വരുമോ ,നിങ്ങളെന്റെ കൂടെ
പുരാണങ്ങളൊന്നു പകുത്തു നോക്കാൻ
പൗരാണിക സംസ്കാരങ്ങൾ
മഹനീയമെന്നുദ്ഘോഷിക്കിലും
മായാതവിടെ നിർവീര്യമായുറങ്ങുന്ന
സഹനത്തിൻ തീക്കടലുകൾ താണ്ടിയ കഥകളുണ്ട്
നിസ്സഹായതയുടെ നിലവിളികൾ കേൾക്കാതെ
പടവെട്ടി ജയിച്ചവ മുഴക്കുന്ന പോർവിളികളുണ്ട്.
വേദനകളുടെ മരവിപ്പുകളുമായി
വിധിയെ തടുക്കാതലഞ്ഞ
ദുരിത ജന്മങ്ങളുമേറെയുണ്ട്.
കണ്ണുനീർ മുത്തടർന്നു വിലാപങ്ങളിയൊഴുകിയ
ചെന്തീക്കനലെരിയും സങ്കടക്കെട്ടുകാഴ്ചകളുണ്ട്
വിരേതിഹാസങ്ങളുടെ നിത്യവിസ്മയഗാഥകളിന്നും
പാടിത്തുടരുന്ന അനീതിയുടെ,ചതിയുടെ
വെറുപ്പിന്റെ ,ജാതിപ്പകയുടെ കോമരങ്ങളാടി
തിമിർത്തലറുന്നുണ്ട്.
സീതയും,ദ്രൗപദിയുമഹല്യയും
മാത്രമല്ലെത്രയോ നാരീജന്മങ്ങൾ
ഇരുളിന്റെ തമോഗർത്തങ്ങളിൽ
ഇരുണ്ട നക്ഷത്രങ്ങളായെരിഞ്ഞു പോയി.
പേരധികം പരിചിതരല്ലാത്തെത്രയോ രാജകന്യകമാർ ശാപവഹ്‌നിയെ
ഭയാഗ്നിയായ് നെഞ്ചിലേറ്റി
വൃദ്ധതാപസരെ വരിച്ചു.
സ്നേഹസത്തു നുകരാതെ
വിധിയുടെ തീക്കടലുകളിൽ ജന്മമൊടുക്കി.
പഴങ്കഥകളുടെ ബാക്കിപത്രങ്ങളായി
ചരിത്ര വേഗത്തിന്നകമ്പൊരുളിൽ
തീക്കടലുകളിന്നുമലറുന്നു.
അനന്തനീലിമകളിൽ വേപഥുക്കളിഴഞ്ഞ് നീളുന്നു.











