LIMA WORLD LIBRARY

‘ഷി’ കാലത്ത് 50 ലക്ഷം അഴിമതി പരിശോധന; 2 ലക്ഷത്തിലേറെ പാർട്ടി ഭാരവാഹികൾ ശിക്ഷകൾക്ക് വിധേയരായി

ബെയ്ജിങ് ∙ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ‘അഴിമതി പരിശോധന’യ്ക്ക് വിധേയരാക്കിയത് 50 ലക്ഷം പാർട്ടി അംഗങ്ങളെ. ഇതിൽ 553 പേർക്ക് എതിരെ ക്രിമിനൽ കേസെടുത്തു. ഈ കാലയളവിൽ 2 ലക്ഷത്തിലേറെ പാർട്ടി ഭാരവാഹികൾ പല തരത്തിലുള്ള ശിക്ഷകൾക്ക് വിധേയരായതായും പാർട്ടി കോൺഗ്രസ് സ്ഥലത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അച്ചടക്ക, പരിശോധന കമ്മിറ്റിയുടെ ഡപ്യൂട്ടി സെക്രട്ടറി ഷിയാവോ പെയ് വ്യക്തമാക്കി. 9.6 കോടി അംഗങ്ങളാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്.

കഴിഞ്ഞ ദശകത്തിൽ അഴിമതി വൻതോതിൽ കുറയ്ക്കാൻ കഴിഞ്ഞതായും ഷിയാവോ പെയ് പറഞ്ഞു. കൈക്കൂലി വാങ്ങുക, സ്ഥാപനങ്ങൾ വിൽക്കുക തുടങ്ങിയ അഴിമതികളാണ് ഏറെയും. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 80,000 പാർട്ടി അംഗങ്ങളെങ്കിലും പിഴവുകൾ ഏറ്റുപറഞ്ഞു.

പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവിയിൽ പരമാവധി 10 വർഷം എന്ന പാർട്ടി നിയമം ഭേദഗതി ചെയ്ത് അധികാരത്തിൽ തുടരാൻ ശ്രമിക്കുന്ന ഷി ചിൻപിങ് അഴിമതി വിരുദ്ധ പ്രതിഛായ ആണ് തുറുപ്പുചീട്ടാക്കുന്നത്.

ഷി ചിൻപിങ് ഭരണാധികാരിയായ ശേഷം അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരുന്നു. ജനപ്രീതി നേടുക, അതേസമയം എതിരാളികളെ വെട്ടിനിരത്തുക എന്നിങ്ങനെ ‘ഒരുവെടിക്ക് രണ്ടുപക്ഷി’ നയമാണ് ഷിയുടേത്. അടുത്തിടെ കൈക്കൂലി കേസിൽ പിടികൂടിയ 2 മന്ത്രിമാർക്ക് കോടതി വധശിക്ഷയാണ് വിധിച്ചത്. പാർട്ടി നടത്തുന്ന അന്വേഷണവും തുടർന്ന് പുറത്താക്കലും കഴിയുമ്പോഴാണ് കേസെടുക്കുന്നത്.

അതേസമയം, അടുത്ത 5 വർഷം നിർണായകമാണെന്നാണ് പാർട്ടി കോൺഗ്രസ് പ്രതിനിധികളെ അഭിസംബോധന ചെയ്യവെ ഷി പറഞ്ഞു. സ്വയംപര്യാപ്തതയിലൂടെ സാങ്കേതികവിദ്യയുടെ ലോകത്ത് ‘യുദ്ധം ജയിക്കണം’ എന്നും ഷി ആഹ്വാനം ചെയ്തു.

English Summary: 50 lakh corruption examinations during Xi Jinping’s term

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px