”ഓടിക്കോ… ഓടിക്കോ… നാട്ടുകാരേ… ക്യാമറ വരുന്നുണ്ടേ…!”
ഉമ്മറത്തുനിന്നും ഹാളിലേക്ക് ഓടിക്കയറിയ സിസിലി വിളിച്ചുകൂവി.
വർണ്ണദീപങ്ങൾ പ്രകാശിക്കുന്ന, അലങ്കരിച്ച ഹാളിൽ പെൺകുട്ടികൾ ഒരു ബലൂൺ ഉയരത്തിൽ തട്ടിക്കളിക്കുന്നു.
ഗേളിയും മില്യയും സീനയും കിറ്റിയും എയ്ഞ്ചലും വലിയ ബഹളത്തിലാണ്.
വായുവിൽ പൊങ്ങിത്താഴുന്ന ബലൂൺ കയ്യെത്തിപ്പിടിക്കാനും തട്ടി ഉയർത്താനും മറ്റൊരാൾക്ക് കിട്ടാതിരിക്കാനുമുള്ള മത്സരം. അതിനിടയിൽ ഉരുണ്ടുവീഴുന്നു. പൊട്ടിച്ചിരിക്കുന്നു. കൂവുന്നു.
മോളിക്കുട്ടി മുറ്റത്തുള്ള ആണുങ്ങളെയും പന്തലിലുള്ള ആൺകുട്ടികളെയും ഷൂട്ട് ചെയ്തശേഷം അകത്തേക്ക് കയറിവരികയാണ്.
ആദ്യം വിളക്കുകൾ ക്യാമറയിൽ വട്ടംകറങ്ങി പകർത്തി. പിന്നെ ബലൂണും. ഒരു മൂലയിലേക്ക് നീങ്ങിക്കൊണ്ടു പെൺകുട്ടികളുടെ കളികളും ഒപ്പിയെടുത്തു. അടുത്തതായി മെല്ലെ നിലത്തു മുട്ടുമടക്കി ഇരുന്നു, ഒരു സിംഹാസനം പോലെ ഭംഗിയുള്ള വലിയ കസേരയും അതിനടുത്തായി പിടിപ്പിച്ച മുത്തുക്കുടയും ലോ ആങ്കിൾ ഷോട്ടിൽ ടിൽട്ട് അപ് ചെയ്തു ക്യാമറയിലാക്കി.
കസേരയ്ക്കു മുന്നിൽ ചെറിയ റ്റീപോയി. അതിൽ പൂക്കൾ. വെള്ളിത്തളിക. മെഴുകുതിരി. കൊന്ത.
ക്യാമറ നേരെ അടുത്ത മുറിയിലേക്കു ഒഴുകി.
അന്നാമ്മയുടെ പ്രാർഥനാമുറിയാണ്.
ഏതാനും ഇരിപ്പിടങ്ങളുള്ള കൊച്ചുമുറി. ഏറിയാൽ പത്തുപേർക്ക് ഇരിക്കാം. പഴയ ജനാലകൾ. കുമ്മായം പൂശിയ ഭിത്തിയിൽ പഴക്കത്തിന്റെ അടയാളങ്ങളുണ്ട്. ഒരു വശത്തു യേശുവിന്റെയും പരിശുദ്ധ മാതാവിന്റെയും യൗസേപ്പിതാവിന്റെയും പഴയ ഫോട്ടോകൾ. അതിനു മുന്നിൽ മരത്തട്ടിൽ മെഴുകുതിരികൾ.
ജനാലയ്ക്കു സമീപം അന്നാമ്മ കൊന്തയുമായി ഇരിക്കുന്നു. ഇടതുകൈയിൽ പച്ചക്കടലാസ്സിൽ പൊതിഞ്ഞ ചെറിയ ആഭരണപ്പെട്ടി ഇറുകെ പിടിച്ചിരിക്കുന്നു. അതിനടുത്തു സ്വാമിനിയമ്മ. എതിരെയുള്ള ഇരിപ്പിടങ്ങളിൽ കറുത്ത പർദ്ദ കൊണ്ട് മുഖം മൂടിയ നാല് മുസ്ലിം സ്ത്രീകൾ. അതിൽ വാർഡ് കൗൺസിലർ ആമിന ബീവി മാത്രം കണ്ണിന്റെ ഭാഗം തുറന്നിട്ടുണ്ട്. അവർ കറുത്ത നീണ്ട വസ്ത്രങ്ങളാൽ ശരീരം പൂർണമായി മറച്ചിരിക്കുന്നു.
”മോളിക്കുട്ടിയേ, കത്രീനേടെ ഒരുക്കം കഴിഞ്ഞില്ലേ?” അന്നാമ്മ ആകാംക്ഷ പൂണ്ടു.
”ഇല്ല വല്യമ്മച്ചീ. ആദ്യമുടുത്ത സാരി മാറ്റി.” മോളിക്കുട്ടി ക്യാമറയുമായി അവർക്കിടയിൽ വട്ടം കറങ്ങി.
”ഇനിയെന്താ വേഷം?” അന്നാമ്മയുടെ ആകാംക്ഷ നെറ്റിയിൽ കാണാമായിരുന്നു.
”കസവിന്റെ സെറ്റും മുണ്ടും പച്ച ബ്ലൗസും. കഴുത്തിൽ മുത്തുമാല. കയ്യിൽ കുപ്പിവള. കാലിൽ പാദസരം. ഇന്നുച്ചയ്ക്ക് അമേരിക്കേൽ ഇറങ്ങിയ പുതിയ ഫാഷനാ!”
