ഡല്‍ഹിയില്‍ നിന്നെത്തിയ മകളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പോയത് ഓമന മാത്രമായിരുന്നു. പപ്പയും കരുണും നാട്ടുകാരുടെ പുതിയ വിജയാഹ്ലാദത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒരു ബന്ധുവിന്‍റെ കാറിലാണ് അവര്‍ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തുവന്ന മകളെ അവര്‍ നെഞ്ചോടമര്‍ത്തി മുകര്‍ന്നു. മകള്‍ വളര്‍ന്നു വലുതായിട്ടും ഓമനയ്ക്കവള്‍ ഒരു കൊച്ചുകുട്ടിയാണ് ഇപ്പോഴും. എപ്പോഴും ഒപ്പമില്ലെന്നതാണ് ഏറ്റവും വലിയ വിഷമം.
മകളുടെ വിദേശവാസം സ്വഭാവത്തില്‍ പല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആകര്‍ഷകമായ രൂപഭംഗിയാണവള്‍ക്ക്. തിളക്കമുള്ള മകളുടെ കണ്ണുകളിലേക്ക് നോക്കി ഡല്‍ഹി ജീവിതത്തെക്കുറിച്ച് ആരാഞ്ഞു. അവിടെയും ഒരു ബന്ധുവിനൊപ്പമാണ് താമസം. അവളുടെ കാര്യം പറയുന്നതിനെക്കാള്‍ അവള്‍ കേള്‍ക്കാനാഗ്രഹിച്ചത് കരുണിനെപ്പറ്റി മാത്രമാണ്. മുഖത്ത് പുഞ്ചിരി തെളിഞ്ഞു. ഡല്‍ഹി ജീവിത്തെപ്പറ്റി അവള്‍ വിശദീകരിച്ചു. അതില്‍ പ്രധാനം അഴിമതി, അധികാരം, സ്ത്രീപീഡനം എന്നിവയെപ്പറ്റി.
ആകാശത്തുയര്‍ന്നു നില്ക്കുന്ന കെട്ടിടങ്ങള്‍ പണിതതുകൊണ്ടുമാത്രം വളര്‍ച്ചയെന്നു പറയാനാവില്ല. മനുഷ്യമനസ്സാണ് വളരേണ്ടത്. അതാണ് വളര്‍ച്ചയുടെ ഉറവിടം. ആ വളര്‍ച്ചയുടെ ഒരു മാറ്റമാണ് കരുണിന്‍റെ ജയം. ഇവിടുത്തെ തെരെഞ്ഞെടുപ്പില്‍ എത്രയോ തെറ്റായ മാര്‍ഗ്ഗങ്ങളുണ്ട്. തെരെഞ്ഞെടുപ്പ് ഒരു കൂട്ടരുടെ കുത്തകയായി മാറിയിരിക്കുന്നു. ഇന്നത്തെ ജനാധിപത്യത്തെ അധികാരത്തിലുള്ളവരുടെ തടവറയിലാണ് വസിക്കുന്നത്. ജനാധിപത്യത്തിന് സ്വാതന്ത്യമില്ലെങ്കില്‍ ജനങ്ങള്‍ക്ക് സ്വാതന്ത്യം എങ്ങിനെ ലഭിക്കും. അതിനൊക്കെ ബ്രിട്ടനെ കണ്ടുപഠിക്കണം. ഒരു തെരെഞ്ഞെടുപ്പ് നടക്കുന്നുണ്ടോ എന്ന് ബഹുഭൂരിപക്ഷമാളുകള്‍ക്കും അറിയില്ല. ഞാനവിടെ ഉണ്ടായിരുന്നപ്പോള്‍ ഒരു തെരെഞ്ഞെടുപ്പ് നടന്നു. തപാല്‍ വഴിയാണ് കൊച്ചച്ചനും കുടുംബവും വോട്ടു ചെയ്തത്. ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്ക് കോളത്തില്‍ ടിക് ചെയ്ത് അവര്‍ തന്നിരിക്കുന്ന കവറില്‍ മടക്കി അയയ്ക്കുക. കൊച്ചച്ചന്‍ പറഞ്ഞത് കുറെ രാഷ്ട്രീയപാര്‍ട്ടികളുടെ പേരില്‍ മേയറായും എം.പി.യായും ഓരോരുത്തര്‍ മത്സരിക്കുന്നു. അവര്‍ ആരെന്നോ എന്തെന്നോ ഒന്നുമറിയില്ല. ആകെയറിയുന്നത് ഈ ബോറോയില്‍ നിന്ന് മത്സരിക്കുന്ന സ്റ്റീഫന്‍ റ്റിംസ് എം.പി.യെയാണ്. എല്ലാം പ്രാവശ്യവും അദ്ദേഹം എം പി യായി തെരെഞ്ഞെടുക്കപ്പെടും. നീണ്ട വര്‍ഷങ്ങളായി താമസിച്ചിട്ടും സ്വന്തം വാര്‍ഡിലെ കൗണ്‍സിലര്‍ ആരെന്നുപോലും കൊച്ചച്ചന് അറിയില്ല. അറിഞ്ഞിട്ട് ഒന്നും നേടാനുമില്ല. ഇവിടുത്തേപ്പോലെ അവിടെ ഒരു തെരെഞ്ഞെടുപ്പോ രാഷ്ട്രീയമോ ഇല്ല. ഇതിങ്ങനെ ആരു യന്ത്രംപോലെ ബ്രിട്ടനിലെ രാജ്ഞി ഓടിച്ചുകൊണ്ടിരിക്കയാണ്. മതരാഷ്ട്രീയത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. എന്നാല്‍ യാന്ത്രികമായി എല്ലാം നടക്കുന്നു.
ഓമന മകളുടെ വാചാലതയില്‍ ശ്രദ്ധിച്ചിരുന്നു. മനസ് മന്ദഹസിച്ചു. തന്തയും മോളും ഒരേ തോണിയിലാണ് സഞ്ചരിക്കുന്നത്. അത് തൊഴുന്ന ദൈവമാണെങ്കിലും കള്ളസത്യം സഹിക്കില്ല. അവരെ തെറ്റു പറയാനുമാകില്ല. അമ്മയും മോളും തമ്മിലുള്ള സരസസംഭാഷണത്തിനിടയില്‍ കാറിനുള്ളില്‍ നിന്ന് ആത്മാവിനെ ഉണര്‍ത്തുന്ന ഒരു ക്രിസ്തീയഗാനം കേള്‍ക്കുന്നുണ്ടായിരുന്നു. കിരണ്‍ ഇതിനിടയില്‍ പപ്പായെയും ഡല്‍ഹിയിലെ ഓഫീസിലുള്ളവരെയും ഫോണില്‍ വിളിച്ച് സംസാരിച്ചു. കരുണിനെ കാണാനുള്ള അത്യാഗ്രഹം വീടടുക്കുന്തോറും കുതിച്ചൊഴുകി മലവെള്ളപ്പാച്ചില്‍പോലെ അവളുടെ മനസ്സില്‍ ഇളകി മറിഞ്ഞു.
തെരെഞ്ഞെടുപ്പ് വിവരം അറിഞ്ഞ നിമിഷം മുതല്‍ നാട്ടുകാരില്‍ ചിലരൊക്കെ മധുരപലഹാരങ്ങളുമായി കരുണിന്‍റെ ഓലകെട്ടിയ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. വീടിന് മുന്നില്‍ സ്നേഹവികാരങ്ങള്‍ തുടിച്ചു നിന്നു. ചിലര്‍ അവനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. വീട്ടുമുറ്റത്ത് വന്നവര്‍ക്ക് ഇരിക്കാന്‍ നല്ലൊരു കസേരപോലുമില്ലാത്തതിനാല്‍ എല്ലാവരും നില്ക്കുകയാണ്. ഒരു പഴഞ്ചന്‍ കസേരയില്‍ അടുത്ത വീട്ടിലെ വയസ്സന്‍ ഗോപാലന്‍ ഒരു വടിയും കുത്തിയിരിപ്പുണ്ട്.
