ?
ബാങ്ക് ബാലൻസ്
കുറയുമ്പോൾ
ബി.പി. കൂടുമോ…
കുറയുമോ?
പ്രണയിക്കുന്നവർക്ക്
വിശക്കുമ്പോൾ,
ഭൂമിയിൽ വിശക്കുന്നവരെക്കുറിച്ചോർക്കുമോ ?
പക്ഷി-മൃഗാദികൾ ഒരിക്കലും ബലാൽസംഗം ചെയ്തിട്ടില്ലെന്ന് എപ്പോഴെങ്കിലും
ഓർത്തിട്ടുണ്ടോ നിങ്ങൾ?
ഇതിനൊക്കെ
ഉത്തരം തേടുന്നവർ
തമ്മിൽ പ്രണയിച്ചാൽ,
അവർ വഴുവഴുന്നനെ,
വാതോരാതെ,
വർത്തമാനം പറയില്ലെന്ന്
എപ്പോഴെങ്കിലും
ഓർത്തിട്ടുണ്ടോ?
അവരുടെ കൈകൾ
ചേർന്നിരിക്കുമ്പോൾ,
ലോകത്തിന്റെ ശത്രുതയ്ക്ക്
അൽപ്പം ശമനമുണ്ടാവുമെന്ന്
എപ്പോഴെങ്കിലും
വിശ്വസിച്ചിട്ടുണ്ടോ?
ഇതെല്ലാം
ഉത്തരമില്ലാത്ത
ചോദ്യങ്ങളാണെന്നോ?
ഉത്തരങ്ങളുമായി
വരും അപൂർവ്വങ്ങളിൽ
അപൂർവ്വമായ ചിലരെങ്കിലും…
(ഉദാ: മാർക്സ് & ജെന്നി)
അങ്ങനെയുള്ളവരുടെ
മരണംനടന്നിട്ടും,
ആ ശവകുടിരത്തിനു മുകളിൽ
കൂടുകൂട്ടുന്ന കിളികൾക്ക്,
കൊക്കുരുമ്മി, മഹത്തായ
പ്രണയ സന്ദേശം
കൊടുക്കാനാവും!…
ആകാശത്തെ എല്ലാ
നക്ഷത്രങ്ങളെയും
തമോഗർത്തം
വിഴുങ്ങിയാലും,
ആ ശവകുടിരത്തിനു
മുകളിൽ ഒരു മിന്നാമിനുങ്ങ്
പറന്നു നടക്കും!
പ്രണയിക്കുന്നവരെ നോക്കി
ഒരിക്കലും അസൂയപ്പെടാതെ,
വേദനയിലും, കണ്ണുകളിൽ
പുഞ്ചിരിയുമായി
സ്നേഹസന്ദേശം
കൈമാറുന്നവർക്കുവേണ്ടി
ഇനിയും കാത്തിരിയ്ക്കാം…
പ്രണയമേ…
ഈ അനന്തമായ
കാത്തിരിപ്പാണ്
നിന്നെ അനശ്വര
പ്രതിഭാസമാക്കുന്നത്!
പണപ്പെട്ടിമേലും
പരാതിപ്പെട്ടിമേലും
കുത്തിയിരുന്ന്
ദു:സ്വപനം കാണുന്നവരോട്
ഇതൊക്കെ
പറഞ്ഞിട്ടെന്തു കാര്യം?
വാനമ്പാടി പാടുമ്പോൾ
നിയമം ലംഘിച്ചു,
തോക്കിൻകുഴലിൽ,
വെള്ളമൊഴിക്കാൻ
ആരു ധൈര്യം
കാണിക്കുന്നുവോ…
അവർക്ക് തീർച്ചയായും
എല്ലാം മറന്നു
പ്രണയിക്കാനുള്ള
അവകാശമുണ്ട്!
ഉറങ്ങാത്ത
ഉറുമ്പുകളോടും
തേനീച്ചകളോടും
അസൂയ തോന്നാത്ത,
നഷ്ടപ്പെട്ട പ്രണയകാലമേ…
ഒരു ജീവിതകാലം
മുഴുവൻ ഓടിനടന്നു
പ്രണയിച്ചിട്ടും,
ബാക്കിയായ പ്രണയം,
അപൂർണ്ണമായ
ഒരു പ്രേമലേഖനം തന്നെ!…
സ്വന്തം
മേൽവിലാസം മറന്ന്
പ്രണയിക്കാൻ വെമ്പുന്ന
കാമുകീ-കാമുകന്മാർക്കായി
ഇപ്പോഴും ഉലകം
ചുറ്റിക്കൊണ്ടേയിരിക്കുന്നു!…
ഇനിയും കാത്തിരിക്കാം…
കാതോർത്തിരിയ്ക്കാം…
കടഞ്ഞെടുക്കാം…