മോളിക്കുട്ടി ക്യാമറയുമായി പുറത്തേക്കു ഒഴുകിയപ്പോൾ അന്നാമ്മ മ്ലാനതയോടെ താടിക്ക് കൈകൊടുത്തു.
ഇടതുകയ്യിലെ പച്ചക്കടലാസ്സിന്റെ പൊതി വലതുകയ്യിലേക്കു മാറ്റി.
പെട്ടെന്ന് നീലസാരിയും വെളുത്ത ബ്ലൗസുമിട്ട പരിശുദ്ധ മാതാവിന്റെ രൂപവും ചൂണ്ടുവിരലിന്റെ പകുതി വലിപ്പമുള്ള ഒരു വെള്ളിക്കരണ്ടിയും മനസ്സിൽ തെളിഞ്ഞു.
”ഇതുമാത്രം പഴയ മുറിയാണോ അന്നാമ്മേ?” സ്വാമിനിയമ്മ ഭിത്തിയും തറയോടും മുറിയുടെ വലുപ്പക്കുറവും ശ്രദ്ധിച്ചു.
”അതെ. ആദ്യമുണ്ടായിരുന്ന വീടിന്റെ ഈ ഭാഗം മാത്രം നിലനിർത്തി. ഈ സമുദ്രതാരം പിന്നീടുണ്ടാക്കീതാ. ചിന്നമ്മ ജനിച്ചപ്പോൾ!” അന്നാമ്മ ഓർത്തു.
”സമുദ്രതാരം?” സ്വാമിനിയമ്മയുടെ കണ്ണുകൾ തിളങ്ങി.
”അതെ. അതായിരുന്നു ഈ ഷെവലിയർ ഹൗസിന്റെ ആദ്യത്തെ പേര്!” അന്നാമ്മ ഓർമ്മയുടെ കടവിലെത്തി.
”വീടുപണി തുടങ്ങീത് എനിക്കോർമ്മയുണ്ട്. അരി കിട്ടാത്ത കാലം. എല്ലായിടത്തും സമരങ്ങൾ. സ്കൂളുകൾ പൂട്ടി. അപ്പോൾ ബംഗാളിൽ നക്‌സൽബാരി പ്രസ്ഥാനം പടരുകയാണ്. ജന്മിമാരെയും ജനദ്രോഹികളെയും വിപ്ലവകാരികൾ കൊലചെയ്യുന്നു. ചൈനയിലെ പീപ്പിൾസ് ഡെയിലിയിൽ വന്ന മുഖപ്രസംഗം പീക്കിങ് റേഡിയോ പ്രക്ഷേപണം ചെയ്തു. ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കം!” കൗൺസിലർ ആമിന ബീഗത്തിന്റെ ശബ്ദത്തിനു നേർത്ത വിറയലുണ്ട്. ”ഞാനന്ന് കടമക്കുടീലാ താമസം. പാപ്പു വക്കീലിന് ചെമ്മീൻകെട്ടുള്ള പാടത്തിനും കായലിനും നടുക്കുള്ള തുരുത്തിൽ! എന്തൊരു ഇടീം വെട്ടും കാറ്റുമായിരുന്നു!”
”അക്കാലത്തു ആദ്യമായിട്ടാ കേരളത്തിൽ ഭാഗ്യക്കുറി തുടങ്ങീത്. പാപ്പു വക്കീൽ രണ്ടു ഭാഗ്യക്കുറി ടിക്കെറ്റുമെടുത്തു, ഇരുട്ടിന്റെ ആത്മാവ് സിനിമയും കണ്ട്, വീട്ടിൽ വന്നപ്പോ ദാ കിടക്കണ് രണ്ടു ഭാഗ്യങ്ങൾ! ചിന്നമ്മയും അമേരിക്കേന്ന് സായിപ്പിന്റെ ഓർഡറും!” അന്നാമ്മയുടെ കവിളുകളിൽ നാണം.
”ഞാനും അന്നാമ്മയും ഒരേ പ്രായക്കാരാ! ഒരേ ക്ലാസിൽ പഠിച്ചു.” ആമിനയുടെ ശബ്ദത്തിൽ യൗവ്വനത്തിന്റെ മണികിലുക്കം.
”ഹൈസ്‌കൂൾ എത്തിയപ്പോഴാ ആമിന വേറെ ഡിവിഷൻ ആയത്. നിനക്കിപ്പോ എഴുപത്തെട്ടായിക്കാണും, അല്ലേ?” അന്നാമ്മയുടെ കലണ്ടർ മനഃപാഠമാണ്.
”ഉവ്വ്. പാപ്പു വക്കീലിന് അന്ന് മുപ്പത്തിയൊന്നു വയസ്സേ കാണൂ. ചെമ്മീൻകെട്ടും പീലിങ്ങും കൊച്ചീല് ഫ്രീസിങ് പ്ലാന്റും അമേരിക്കൻ കപ്പലും വീടുപണീം! വക്കീലാപ്പീസന്നു എക്‌സ്‌പോർട്ടിങ്ങ് ആപ്പീസുകൂടിയാ! കൊച്ചിക്കാർക്ക് ഭാഗ്യമുദിച്ച കാലം!” ആമിന മുഖത്തുകിടന്ന പർദ്ദ ഉയർത്തിവെച്ചു.