വീടിന്‍റെ വരാന്തയില്‍ മറ്റ് സ്ത്രീകളുടെ ആഹ്ലാദത്തില്‍ പങ്ക് ചേര്‍ന്ന് ക്ഷീണിതയെങ്കിലും സന്തോഷവതിയായി ബിന്ദു ഇരിപ്പുണ്ട്. പെറ്റമ്മപോലും സ്വപ്നത്തില്‍ നിനച്ചതല്ല മകന്‍ ഇങ്ങനെയൊരു അത്ഭുതത്തിന് കാരണക്കാരനാകുമെന്ന്. അടുത്തുള്ളവര്‍ വിജയവിവരമറിയിച്ചപ്പോള്‍ ആശ്ചര്യപ്പെട്ട് മൂക്കത്ത് വിരല്‍വച്ചുപോയി. നിമിഷങ്ങള്‍ നിശ്ചലമായി നിശബ്ദയായി നിന്നു. ആദ്യം അങ്ങനെ ഒരു വാര്‍ത്ത കേട്ടെങ്കിലും പൂര്‍ണ്ണമായി വിശ്വസിച്ചില്ല. രാഷ്ട്രീയത്തിലെ ഒരു പ്രത്യയശാസ്ത്രവുമറിയാത്ത മകന്‍ എങ്ങിനെയാണ് ജനങ്ങളുടെ പ്രിയംകരനായി മാറിയത്. ഒരുപക്ഷേ, മനുഷ്യര്‍ അനുഭവിക്കുന്ന നീറുന്ന പല വിഷയങ്ങളില്‍ മകന്‍ ഇടപെട്ടനുഭവിച്ചത് അറിയാമായിരിക്കും.
ടിവിയിലും പത്രങ്ങളിലുമെല്ലാം നിറഞ്ഞു നിന്നത് മന്ത്രിയായ കാശിപ്പിള്ളയാണ്. അധികാരത്തിലുള്ളവരെ വീണ്ടും പ്രതിഷ്ഠിക്കാനാണ് പാര്‍ട്ടിക്കാര്‍ ശ്രമിച്ചത്. സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അനീതിയും അഴിമതിയും സ്ത്രീലമ്പടനായ മന്ത്രിയും വിലക്കയറ്റം ആഗോളവത്ക്കരണമെല്ലാം ഈ വിജയത്തിന് കാരണമാകണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇയാള്‍ എങ്ങിനെ ജയിച്ചു.
ചാരുംമൂടന്‍റെ സത്യപ്രസ്താവന കരുണിന്‍റെ വിജയത്തിനു പിന്നിലുണ്ട്. കരുണ്‍ കാലത്തിന്‍റെ കണ്ണാടിയാണ്. ഈ നാടിന്‍റെ ശില്പി. കേരളദേശം കര്‍മസേനയിലുള്ളവരെല്ലാം ഓരോരോ ശില്പികളാണ്. അടുത്ത തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കാലത്തിന്‍റെ ശില്പിയായ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ജോസഫ് ജോണാണ്. നമുക്കായി മലിനീകരണ നിയന്ത്രണ യന്ത്രം ഉണ്ടാക്കിയ നാടിന്‍റെ ശില്പി. ഗോപുരങ്ങളില്‍ സുഖലോലുപതയില്‍ ജീവിക്കുന്നവരുടെ അടിത്തറയിളക്കാന്‍ അക്ഷരങ്ങള്‍ക്ക് കഴിഞ്ഞതിന്‍റെ പ്രധാനകാരണം ഈ നാടിന്‍റെ ശില്പികളാണ്. അധികാരമെന്നാല്‍ പാര്‍ട്ടി പദവികളിലിരിക്കുന്നവരെ സമ്പന്നരാക്കുന്നതാകരുത്. അതിനാല്‍ പാവങ്ങള്‍ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കയല്ലേ. ഇന്നത്തെ സമൂഹം സത്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു മാറ്റം അവരാഗ്രഹിക്കുന്നതിന് ഉത്തമ ദൃഷ്ടാന്തമായിട്ടാണ് ബിന്ദുവും അടുത്തിരുന്നവരും ഈ വിജയത്തെ കണ്ടത്. വിദ്യാസമ്പന്നരായ മനുഷ്യര്‍ ചിന്തിച്ചത് ജീര്‍ണ്ണിച്ച് ജീവിച്ച് തീര്‍ക്കുന്ന ദന്തഗോപുരങ്ങള്‍ അടര്‍ന്നുവീഴുമോ?
