കീവ് ∙ യുക്രെയ്നിന്റെ തലസ്ഥാന നഗരമായ കീവിൽ റഷ്യ കനത്ത ആക്രമണം നടത്തി. ഇറാൻ നിർമിത ചാവേർ ഡ്രോണുകൾ ഉപയോഗിച്ച് രാവിലെ നടത്തിയ ആക്രമണം ജനങ്ങളെ പരിഭ്രാന്തരാക്കി. 4 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. കഴിഞ്ഞ ദിവസം റഷ്യൻ അതിർത്തി നഗരമായ ബെൽഗൊറോദിൽ യുക്രെയ്ൻ ഷെല്ലാക്രമണം നടത്തിയിരുന്നു.
തെക്കൻ യുക്രെയ്നിലെ മൈക്കലേവ് നഗരത്തിലെ സൂര്യകാന്തി എണ്ണ സംഭരണശാലയ്ക്ക് റഷ്യൻ ആക്രമണത്തിൽ കേടുപറ്റി. സാപൊറീഷ്യ ആണവനിലയത്തിനു സമീപവും ഷെല്ലാക്രമണമുണ്ടായി. നിലയത്തിലേക്കുള്ള വൈദ്യുതിബന്ധം വീണ്ടും തടസ്സപ്പെട്ടു. നിലയത്തിലെ ശീതീകരണ സംവിധാനം ഡീസൽ ജനറേറ്ററിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞയാഴ്ച 2 തവണ നിലയത്തിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ഡിനിപ്രോപെട്രോവ്സ്കിലെ വൈദ്യുതിവിതരണ കേന്ദ്രത്തിൽ മിസൈൽ പതിച്ച് തീപിടിത്തമുണ്ടായി. കിഴക്കൻ യുക്രെയ്നിലെ സൊളേദർ, ബഖ്മുത് നഗരങ്ങളിലും പോരാട്ടം രൂക്ഷമാണ്.
ഇതേസമയം, വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് റഷ്യൻ സേന മോസ്കോയിൽ വീട്ടുതടങ്കലിലാക്കിയിരുന്ന പ്രമുഖ മാധ്യമപ്രവർത്തക മറീന ഒവ്യസാനിക്കോവ രക്ഷപ്പെട്ട് ഒരു യൂറോപ്യൻ രാജ്യത്ത് അഭയം തേടിയതായി അവരുടെ അഭിഭാഷകൻ അറിയിച്ചു.
English Summary: Russian attack in Ukraine