”മൂന്നു വർഷങ്ങൾകൊണ്ട് ഈ വീടിന്റെ പണിതീർത്തു വെഞ്ചെരിപ്പ് നടത്തി. ഈ വീട്ടിലാണ് പൗലോച്ചൻ പിറന്നത്. അപ്പോഴേക്കും ഇന്ത്യാ പാകിസ്ഥാൻ യുദ്ധവുമായി!… പാപ്പു വക്കീൽ എക്‌സ്‌പോർട്ടും നിർത്തി.” അന്നാമ്മ ഒറ്റശ്വാസത്തിൽ കഥ അവസാനിപ്പിച്ചു.
”സമുദ്രതാരം!. പേരുകൊള്ളാം, ചെമ്മീൻകെട്ടും കപ്പലുമെന്തോന്നാ?” സ്വാമിനിയമ്മ രുദ്രാക്ഷമാല തടവി.
അന്നാമ്മയുടെ മനസ്സിൽ പഴയ കപ്പൽ സൈറൺ പരന്നുവന്നു…. മഞ്ഞനിറത്തിലുള്ള ഗന്ധകം നിറച്ച വലിയ കേവ് വള്ളങ്ങൾ വരിവരിയായി കടലിൽ നിന്നും കപ്പൽച്ചാലിലൂടെ കെട്ടിവലിച്ചു കായലിലേക്ക് കൊണ്ടുവരുന്ന ബോട്ട് തെളിഞ്ഞുവന്നു…. മൈവർണ്ണചെപ്പിൽ മോതിരവിരൽമുക്കി മിഴിയെഴുതുന്ന പകലുകൾ വന്നു… കരിചികുരത്തിന്റെ ചുരുൾക്കെട്ടിനുള്ളിൽ കല ചൂടുന്ന രാത്രികൾ വന്നു…. കായലിന്റെ വെള്ളിക്കരയുള്ള പാവാടയിൽ വള്ളിയഴിക്കുന്ന കാറ്റ് വന്നു… മഴവെയിലത്തു കടൽച്ചൂര് മണക്കാൻ പൊങ്ങുന്ന ചെമ്മീനിനെ കാണാൻ ദേശാടനകൊക്കുകൾ വന്നു…. കപ്പലുകളുടെ കൊട്ടാരങ്ങൾ കാത്തുകിടക്കുന്ന തുറമുഖത്തേക്ക് പായ നിവർത്തിയ വള്ളങ്ങൾ ചെമ്മീനുമായി വന്നു….
കാലവർഷത്തിനുമുൻപ് പൊക്കാളിപ്പാടത്തു കൊയ്ത്ത് നടക്കും. വേലിയേറ്റത്തിൽ അഴിമുഖത്തു നിന്നും കായലിലേക്കും തുരുത്തുകൾക്കിടയിലെ ചതുപ്പുകളിലേക്കും കടൽവെള്ളം കയറും. ഉപ്പുവെള്ളത്തിലും വളരുന്ന പൊക്കാളി നെൽച്ചെടിയിൽ കതിരിന് സ്വർണവർണമാകുമ്പോൾ കൊയ്ത്തുകാലമായി. കതിര് മാത്രം മുറിച്ചെടുക്കും. കറ്റ വെള്ളത്തിൽത്തന്നെ നിർത്തും. വേലിയേറ്റത്തിൽ മീനുകൾ പാടങ്ങളിലെത്തും. ചെമ്മീനുമുണ്ടാകും. അതോടെ വരമ്പുകൾ പൂട്ടും. പാടങ്ങളിൽ ചെമ്മീൻകെട്ടിന് തുടക്കമായി. കറ്റ ചീഞ്ഞു ചെമ്മീൻകുഞ്ഞുങ്ങൾക്കു തീറ്റയാകും. ഞണ്ടുകളും വളരും. താറാവിൻകൂട്ടങ്ങൾ വെള്ളത്തെ ഇളക്കിമറിച്ചു ഇരതേടും. താറാവിന്റെ കാഷ്ഠവും മീനിന് തീറ്റയാണ്. കൊക്കും വാത്തയും തെങ്ങുകളിൽ കൂടും. ജൂൺ മുതൽ നവംബർ വരെ പകലും രാത്രിയും കാവലാണ്. പാപ്പുവക്കീലുമൊന്നിച്ചു പലതവണ വള്ളത്തിൽ പോയിട്ടുണ്ട്. കൂടെ ചിലപ്പോൾ ആമിനയും കാണും. സ്‌കൂൾ ടീച്ചർമാരായ ചിലരും ചെമ്മീൻക്കെട്ടു കാണാൻ വരും. വരമ്പിലെ ഓലപ്പുരയിൽ മീനും കപ്പയും കള്ളും കിട്ടും. പാപ്പു വക്കീൽ വക്കീലാപ്പീസിൽ പോകാറേയില്ല. പാടം നോക്കുന്നത് ലോനപ്പനാണ്. കറുത്തുമെലിഞ്ഞ ലോനപ്പന്റെ എപ്പോഴുമുള്ള വേഷം അരയിൽ ഒരു തോർത്തും തലയിലൊരു കെട്ടുമാണ്. പണികഴിഞ്ഞാൽ ചീട്ടുകളി. എട്ടുപേരൊന്നിച്ചാണ് ഉശിരൻ ചീട്ടുകളി. തുറുപ്പു ഗുലാനെ വെട്ടുന്ന ഗുലാൻമാരുണ്ട്. തെറിവിളിയും കേൾക്കാം. ചെമ്മീൻകൂട്ടം വളരുമ്പോഴേക്ക് പാടത്തു വെള്ളം വറ്റും. പിന്നെ ചെമ്മീൻ കോരലാണ്.
