LIMA WORLD LIBRARY

ചിറകടികൾ!. – യുദ്ധ വിരുദ്ധ കവിത – ജയൻ വർഗീസ്.

( ആണവായുധ ഭീഷണിയുടെ അനിശ്ചിതത്വത്തിന്നടിയിൽ ആയുസ്സിന്റെ അരനാഴിക നേരം തള്ളി നീക്കുന്നആധുനിക മനുഷ്യന്, അതിരുകൾ തിരിക്കപ്പെട്ട ഭൂമിയിലെ രാഷ്ട്രീയ ( ഉദാഹരണം : റഷ്യൻ – യുക്രയിൻ ) നേതാക്കളുടെ ധാർഷ്ട്യത്തിന്റെ കാൽചുവടുകളിൽ സ്വന്തം ജീവിതം പോലും അടിയറവു വയ്‌ക്കേണ്ടി വരുന്നദയനീയ സാഹചര്യങ്ങളിൽ വിശ്വ മാനവികതയുടെ ചതഞ്ഞരയുന്ന സ്വപ്നങ്ങളുടെ ചിറകടികൾ.! )

ഉത്തുംഗ വിന്ധ്യ ഹിമവൽ സാനുക്കളെ,

അത്യഗാധങ്ങളാ, മാഴിക്കുടങ്ങളേ,

സുപ്രഭാതങ്ങൾ വിടർത്തും നഭസ്സിന്റെ –

യത്യത്ഭുതങ്ങളെ, ചന്ദ്ര താരങ്ങളേ,

ഇത്തിരിപ്പൂവായ്,യിവിടെയീ ഭൂമി തൻ

മുറ്റത്തു നിന്ന് ചിരിക്കുമീ മാനവ –

വർഗ്ഗത്തിനായി ഞാൻ മാപ്പു ചോദിക്കട്ടെ,

ഹൃദ് മിഴിനീരാൽ കഴുകട്ടെ കാലുകൾ !

നിത്യവും സൂര്യനുദിക്കാതിരുന്നില്ല,

കൃത്യമാ, യെത്താതിരുന്നില്ല രാവുകൾ.

തെറ്റിയും, മുല്ലയും പൂക്കുന്ന കാവുകൾ –

ക്കിക്കിളി യേകാതീരുന്നില്ല കാറ്റുകൾ?

എന്റെ വർഗ്ഗത്തിനായെന്തെന്തു ചാരുത

മന്ദസ്മിതങ്ങൾക്കു ചാർത്തി നീ വിശ്വമേ !

തിന്നും,കുടിച്ചു, മിണചേർന്നും നാളെയെ

പൊന്നിൻ കിനാവിന്റെ തൊട്ടിലി, ലാട്ടിയും,

ജന്മാന്തരങ്ങൾ കൊഴിച്ചിട്ട തൂവലിൽ

‘ വല്യ’ സംസ്‌കാരത്തിൻ കോട്ടകൾ കെട്ടിയും,

രണ്ടായിരത്തിൻ പടികൾ കടന്നുവ –

ന്നിന്നിന്റെ നെഞ്ചിൽ പതുങ്ങിക്കിടക്കവേ,

ഞെട്ടുന്നു, നമ്മൾ നടുങ്ങുന്നു കേവലം

വട്ടനായ് തീരുന്നു മാനവൻ ഭൂമിയിൽ!

ഹൃത്തടം പൊട്ടുന്നു, വേദന യാണവ 

യശ്വമേധങ്ങൾ കുതിക്കുന്നു ചുറ്റിലും?

മെക്സിക്കൻ ഊഷര ഭൂമിയിലാദ്യമായ്

കെട്ടഴിഞ്ഞീ നവ  രാക്ഷസനിന്നലെ,

ജപ്പാന്റെ മാറ് പിളർന്നു ചുടു ചോര –

യിറ്റിക്കുടിച്ചു മദിച്ചു രസിച്ചിവൻ?

ബ്രിട്ടനിൽ, റഷ്യയിൽ, ഫ്രെഞ്ചിൽ, ജനതതി

മുട്ടിയുരുമ്മി പുലരുന്ന ചൈനയിൽ,

എത്തിപ്പോയ് ! ദംഷ്ട്രങ്ങളിൽ ചുടുചോര ത –

ന്നുഗ്രത, പൊഖ്‌റാനിൽ, ബുദ്ധന്റെ ഭൂമിയിൽ ?

എന്തിനായ് നമ്മൾ പരസ്പരം ചോര തൻ

ഗന്ധം മണത്തു നശിക്കുന്നു നാടുകൾ?

എന്തിനു സോദരർ തമ്മിൽ തലകീറി

കൊന്നു മുന്നേറാൻ കൊതിക്കുന്നു മാനവർ ?

ആരും ജയിക്കാത്ത പന്തയക്കളിയുടെ

പേരാണ് ‘ യുദ്ധ ‘ മെന്നറിയുവാൻ നമ്മുടെ

‘ഗീത’ യിലില്ലയോ ബോധനം? വേദങ്ങൾ

പാടി നടക്കുന്നതീ സത്യമല്ലയോ?

മാനവൻ ! ഭൂമിതൻ ധന്യത, ദൈവത്തിൻ

സ്നേഹം കടഞ്ഞ യമൃതിന്റെ തുള്ളികൾ !

തോളോട് തോൾ ചേർന്ന് നാളെയെ നന്മയി –

ലൂതിയുരുക്കി യുണർത്തേണ്ട സോദരർ !

ഏതോ പ്രലോഭന നീതി ശാസ്ത്രങ്ങൾ ത –

ന്നൂരാക്കുടുക്കിൽ അകപ്പെട്ടു പോയി നാം.

ആരുടെ നെഞ്ചും പിളർന്നതിനുള്ളിലെ

ചോരയിൽ മുങ്ങിക്കുളിക്കുന്നു ജീവിതം ?

രത്ന ഗർഭങ്ങൾ വഹിക്കുമീ ഭൂമിയിൽ

കുത്തി നിറച്ച ചെകുത്താന്റെ വാളുകൾ,

ദൂരെയെറിഞ്ഞു തിരുത്തുക, മാനവ –

സ്നേഹികൾ, നമ്മുടെ കോരിത്തരിപ്പുകൾ !!

ഉത്തുംഗ വിന്ധ്യ ഹിമവൽ സാനുക്കളേ,

അത്യഗാധങ്ങളാ, മാഴിക്കുടങ്ങളേ,

സുപ്രഭാതങ്ങൾ വിടർത്തും നഭസ്സിന്റെ –

യത്യത്ഭുതങ്ങളെ, ചന്ദ്ര താരങ്ങളേ,

ഇത്തിരിപ്പൂവായ്, യിവിടെയീ ഭൂമി തൻ

മുറ്റത്തു നിന്ന് ചിരിക്കുമീ മാനവ –

വർഗ്ഗത്തിനായി ഞാൻ മാപ്പു ചോദിക്കട്ടെ !

ഹൃദ് മിഴിനീരാൽ കഴുകട്ടെ കാലുകൾ !!

* ‘  സൂര്യജന്മം ‘ കവിതാ സമാഹാരത്തിൽ നിന്ന്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px