ശങ്കരന്‍റെ ബംഗ്ലാവില്‍ മദ്യവും കോഴിക്കാലുകളും അകത്താക്കിക്കൊണ്ടിരുന്ന കാശിപിള്ള ഒരിടത്ത് ജയിച്ച് തന്‍റെ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തിയെങ്കിലും ജയം ഉറപ്പിച്ച മണ്ഡലത്തില്‍ തോറ്റതിന്‍റെ ആഘാതം ദിവസങ്ങള്‍ കഴിഞ്ഞിട്ടും മനസ്സിനെ മിന്നികത്തുന്ന ഒരു ചാരക്കൂമ്പാരമാക്കിയിട്ടിരിക്കുന്നു. ജയിച്ച മണ്ഡലത്തില്‍ എതിര്‍സ്ഥാനാര്‍ത്തി ശക്തനായതുകൊണ്ട് ജയിക്കുമെന്ന് അത്ര പ്രതീക്ഷയില്ലായിരുന്നു. ഇവിടെ ചിലവഴിച്ചതിന്‍റെ പകുതി പണമാണ് അവിടെ ചിലവഴിച്ചത്. ഇവിടുത്തെ സമുദായ അംഗങ്ങള്‍ എന്താണ് കൈ വെടിഞ്ഞതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. അവരുടെ അമ്പലത്തിലും പള്ളിയിലും താന്‍ കൈകൂപ്പി നിന്നതല്ലേ. സമുദായ നേതാക്കന്മാര്‍ക്ക് ലക്ഷങ്ങള്‍ സംഭാവന കൊടുക്കയും സ്വന്തത്തില്‍പെട്ട പലര്‍ക്കും നിയമനങ്ങള്‍ നടത്തുകയും ധാരാളം വാഗ്ദാനങ്ങള്‍ കൊടുത്തതുമാണല്ലോ. എന്നിട്ടും പരാജയപ്പെട്ടിരിക്കുന്നു. തോറ്റിരിക്കുന്നതോ, താണ ജാതിയിലുള്ളവനോട്.
സുബോധം നഷ്ടപ്പെടുന്നതുപോലെ ശങ്കരനെ നോക്കി ചോദിച്ചു. “എന്താടോ താനൊന്നും പറയാത്തത്?”
ശങ്കരന്‍ മറുപടി പറഞ്ഞു, “ഇയാടെ അതേ വിഷമം എനിക്കുമുണ്ട്. അതോര്‍ത്ത് മനസ് അസ്വസ്ഥമാക്കിയിട്ട് ഒരു കാര്യവുമില്ല. ഇത് എങ്ങിനെ സംഭവിച്ചുവെന്നാണറിയേണ്ടത്. ഇപ്പോള്‍ വെറുതെ ഒരു വിശദീകരണം നടത്തിയിട്ട് കാര്യമില്ല.”
കാശിപിള്ളയില്‍ കണ്ട ഭാവവ്യത്യാസം മനസ്സിലാക്കി വീണ്ടും പറഞ്ഞു. “എന്തായാലും താനൊരു ഭാഗ്യം ചെയ്തവന്‍ തന്നെയാണ്. ഇവിടെ തോറ്റെങ്കില്‍ മറ്റൊരിടത്ത് ജയിച്ചില്ലേ? വീണ്ടും മന്ത്രിയായി വരുന്നതിനെക്കുറിച്ച് ചിന്തിക്ക്. മറ്റൊന്ന്, തനിക്കാ വിശ്വനര്‍ത്തകിയെ വേണോ? ആ നടി?”
കാശിപ്പിള്ളയുടെ കണ്ണുകള്‍ തെളിഞ്ഞു. അവളുടെ ചുവന്നുതുടുത്ത മുഖം ഇപ്പോഴും മനസ്സില്‍ ഒരു കുളിരായി നിറഞ്ഞു നിലക്കുന്നു. അവള്‍ നൃത്തം ചെയ്തുകൊണ്ടിരുന്നപ്പോള്‍ തന്‍റെ മനസ്സാണ് കൂടുതല്‍ ആര്‍ദ്രമായത്. എന്‍റെ ചിലന്തിവലയില്‍ എത്രയോ നടികള്‍, സുന്ദരിമാര്‍ കുടുങ്ങിക്കിടക്കുന്നു. ഇവളുടെ കാര്യത്തില്‍ സുഹൃത്തിന്‍റെ സഹായം ആവശ്യമില്ല. ചലച്ചിത്രരംഗത്തുള്ളവര്‍ തന്‍റെ ഇംഗിതത്തിന് വഴങ്ങുന്നതിന് താനവര്‍ക്ക് അവാര്‍ഡ് പകരമായി കൊടുക്കുന്നുണ്ട്. അതുവരെ അവര്‍ ലാസ്യനൃത്തമാടി അഭിനയിക്കട്ടെ. ആ ചടുല ചലനങ്ങള്‍ കണ്ട് മറ്റുള്ളവര്‍ ആഹ്ലാദിക്കട്ടെ.