പണ്ട് കൊച്ചിയിൽ ഫ്രീസിങ് പ്ലാന്റുകളും ഐസ് ഫാക്ടറിയും ഇല്ലായിരുന്നു. വൈദ്യുതിയും ചരക്കുവാഹനവും ഇല്ലായിരുന്നു. സതേൺ ഫിഷറീസ് കോർപറേഷന്റെ ഒരു ഫ്രീസിങ് പ്ലാന്റ് ഡീസൽയന്ത്രം കൊണ്ടാണ് പ്രവർത്തിച്ചത്. അത് കാണാൻ പാപ്പു വക്കീൽ പോയിട്ടുണ്ട്. അന്ന് അമേരിക്കക്കാർക്ക് മൈനസ് നാൽപ്പതു ഡിഗ്രി ഫാരൻ ഹീറ്റിൽ തണുപ്പിച്ചു കട്ടയാക്കിയ പച്ചക്കൊഞ്ച് വേണം. കപ്പലിൽ കൊണ്ടുപോകാൻ…!
മെല്ലെ ഒന്നൊന്നായി ഫ്രീസിങ് പ്ലാന്റുകളും ഐസ് ഫാക്ടറികളും കൊച്ചിയിൽ വന്നു. ചെമ്മീൻ പീലുചെയ്തു വൃത്തിയാക്കി ഐസിലിട്ടു പെട്ടിയിലാക്കി ഹാർബറിൽ എത്തിക്കാൻ തുടങ്ങി…
ഒരു ദിവസം തോപ്പുംപടിയിലെ മണി ചെയ്ഞ്ചുകാരൻ പൊറിഞ്ചു പറഞ്ഞു, ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുകയാണ്, ഡോളറിന്റെ നിരക്ക് കൂടുകയാണ്, എക്‌സ്‌പോർട്ട് തുടങ്ങിക്കോന്ന്!.
പൊറിഞ്ചു പല കേസുകളുമായി വക്കീലാപ്പീസിൽ സ്ഥിരം വരുമായിരുന്നു. പിൽക്കാലത്താണ് പങ്കാളിത്തത്തോടെ ഫ്രീസിങ് പ്ലാന്റ് തുടങ്ങിയത്. ആ പൊറിഞ്ചുവിന്റെ മകളാണ് മറിയം. കൊച്ചൗസേപ്പിന്റെ കെട്ടിയവൾ!
പാപ്പു വക്കീലും താനുമായുള്ള കല്യാണം നടക്കുമ്പോൾ ഒരു ഡോളറിനു നാല് രൂപ എഴുപത്തിയഞ്ച് പൈസ. ചിന്നമ്മ ജനിച്ചപ്പോൾ ഏഴു രൂപ അമ്പതു പൈസ. മൂന്നു വർഷം കൊണ്ട് ഏതാണ്ട് ഇരട്ടിപ്പണം!
പാപ്പു വക്കീലിന് പരിചയമുള്ള അമേരിക്കക്കാരൻ ഏജൻറ് പേട്രൺ -ക്ലയന്റ് ഉടമ്പടി ഉണ്ടാക്കി. ലെറ്റർ ഓഫ് ക്രെഡിറ്റ് കാണിച്ചാൽ ബാങ്കുകൾ ഇടക്കാല വായ്പ്പ തരും. മാത്രമല്ല ക്ലയന്റായ അമേരിക്കൻ കമ്പനി ഏജൻറ് അറുപതു ശതമാനം വരെ മുൻകൂർ തുകയും തരും!.
പാപ്പു വക്കീൽ ഉത്സാഹിച്ചു പണി തുടങ്ങി. മറ്റു ചെമ്മീൻക്കെട്ടുകാരിൽ നിന്നും കൂടുതൽ ചെമ്മീനെടുത്തു. പീലിംഗ് ഷെഡ്ഡുകൾ പലതായി. ഐസിലിട്ട പച്ചക്കൊഞ്ചിന്റെ പായവള്ളങ്ങൾ തുറമുഖത്തേക്ക് പാഞ്ഞു. ചെമ്മീന് മുൻപ് കിട്ടിയതിനേക്കാൾ കൂടുതൽ ഇന്ത്യൻ രൂപ!
അപ്പോഴാണ് വീട് പണി തുടങ്ങിയത്. ഗുജറാത്തിക്കാരൻ ഒരു സേട്ടുവാണ് പ്ലാൻ വരച്ചത്. അന്ന് ഒരു റേഡിയോ വാങ്ങി, ഒരു ട്രങ്കു പെട്ടീടെ വലുപ്പമുള്ളത്. ആദ്യം കേട്ട വാർത്ത കൊച്ചി മുൻസിപ്പാലിറ്റി വികസിപ്പിച്ചു കോർപറേഷൻ ആക്കിയെന്നതാണ്. രാത്രിയാവുമ്പോൾ കുളിയും പ്രാർത്ഥനയും അത്താഴവും കഴിഞ്ഞു പെണ്ണുങ്ങളും കൊച്ചുങ്ങളും അടക്കം കുറേപേരെത്തും. കൊച്ചിയിലെ ദാസപ്പന്റെയും ജാനകിയമ്മയുടെയും സുശീലയുടെയും ചലച്ചിത്ര പിന്നണി ഗാനങ്ങൾ കേൾക്കാൻ. വയലാറിന്റെയും ഭാസ്‌കരൻ മാഷിന്റെയുമൊക്കെ വരികൾ മനസ്സിൽ ഇപ്പോഴുമുണ്ട്. രാഘവൻ, ദേവരാജൻ, ബാബുരാജ് -ഹൊ, മനസ്സിൽ പതിയുന്ന സംഗീതം!
പാപ്പു വക്കീലിന്റെ ചെമ്മീൻക്കെട്ടും എക്‌സ്‌പോർട്ടും തുമ്പയിൽ നിന്ന് വിട്ട രോഹിണി റോക്കറ്റ് പോലെ കുതിച്ചുയർന്ന കഥ നിർത്തി അന്നാമ്മ എന്തോ ആലോചിച്ചു. എന്തെങ്കിലും വിട്ടുപോകുന്നുണ്ടോ എന്ന് സംശയം.
സ്വാമിനിയമ്മയുടെയും ആമിന ബീഗത്തിന്റെയും കണ്ണുകൾ അന്നാമ്മയുടെ കണ്ണടയിൽ തടഞ്ഞുനിന്നു.
അന്നാമ്മ തുടർന്നു.
ചിന്നമ്മയ്ക്കു രണ്ട് വയസ്സായപ്പോൾ മത്തായി വന്നു. വീണ്ടും രണ്ടു വർഷം കഴിഞ്ഞപ്പോൾ പൗലോച്ചനും വന്നു. അപ്പോഴാണ് പാലുകാച്ചു നടന്നത്. സുറിയാനിക്കാരാണെങ്കിലും ലാറ്റിൻ വരാപ്പുഴ ആർച്ചു ബിഷപ് ജോസഫ് കേളന്തറ തിരുമേനിയാണ് വീട് വെഞ്ചെരിച്ചത്. പാപ്പു വക്കീൽ ആദ്യം ഉദ്ദേശിച്ച പേര് വില്ലാർവട്ടം പാലസ് എന്നായിരുന്നു. അത് മാറ്റി ബത്‌ലഹേം എന്നാക്കി. യേശു പിറന്നത് കാലിത്തൊഴുത്തിൽ ആയതുകൊണ്ട് ആ പേര് വിരോധാഭാസം പോലെ പലർക്കും തോന്നി. അപ്പോൾ ആർച്ചു ബിഷപ്പ് ജോസഫ് കേളന്തറ തിരുമേനി തന്നെ ഒരു പേര് നിർദേശിച്ചു.
സ്റ്റാർ ഓഫ് ദി സീ!
സമുദ്രതാരം! പരിശുദ്ധ കന്യകാമറിയത്തിനെ അങ്ങനെയും വിളിക്കാറുണ്ട്.
ആ ഡിസമ്പറിലാണ് ഇന്ത്യ – പാകിസ്ഥാൻ യുദ്ധം! പാക്കിസ്ഥാന്റെ യുദ്ധവിമാനം കൊച്ചിയിൽ ബോംബിടുമെന്നു എല്ലാവരും പേടിച്ചു. രാത്രിയിൽ വെളിച്ചമിടാൻ പാടില്ലായിരുന്നു. കൊച്ചിയിൽ ബ്ലാക്ക് ഔട്ട്. മുറിക്കുള്ളിൽ കൊച്ചുമെഴുതിരി മാത്രം കത്തിക്കാം. ബോംബ് വീണാൽ കൊച്ചിത്തുറമുഖം ആകെ കത്തിച്ചാമ്പലാകും. എല്ലാവരും ഇടപ്പള്ളിയിലെ ഗീവർഗീസ് പുണ്യാളന്റെ മാദ്ധ്യസ്ഥം തേടി. കോഴിയെ നേർച്ച നേർന്നു. ഒരു രാത്രി പാക്കിസ്ഥാന്റെ യുദ്ധവിമാനം ചീറിപ്പാഞ്ഞു വന്നു. ഓ, എന്റെ ഗീവർഗീസ് പുണ്യാളാ! ബോംബുകൾ വീണത് ചെളിയിലായിരുന്നു!
യുദ്ധം വന്നപ്പോഴാണ് പാപ്പു വക്കീൽ ചെമ്മീൻ എക്‌സ്‌പോർട് നിർത്തിയത്. ചെമ്മീൻക്കെട്ടു ലോനപ്പനെ ഏൽപ്പിച്ചു. പിന്നെ വക്കീലാപ്പീസിൽ തന്നെയായി.
അന്നാമ്മ കണ്ണടയെടുത്തു കൺതടം തുടച്ചു.
മുറ്റത്തും പന്തലിലും ഹാളിലുമായി പലരുടെയും ബഹളങ്ങൾ. ആഘോഷ തിമിർപ്പുകൾ.
”ഷെവലിയർ ഹൗസ് എന്ന പേരെങ്ങിനെ വന്നു?” സ്വാമിനിയമ്മ രുദ്രാക്ഷമാലയിൽ തടവിക്കൊണ്ടിരുന്നു.
”അന്നാമ്മയ്ക്ക് എല്ലാം ഓർമ്മയുണ്ട്. കത്രീനേടെ വെള്ളിക്കരണ്ടി കൂടി പറ.” ആമിന ബീഗത്തിന്റെ പല്ലുകൾക്ക് തെളിച്ചം.