കാശിപ്പിള്ള അതില്‍ നിന്ന് മാറിയിട്ട് ചോദിച്ചു. “എടോ, അവളല്ല ഇപ്പോള്‍ പ്രധാനം. പാര്‍ട്ടി തന്നെ ഒരു ദൗത്യം എല്‍പ്പിച്ചത് എന്തായി?”
“ഉം. മനസ്സിലായി, ഞാന്‍ പാര്‍ട്ടി സെക്രട്ടറിയൊന്നുമല്ല എന്തും ചെയ്തുകൊടുക്കാന്‍. പിന്നെ അപ്പോള്‍ ഒന്നും പറയാഞ്ഞത് തന്നെ ഓര്‍ത്തു മാത്രമാണ്.”
പെട്ടെന്ന് കാശിപ്പിള്ള പറഞ്ഞു, “എടോ താനീ വെള്ളമടിച്ച് ഇവിടെയിരുന്നാല് അവന്‍റെ കസേര എതിര്‍പാര്‍ട്ടിയങ്ങ് ഉറപ്പിക്കും. തെരെഞ്ഞെടുപ്പ് ഫലം അറിയാമല്ലോ. അവനെന്നെ തോല്പിച്ചെങ്കിലും എന്‍റെ കസേര ഉറപ്പിക്കണമെങ്കില്‍ അവന്‍റെ കാല് പിടിച്ചേ പറ്റൂ.ടട
ശങ്കരന്‍റെയുള്ളില്‍ ദേഷ്യം നുരഞ്ഞു പൊങ്ങിയെങ്കിലും അതെ കിതപ്പോടെ അങ്ങോട്ടു ചോദിച്ചു.
“അല്ല നിങ്ങടെ സെക്രട്ടറി എന്നോടു പറഞ്ഞത് താനും ഒപ്പമുണ്ടാകുമെന്നാണല്ലോ. ഇയാക്ക് മന്ത്രിക്കസേര ഉറപ്പിക്കയും വേണം അവനെ കാണാന്‍ താല്പര്യവുമില്ല. അതെന്ത് മറിമായം.”
കാശിപ്പിള്ളയുടെ മുഖഭാവം മാറി. എന്തുകൊണ്ടാണ് വരാന്‍ മടിക്കുന്നതെന്ന് തുറന്നു പറയുന്നതാണ് നല്ലത്. ഇന്നുവരെ രണ്ടുകൂട്ടരും ഈ നിലയിലെത്തിയത് പരസ്പരധാരണയോടുകൂടി തന്നെയാണ്. ഇയാളുടെ സ്കൂളുകളിലെ തെറ്റും ശരിയുമായ എല്ലാക്കാര്യത്തിന് മന്ത്രിതലത്തില്‍ എല്ലാ ആനുകൂല്യങ്ങളും വാങ്ങിക്കൊടുത്തു. എന്നാല്‍ പ്ലസ് ടൂ അദ്ധ്യാപകരില്‍ നിന്ന് 20 മുതല്‍ 25 ലക്ഷവരെ അയാള്‍ വാങ്ങുന്നുണ്ട്. രക്ഷിതാക്കളില്‍ നിന്ന് വന്‍തുകകള്‍ പലവിധ പേരുകളില്‍ പിരിക്കുന്നുണ്ട്. പല അദ്ധ്യാപകരെയും ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് പുതിയ അദ്ധ്യാപകരെ നിയമിക്കുന്നുണ്ട്. എത്രയോ പെണ്‍കുട്ടികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് ഈ കിടപ്പറ പങ്കുവച്ചിട്ടുണ്ട്. ഇതിലൊന്നും ഇന്നുവരെ അതിന്‍റെ വിഹിതം തരണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല. വിരലില്‍ എണ്ണാവുന്ന പെണ്‍കുട്ടികളെ മാത്രമാണ് ഇന്നുവരെ തന്‍റെ ഇഷ്ടത്തിന് ഉപയോഗിച്ചിട്ടുള്ളൂ. പല