”കത്രീന ജനിക്കും മുൻപാണ് പാപ്പു വക്കീലിന് ഫ്രാൻസിൽ നിന്ന് ഷെവലിയർ അവാർഡ് കിട്ടുന്നത്. ഫ്രാൻസിൽ നിന്നും വന്ന ഒരു പഠന സംഘത്തെ സഹായിച്ചത് പാപ്പു വക്കീലാണ്. ആയിടക്കാണ് സെന്റ് തോമസ് അകേമ്പസിന്റെ ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന പുസ്തകത്തിന്റെ വ്യാഖ്യാനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് അച്ചടിച്ച് വരുന്നത്. കുറേക്കഴിഞ്ഞു ഷെവലിയർ അവാർഡ് കിട്ടിയപ്പോൾ കൊച്ചിക്കാർ തന്നെ വിളിക്കാൻ തുടങ്ങി.. അതാണ് ഷെവലിയർ ഹൗസ്.” അന്നാമ്മയുടെ വാക്കുകൾക്ക് വേഗം കൂടി.
”വെള്ളിക്കരണ്ടിയോ?” സ്വാമിനിയമ്മയ്ക്ക് സംശയം ബാക്കി.
”ഓ! അക്കാര്യം ഇന്നും ആരും വിശ്വസിക്കുകയില്ല. മാതാവിന്റെ ഓരോ കാരുണ്യങ്ങൾ!”
അന്നാമ്മയുടെ കണ്ണുകൾ ഭിത്തിയിലെ ചിത്രങ്ങളിലേക്ക് തിരിഞ്ഞു.
കൊച്ചൗസേപ്പിനും മറിയത്തിനും ഗ്രേസ് മോളുണ്ടായ സമയം. ചിന്നമ്മയുടെ കല്യാണവും കഴിഞ്ഞു. ഒരു രാത്രി ഭയങ്കര കാറ്റ്. കറന്റും പോയി. പാപ്പു വക്കീൽ ഒരു കേസിന്റെ കാര്യത്തിന് തിരുവനന്തപുരത്തു പോയിരിക്കുന്നു. കടലിരമ്പം കൂടി വന്നു. നല്ല തണുപ്പും. സ്വപ്‌നത്തിൽ ആരോ വിളിക്കും പോലെ തോന്നി. കണ്ണ് തുറന്നു നോക്കിയപ്പോൾ നീല വെളിച്ചം. വടക്കേ പറമ്പിൽ പ്ലാവിന്റെ ചോട്ടിൽ വരിക്കച്ചക്ക നോക്കിക്കൊണ്ടു ഒരു രൂപം കുടയും പിടിച്ചു നിൽക്കുന്നു. സൂക്ഷിച്ചു നോക്കി. നീലസാരിയുടുത്തു വെളുത്ത ബ്ലൗസുമിട്ടു പരിശുദ്ധ കന്യകാമറിയം! ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങളുള്ള കിരീടം!
കണ്ടപാടെ മാതാവ് ചിരിച്ചു. എന്നിട്ടു പറഞ്ഞു. ”അന്നാമ്മേ ഭയപ്പെടേണ്ടാ. ഷെവലിയർ പാപ്പു വക്കീലിനും നിനക്കും ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഒരു മകളെ പ്രസവിക്കും. അവൾക്കു കാതറീൻ എന്ന് പേരിടണം. അവൾ കീർത്തിയുള്ളവളാകും. നിന്റെ മകൾ വായിൽ വെള്ളിക്കരണ്ടിയുമായിട്ടാവും ജനിക്കുക!” താൻ ആകെ വിറങ്ങലിച്ചു പോയി. മനസ്സ് പറഞ്ഞു. ”മാതാവേ നിന്റെ വാക്കു പോലെ ഭവിക്കട്ടെ.”
മാതാവിനെ അങ്ങനെ സ്വപ്‌നം കണ്ടതെന്തിനാണെന്നു ചോദിച്ചു പാതിരാത്രിയിൽ വന്ന പാപ്പു വക്കീൽ വഴക്ക് പറഞ്ഞു. പക്ഷെ സംഭവം കൃത്യം.
കത്രീന ജനിച്ചപ്പോൾ വായിലൊരു വെള്ളിക്കരണ്ടി! അസാധാരണ സംഭവമെന്ന് കേട്ടവർ പറഞ്ഞു. എവിടെന്നോ മൂന്നു ജ്യോത്സ്യന്മാർ കുഞ്ഞിനെ കാണാനെത്തി. ഉടൻതന്നെ വെള്ളിക്കരണ്ടിയെടുത്തു പാപ്പു വക്കീൽ പൊതിഞ്ഞു വെച്ചു.
സ്വാമിനിയമ്മയുടെയും ആമിനബീഗത്തിന്റെയും കണ്ണുകൾ ചലിക്കുന്നില്ല. നിശ്ചല ശില്പങ്ങളെ പോലെ അവർ അന്നാമ്മയെ നോക്കിയിരുന്നു.
അന്നാമ്മ വലതുകൈയിലെ പച്ചക്കടലാസ്സ് പൊതിയഴിച്ചു. ചെറിയ ചെപ്പിൽ ചൂണ്ടുവിരലിന്റെ പകുതിയോളമുള്ള വെള്ളിക്കരണ്ടി!
പർദ്ദയിട്ട മറ്റു മൂന്നു പേരും കണ്ണിന്റെ ഭാഗം അൽപ്പം വലിച്ചുപിടിച്ചു വെള്ളിക്കരണ്ടി ശ്രദ്ധിച്ചു.