നടികളെയും ഇയാള്‍ക്കായി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളില്‍ എത്തിച്ചു കൊടുത്തിട്ടുണ്ട്. അതിനെക്കാള്‍ പ്രധാനം എന്നെ ഈ മണ്ഡലത്തില്‍ വാഴിച്ചത് ഇയാളാണ്. തെരെഞ്ഞെടുപ്പ് വരെ എത്തിച്ചതില്‍ പ്രധാനപങ്കുകാരനാണ്. അതിനാല്‍ ഒരു തലത്തിലും ഒരു വിദ്വേഷമോ പ്രതികാര സ്വഭാവമോ ഇന്നത്തെ ചുറ്റുപാടില്‍ പാടില്ല. ഇന്നത്തെ രാഷ്ട്രീയ വളര്‍ച്ച മറ്റുള്ളവരുടെ കാല്‍തൊട്ടു വന്ദിക്കുക, തലയില്‍ തലോടുക, അവരെ സോപ്പിച്ചു കഴുകുക, തുടയ്ക്കുക, സ്നേഹം നടക്കിക ഇതൊക്കെയാണ്.അവസാനം ഒരു അപേക്ഷപോലെ പറഞ്ഞു, “എടോ താനല്ലേ എന്‍റെ മോന്‍റെ കേസ് തീര്‍ക്കാന്‍ ആ ചാരുംമൂടന്‍റെ അടുത്ത് ചെന്നത്. എന്തുകൊണ്ട് ഞാന്‍ വന്നില്ല. ആദര്‍ശവാനായ അയാളെ നേരിടാനുള്ള ശക്തി എനിക്കില്ല. അഥവാ എതിര്‍ത്താല്‍ അയാളുടെ ആയുധം എഴുത്താണ്. എന്തെങ്കിലും എനിക്കെതിരെ ഏതെങ്കിലും ചീപ്പ് മാധ്യമത്തില്‍ എഴുതി വിട്ടാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി സംസാരിച്ചാല്‍ അതെനിക്ക് ദ്രോഹം ചെയ്യില്ലേ. അത് മുന്‍കൂട്ടി മനസ്സിലാക്കിയാണ് തന്നെ ഇതില്‍ പെടുത്തിയത്. അതുകൊണ്ട് എന്‍റെ പൊന്നുചങ്ങാതി അയാളെ കാണാന്‍ എന്നെ നിര്‍ബന്ധിക്കരുത്.”
സുഹൃത്തിന്‍റെ വിയോജിപ്പ് ശങ്കരന്‍ മുഖവിലയ്ക്കെടുത്തില്ല. എന്നിട്ട് പറഞ്ഞു, “എടോ അമ്പലത്തില്‍ തൊഴാന്‍ പോകുന്നത് എന്തിനാണ്. ഒരു സമുദായനേതാവ് ആയതുകൊണ്ടാണ് അല്ലാതെ ആദര്‍ശം വിശ്വാസം ഇതിലൊട്ടും എനിക്ക് പറ്റില്ല. തനിക്ക് മന്ത്രിയാകണമെങ്കില്‍ എന്നോടൊപ്പം വന്നേ പറ്റൂ. ഈ തെരെഞ്ഞെടുപ്പില്‍ ചെലവഴിച്ച തുക കോടികളാണ്. പുതിയ ഭരണം വന്നിട്ടുവേണം ബിസിനസുകാര്‍ക്ക് ഈ തുക ഈടാക്കാന്‍. ഇവിടുത്തെ മദ്യലോബിയോട് വാങ്ങിയ തുക ഓര്‍മ്മയുണ്ടോ? ഒരു ഒറ്റ കണ്ടീഷനിലാണ് ഒരുകോടി വാങ്ങിയത്. സ്പിരിറ്റ് ലോറി ആദ്യ സംസ്ഥാനത്തുനിന്ന് വന്നാല്‍ തലവേദന ഉണ്ടാക്കരുത്. കാര്‍ത്തികേയനും ഞാനുമായിട്ടാണ് ആ കരാര്‍ സമ്മതിച്ചിട്ടുളഅളത്.”