ജനലിനു പുറത്തു ആണുങ്ങളുടെ ചീട്ടുകളിക്കിടയിലെ ബഹളവും പൊട്ടിച്ചിരിയും ഉയർന്നു. ഫാന്റം കുരച്ചു. ഹാളിൽ ബലൂൺ പൊട്ടിയതിന്റെ പൊല്ലാപ്പ്. ശബ്ദമുണ്ടാക്കാതിരിക്കാൻ ത്രേസ്സ്യാമ്മകന്യാസ്ത്രീ പെൺകുട്ടികളിൽ ആരെയോ ശാസിക്കുന്നു. അന്നാമ്മ വെള്ളിക്കരണ്ടി ഭദ്രമായി പൊതിഞ്ഞു ഇടതു കയ്യിലൊതുക്കി.
”എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!”
കന്യാസ്ത്രീ പ്രാർത്ഥനാമുറിയിൽ പ്രവേശിച്ചു കൈകൂപ്പി.
”കണ്ടിട്ടെത്ര നാളായി മോളെ! എന്നെ ഓർമ്മയുണ്ടോ?” ആമിന ബീഗവും കൈകൂപ്പി.
”അനുഗ്രഹമുള്ള വീടാ! എന്നെ മനസ്സിലായോ?” കൈകൂപ്പിയ സ്വാമിനിയമ്മ ചോദിച്ചു.
”അറിയാം. ഞാനൊരു വാർത്ത കേൾക്കുകയായിരുന്നു. അമ്മച്ചിക്കോർമ്മയുണ്ടോ സെലീനയെ? ഇറ്റലിയിലെ നേഴ്‌സ്?” ത്രേസ്സ്യാമ്മകന്യാസ്ത്രീ അന്നാമ്മയോടു അന്വേഷിച്ചു.
”എന്തോ പറ്റി?”
”മരിച്ചുപോയി!”
”അയ്യോ. ഈയ്യിടയ്ക്കു കല്യാണം കഴിഞ്ഞല്ലേയുള്ളൂ?”
”ഒന്നര വർഷം. മൂന്നു മാസം പ്രായമുള്ള കുഞ്ഞുണ്ട്.”
”കൊറോണ വല്ലതുമാണോ മോളെ?”
”അതെ. ആശുപത്രീന്ന് പകർന്നതാ. വാട്‌സാപ്പില് ഒരു ഫോട്ടോ കണ്ടു. ഐസിയുവിൽ മൂടിക്കെട്ടിയ കുഞ്ഞിനെ അമ്മ മാറിൽ കിടത്തിയപ്പോൾ അതുവരെ നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിന്റെ കരച്ചിൽ നിന്നു. കുഞ്ഞു അമ്മയെ നോക്കിച്ചിരിച്ചപ്പോൾ അമ്മയുടെ കണ്ണുകളടഞ്ഞു. സെലീന പോയി.” കന്യാസ്ത്രീ അന്നാമ്മയുടെ അരികിലിരുന്നു.
”ഈശ്വരാ രക്ഷതു!” സ്വാമിനിയമ്മയുടെ മുഖം മങ്ങി. കന്യാസ്ത്രീയെയും ആമിന ബീഗത്തെയും മാറി മാറി നോക്കി. പിന്നെ അന്നാമ്മയുടെ മൗനത്തിൽ കടന്നുകൂടി.
”മനുഷ്യനും മറ്റു ജീവിവർഗ്ഗങ്ങളും ചേർന്ന വിരാട് രൂപമാണ് പ്രകൃതി. അത് എപ്പോഴും പരിശുദ്ധമാണ്. പ്രകൃതി നമ്മെ എന്നും അനുഗ്രഹിക്കാനാണ് ഇച്ഛിക്കുന്നത്. പക്ഷെ മനുഷ്യൻ അവന്റെ സ്വേച്ഛയാൽ പ്രകൃതിയെ മലിനീകരിക്കുന്നു. പരിധിയില്ലാത്ത അത്യാഗ്രഹം. സ്വാർത്ഥത സഹജാവബോധത്തെ ഇല്ലാതാക്കുന്നു. ഭൗതികതയും മതാന്ധതയും ലോകത്തെ കീഴടക്കി. അങ്ങനെ മൂല്യങ്ങൾ താഴുന്നിടത്തോളം നമ്മൾ പ്രകൃതിയെയും നശിപ്പിക്കുന്നു. എന്നിട്ടും ഒരമ്മ കുഞ്ഞിനോടെന്ന പോലെ പ്രകൃതി നിരന്തരം മനുഷ്യനോട് ക്ഷമിക്കുന്നു. പക്ഷേ ഒരു ഘട്ടത്തിൽ പ്രകൃതി നമ്മെ ശിക്ഷിക്കാൻ തീരുമാനിച്ചാൽ…” സ്വാമിനിയമ്മ എല്ലാവരെയും നിരീക്ഷിച്ചു. തൊണ്ടയിടറി. ”പിന്നെ സർവനാശം തന്നെ. മനുഷ്യനു തടുക്കാനാവില്ല. പ്രകൃതി ഭദ്രകാളിയാവും. എല്ലാം സംഹരിച്ച ശേഷം വീണ്ടും പുതിയവ സൃഷ്ടിക്കും. മനുഷ്യൻ തന്നെ ഇവിടെ വേണമെന്നില്ല. എത്രയോ സസ്യജാലങ്ങളും ജീവജാലങ്ങളും ഭൂമിയിൽ ഇല്ലാതായി. ഇവിടെ സഹവർത്തിത്വം ഇല്ലെങ്കിൽ, പരസ്പരം പരിഗണന ഇല്ലെങ്കിൽ മനുഷ്യജാതി അന്യം നിന്നുപോകും.”
”ഈ ദുരന്തത്തിൽ നിന്ന് സമൂഹം രക്ഷപ്പെടണം. അതാണ് എന്റെ പ്രാർത്ഥന!” അന്നാമ്മയുടെ ശബ്ദത്തിൽ നനവ്.
”സമൂഹം രക്ഷപ്പെടണമെങ്കിൽ പുതിയൊരു ചിന്തയുള്ള സമൂഹം ഉണ്ടാകണം. ചെർണോബിൽ ദുരന്തം സോവ്യറ്റ് കമ്മ്യൂണിസം തകർത്തത് പോലെ കൊറോണ പല ഭരണകൂടങ്ങളെയും ബാധിക്കും. ഇതുവരെയുള്ള രാഷ്ട്രീയം മാറും. മനുഷ്യനുവേണ്ടിയുള്ള ഒരു പുതിയ രാഷ്ട്രീയം ഉണ്ടാകും. അത് എല്ലാവിധ വൈവിധ്യങ്ങൾക്കും ഉപരി ഐക്യദാർഢ്യം ഉണ്ടാക്കും മനുഷ്യനിലും ശാസ്ത്രത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തിനുവേണ്ടിയുള്ള ഐക്യദാർഢ്യം!” ആമിനബീഗം ഒന്ന് നിർത്തി.
അന്നാമ്മയും സ്വാമിനിയമ്മയും മുഖത്തോടു മുഖം നോക്കി.
കന്യാസ്ത്രീ വാതിലിലേക്ക് കണ്ണെറിഞ്ഞു ഉറക്കെ പറഞ്ഞു.
”കൊച്ചുങ്ങളേ ഒച്ചയൊന്നു കുറയ്‌ക്കോ? ആരാ അവിടെ കരയുന്നേ? മിമിക്രിയാണോ?”
ആമിന ബീഗം തുടർന്നു. ”ഞാനീയിടെ യൂട്യൂബിൽ ഒരു സിനിമ കണ്ടു. ഭൂമിയിൽ ഉൽക്ക പതിച്ചു ജീവജാലങ്ങളെല്ലാം ചാവുന്നതു ക്വാറന്റൈനിൽ കഴിയുന്ന ഒരാൾ സ്വപ്‌നം കാണുന്നു. കൂടെ ആരുമില്ല. അയാൾ ഞെട്ടിയുണരുമ്പോൾ ടെലിവിഷനിലൂടെ അറിയുകയാണ്, ഒരു വൈറസ് മനുഷ്യരാശിയെ കൊന്നൊടുക്കുന്നത്. അതുവരെ ഭൂമിയിൽ പരസ്പരം യുദ്ധം ചെയ്തും ചൂഷണം ചെയ്തും അവഗണിച്ചും കഴിഞ്ഞിരുന്ന മനുഷ്യർ പെട്ടെന്ന് ഒന്നാവുന്നു. അവർക്കെല്ലാം ഒരാഗ്രഹം. ജീവിച്ചാൽ മതി. പുതിയൊരു രാഷ്ട്രീയവും ഭരണകൂടവും അവർ ചിന്തിക്കുന്നു. ആഗോളതലത്തിൽ ഐക്യദാർഢ്യം. ഒടുവിൽ അയാൾ കാണികളോടായി പറയുന്നു, ദുരന്തം ഉപകാരമായെന്ന്!”
”കൊള്ളാം. നല്ല സിനിമ!’ അന്നാമ്മ അഭിപ്രായപ്പെട്ടു.
അപ്പോഴാണ് മിസ്സിസ് ഡിസൂസ ഒന്നരക്കാലുവെച്ചു മുറിയിലേക്കു വരുന്നത്. എന്തോ പന്തികേടുള്ളത് പോലെ.
അന്നാമ്മ കയ്യിലിരുന്ന വെള്ളിക്കരണ്ടിയുടെ പൊതി മിസ്സിസ് ഡിസൂസയെ ഏൽപ്പിച്ചു.
”മിസ്സീ, ഇത് എന്റെ പഴയ പെട്ടീല് അടിയിലുള്ള മൂന്നാമത്തെ അറേൽ പൂട്ടിവയ്ക്കണം.”
”ഓ.”
”നിനക്കെന്താ ഒരു പരുങ്ങൽ?”
മിസ്സിസ് ഡിസൂസ അരികിലേക്ക് നീങ്ങി അന്നാമ്മയുടെ കാതിൽ മന്ത്രിച്ചു.
”ചിന്നമ്മ തൊഴുത്തിനടുത്തു ഛർദ്ദിക്കാൻ പോയപ്പോൾ ഏലീശ്വാ ചാണകക്കുഴിയിൽ തെന്നിവീണു!”
ജനലിനു പുറത്തുള്ള ഇരുട്ട് പൊട്ടിച്ചിരിച്ചു..
അന്നാമ്മയുടെ ചുണ്ടുകൾ മെല്ലെ വിടരുന്നത് ഭിത്തിയിൽ നിന്നും പരിശുദ്ധ മാതാവ് കാണുന്നുണ്ടായിരുന്നു.
”വാ, നമുക്ക് പ്രാർത്ഥന തുടങ്ങാം. വിശുദ്ധ കുരിശിന്റെ അടയാളത്താലേ…”