കാശിപ്പിള്ള ഒന്നു പകച്ചുനോക്കിയെങ്കിലും ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ നിയോഗം ഇതെന്ന് മനസ്സിലാക്കി ആശ്വസിച്ചു. സ്വന്തം നിലനില്പാണ് സംരക്ഷിക്കപ്പെടേണ്ടത്. ഇതില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് നന്നല്ല. അതുമല്ല പാര്‍ട്ടി ഏല്പിച്ച വലിയൊരു ദൗത്യമാണ്. എത്രപണം മുടക്കിയാലും തെറ്റില്ല. രണ്ടു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ എന്തുവിലകൊടുത്തും സ്വന്തമാക്കാതെ അധികാരത്തിലെത്താന്‍ പറ്റില്ല. ഇത് നിലനില്പിന്‍റെ പ്രശ്നംകൂടിയാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി അധികാരത്തിലിരിക്കുന്ന വ്യക്തി ഒന്നുമില്ലാതായാല്‍ തലയില്‍ തുണിമൂടി നടക്കുന്നതിന് തുല്യമല്ലേ. ഇവിടെ സാമൂഹ്യ താല്പര്യങ്ങള്‍ക്കല്ല മുന്‍തൂക്കം രാഷ്ട്രീയ താല്പര്യങ്ങള്‍ക്കാണ്. ഇന്നത്തെ കൂടിക്കാഴ്ചയില്‍ എന്തുവിലകൊടുത്തും കരുണിനെ സ്വന്തമാക്കണം. ഇല്ലെങ്കില്‍ എല്ലാം ശൂന്യമാകും. വെറുമൊരു കടലാസ് എം എല്‍ എ ആയി തുടരുന്നതിനേക്കാള്‍ നല്ലത് ഒരു മന്ത്രിയായി അധികാരത്തിലിരിക്കുന്നത്. അധികാരത്തിന്‍റെ മധുരമറിഞ്ഞ തനിക്ക് അതില്‍ നിന്ന് മാറിനില്ക്കാനാവില്ല.
ശങ്കരനെ നിരുത്സാഹപ്പെടുത്താതെ പറഞ്ഞു, “ഇയാള്‍ക്ക് നിര്‍ബന്ധമെങ്കില്‍ ഞാനും വരാം.”
ഉടനടി ശങ്കരന്‍ പറഞ്ഞു, “ചാരുംമൂടനെ തന്നെക്കാള്‍ എനിക്കേ അറിയൂ. അതുകൊണ്ട് എന്തു പറഞ്ഞാലും ഉടനടി മറുപടി പറയരുത്. രാഷ്ട്രീയക്കാരുടെ സാമൂഹ്യഭാഷ എന്താണ്. പുഞ്ചിരിക്കുക. പരാതി പറയുമ്പോള്‍ പരിഹാരം കാണാം. ഒന്നിനും കയറി പറ്റില്ല എന്ന് പറയരുത്. അതാ ഞാന്‍ പറഞ്ഞതിന്‍റെ ചുരുക്കം. ഞാനിതൊക്കെ പഠിച്ചത് ഇയാളില്‍ നിന്നാണെങ്കിലും ആ തീവ്രവാദിയെ കാണാന്‍ പോകുമ്പോള്‍ ഇതൊന്നും മറക്കരുതെന്ന് അറിയിച്ചതാണ്. ഞാനയാളെ ഒന്നു വിളിക്കാം….”
ശങ്കരന്‍ മൊബൈലില്‍ വിളിച്ചു. അങ്ങേ തലയ്ക്കല്‍ നിന്ന് മറുപടി വന്നു.
“ഹലോ ആരാണ്?”
വളരെ പതുക്കെ നിഷ്ക്കളങ്കതയും കുലീനത്വവും നിറയുന്ന സ്വരത്തില്‍ പറഞ്ഞു.
“സാറെ നമസ്കാരം, ശങ്കരനാണ്… ഞാനും മുന്‍മന്ത്രി കാശിപിള്ളയും വീട്ടിലേക്ക് വന്ന് അങ്ങയെയും കരുണിനെയും ഒന്നു കാണുന്നുണ്ട്.”
കാശിപിള്ള ശങ്കരന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയിരുന്നു. വീണ്ടും പുഞ്ചിരിയോടെ അറിയിച്ചു. “ഞാന്‍ ഒറ്റയ്ക്കേ വരുന്നുള്ളൂ.”
കാശിപ്പിള്ള ശങ്കരനെ നോക്കി. ഏതുപെണ്ണിനേയും വളച്ചെടുക്കുന്ന ശങ്കരന് ചാരുംമൂടന്‍ ഒരു വിഷയമായി തോന്നിയില്ല. ഫോണ്‍ വച്ചിട്ട് വളരെ ആശ്വാസത്തോടെ പറഞ്ഞു.
“തന്‍റെ ആഗ്രഹംപോലെ ഫലിച്ചു. ഇയാളെ കാണാന്‍ താല്പര്യമില്ല. സ്വവഭാവഗുണമുള്ളവര്‍ അയാളെ കണ്ടാല്‍ മതി എന്ന് ചുരുക്കം. ഞാനും മന്ത്രിയായിരുന്നുവെങ്കില്‍ എല്ലാം പൊളിയുമായിരുന്നില്ലേ?” അയാള്‍ പൊട്ടിച്ചിരിച്ചു.
ചാരുംമൂടന്‍റെ മുറ്റത്ത് കരുണ്‍ മോട്ടോര്‍ സൈക്കിളില്‍ വന്നിറങ്ങിയത് കണ്ട് അകത്തുനിന്ന് ആഹ്ലാദഭരിതനായി കിരണ്‍ മുറ്റത്തേക്കിറങ്ങിവന്ന് വിജയാശംസകള്‍ നേര്‍ന്നു. അവന്‍ നന്ദി പറഞ്ഞിട്ട് പറഞ്ഞു.
“സോറി, കിരണിനെ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടുവരണമെന്നുണ്ടായിരുന്നു. ആകെ തിരക്കായിപ്പോയി. യാത്രയെല്ലാം സുഖമായിരുന്നോ?”
അവളുടെ മുഖം കൂടുതല്‍ പ്രകാശിച്ചു. ആകാശമേഘങ്ങളും പ്രകാശം ചൊരിഞ്ഞുനിന്നു. ഇമ വെട്ടാതെ അവനെ നോക്കിക്കൊണ്ടുനിന്ന വേളയില്‍ ഹൃദയം തുടിച്ചു. ഒരു ജനപ്രതിനിധിയായി അവനെ കാണാന്‍ സാധിച്ചതില്‍ ആനന്ദം തോന്നി. പുതിയ വഴിത്താരകള്‍ തേടിപ്പോകുമ്പോള്‍ മറ്റൊരു സ്ത്രീ അവന്‍റെ ജീവിതത്തില്‍ കടന്നുവരുമോ? നീണ്ട വര്‍ഷങ്ങള്‍ പ്രണയവും അനുരാഗവുമായി നടക്കുന്നവര്‍ക്കെല്ലാം നഷ്ടപ്പെടുമോ? ഇവനുവേണ്ടി കാത്തിരുന്ന ഞാന്‍ വിഡ്ഢിയാകുമോ? മനസ്സ് അസ്വസ്ഥമാകുന്നുണ്ടെങ്കിലും അവനെ കാണുമ്പോള്‍ ഹൃദയം തുടിക്കുകയാണ്. അവളുടെ മിഴികളില്‍ നോക്കി സ്നേഹത്തോടെ നോക്കി.
“ആദ്യമായി ലഭിച്ച കേസ് എങ്ങിനെ? കാമുകിയെ കൊന്നവനെ കണ്ടെത്തുമോ?”
“കണ്ടെത്തും”, അവള്‍ തന്‍റേടത്തോടെ പറഞ്ഞു. “അതിന്‍റെ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കയാണ്.”
അവള്‍ അവനെ വീടിന്‍റെ ഒരു ഭാഗത്തേക്ക് വിളിച്ചോണ്ടുപോയി.
“നമ്മള്‍ നട്ടുവളര്‍ത്തിയ മരം നന്നായി വളരുന്നുണ്ട്. നീ അതിനെ താലോലിച്ച് വളര്‍ത്തിയതിന് ഒത്തിരി നന്ദി.”
അവന്‍റെ പുരിക്കൊടികള്‍ ഉയര്‍ന്നു. അവളുടെ അഴകാര്‍ന്ന മിഴികളിലേക്ക് നോക്കി. ആ മുഖം ഒരു പൂക്കളം പോലെയായിരുന്നു. അവന് ആ സൗരഭ്യമുള്ള പെണ്ണാണവള്‍. അവളെ വരവേല്ക്കാന്‍ ഒരാള്‍ വരാതിരിക്കില്ല. അവിടേക്ക് മോട്ടോര്‍ സൈക്കിളില്‍ ജോസഫ് വരുന്നതുകണ്ട് അങ്ങോട്ടു നടന്നു. അയാള്‍ അതില്‍നിന്നുമിറങ്ങി ആദരവോടെ കിരണുമായി സ്നേഹാന്വേഷണങ്ങള്‍ പങ്കുവച്ചുകൊണ്ടുനില്ക്കേ ശങ്കരന്‍റെ കാറും അവിടേക്ക് വന്നു.
About The Author
No related posts.